Thu. Apr 18th, 2024

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദനം; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

By admin Aug 6, 2021 #police
Keralanewz.com

തിരുവനന്തപുരം: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ എത്തിയ യുവാക്കളാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറെ ആക്രമിച്ചത്. അടിപിടി കേസില്‍ ചികിത്സ തേടിയെത്തിയ രണ്ടംഗ സംഘമാണ് അക്രമത്തിന് പിന്നില്‍.

രണ്ട് ദിവസം മുന്‍പ് ഉണ്ടായ മുറിവ് രാത്രി 12 ന് വീണ്ടും ചികിത്സിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം ആശുപത്രിയില്‍ എത്തിയത്. മറ്റ് രോഗികളുണ്ടായിരുന്നതിന്നാല്‍ വരി നില്‍ക്കാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ചികിത്സ വൈകിയെന്ന് ആരോപിച്ച്‌ ഡോക്ടറെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.
അക്രമണം തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരനെയും ഇവര്‍ മര്‍ദിച്ചു. ഇരുവരെയും ക്രൂരമായാണ് മര്‍ദ്ദിച്ചത്. അക്രമികള്‍ കൈപിടിച്ചു തിരിച്ചെന്നും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചെന്നും നിലത്തിട്ട് ചവിട്ടിയെന്നും ഡോക്ടറുടെ പരാതിയിലുണ്ട്.

തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ആശുപത്രിയില്‍ ജീവനക്കാര്‍ ഒപി ബഹിഷ്കരിച്ചു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഫോര്‍ട്ട് എസ് ഐ ഇക്കാര്യം നേരിട്ട് വന്ന് പ്രതിഷേധക്കാരെ അറിയിച്ചു. തുടര്‍ന്ന് ഡിഎംഒ എത്തി ചര്‍ച്ച നടത്തതോടെ ഓ പി ബഹിഷ്കരണം പിന്‍വലിച്ചു. മൂന്ന് ദിവസത്തിനിടെ തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നത് ഇത് രണ്ടാമത്തെ സംഭവമാണ്.

പാറശാലയില്‍ രോഗികളുടെ ബന്ധുക്കള്‍ ഡോക്ടറെയും സെക്യൂരിറ്റിയെയും മര്‍ദ്ദിച്ചിരുന്നു. തീര്‍ത്തും അപലപനീയമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നും സംഭവത്തില്‍ കര്‍ശനനടപടി വേണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കെജിഎംഒഎയുടെ തീരുമാനം.

ഡോക്ടര്‍മാര്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്ന സംഭവങ്ങളില്‍ പ്രതിഷേധവുമായി ഐഎംഎ രംഗത്തെത്തി. ആശുപത്രിയിലെ അതിക്രമങ്ങള്‍ തുടരുകയാണെന്നും, അത്യാഹിത വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെടുന്നുവെന്നും ഇങ്ങനെ പോയാല്‍ ആരെങ്കിലും കൊല്ലപ്പെട്ടേക്കാമെന്നും ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതിനെതിരെ നിയമനിര്‍മ്മാണ ശക്തമാക്കണമെന്നും പൊതുജനങ്ങള്‍ അതിശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ അദ്ദേഹം പങ്കിടുകയും ചെയ്തു.

Facebook Comments Box

By admin

Related Post