Thu. Apr 25th, 2024

തിരഞ്ഞെടുപ്പില്‍ ബിജെപിയെ എപ്പോഴും ജയിപ്പിക്കുന്നത് മൂന്ന് കാര്യങ്ങളാണ്, കോണ്‍ഗ്രസ് തിരിച്ചറിയാത്ത രഹസ്യം

By admin Dec 11, 2023
Keralanewz.com


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട അ‍‍ഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച്‌ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി കണ്ണഞ്ചിക്കുന്ന വിജയം കൈവരിച്ചു.

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും വ്യക്തമായ ഭൂരിപക്ഷത്തോടെ അവര്‍ മന്ത്രിസഭ രൂപീകരിക്കുകയാണ്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. അവിടെ ബി.ആര്‍.എസ് ആയിരുന്നു പ്രധാന എതിരാളി; ബി.ജെ.പി ഒരു ശക്തിയേ അല്ലതാനും.

2013ല്‍, യു.പി.എ സര്‍ക്കാരിന്റെ അവസാന വര്‍ഷം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഡല്‍ഹിയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അമ്ബേ തകര്‍ന്നടിഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മറ്റ് മൂന്നിടത്തും അവര്‍ അധികാരം പിടിച്ചെടുത്തു. 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വിധി അതോടെ നിര്‍ണയിക്കപ്പെട്ടു. കാവി തരംഗം ആഞ്ഞടിച്ചു. ബി.ജെ.പി ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയുമായി.

2018-ല്‍ രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. പക്ഷേ ആറു മാസത്തിനകം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കാൻ അവര്‍ക്കു കഴിഞ്ഞില്ല. കാവിതരംഗം രാജ്യത്തെ വീണ്ടും കീഴടക്കി. നരേന്ദ്ര മോദി കൂടിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ എല്ലാ സീറ്റിലും ബി.ജെ.പിയാണ് ജയിച്ചത്. മദ്ധ്യപ്രദേശില്‍ ഒന്നും ഛത്തീസ്ഗഡില്‍ രണ്ടും സീറ്റേ അവര്‍ക്ക് നഷ്ടപ്പെട്ടുള്ളൂ. ആ നിലയ്ക്ക് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളും നിര്‍ണായകമായ ചൂണ്ടുപലകയാണ്. അടുത്ത ഏപ്രില്‍- മേയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗംഗാസമതലം എങ്ങനെ വിധിയെഴുതുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ഹൃദയഭൂമിയുടെ രാഷ്ട്രീയരേഖ
1950കള്‍ മുതല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ് രാജസ്ഥാനും ഛത്തീസ്ഗഡും കൂടി ഉള്‍പ്പെട്ടെ അന്നത്തെ മദ്ധ്യപ്രദേശ്. ഹിമാചല്‍പ്രദേശും ഡല്‍ഹിയുമായിരുന്നു മറ്റു രണ്ട് പ്രദേശങ്ങള്‍. ഗുജറാത്തിലേക്കും യു.പിയിലേക്കും മറ്റും ഹിന്ദുത്വം പടര്‍ന്നുകയറിയത് പിന്നെയും പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന, മറ്റു കക്ഷികള്‍ക്ക് പ്രത്യേകിച്ച്‌ പ്രസക്തിയൊന്നും ഇല്ലാത്ത സംസ്ഥാനങ്ങളാണ് രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്ഗഡും.

കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി ജയിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ച സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. ഭരണം നിലനിറുത്തുമെന്ന് കരുതിയ ഇടമാണ് ഛത്തീസ്ഗഡ്. അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളും അങ്ങനെതന്നെ പ്രവചിച്ചു. പക്ഷേ അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും നരേന്ദ്രമോദി നയിച്ച ഹൈ വോള്‍ട്ടേജ് പ്രചാരണവും അവയെ തകിടംമറിച്ചു. രാജസ്ഥാനും ഛത്തീസ്ഗഡും ബി.ജെ.പി തിരിച്ചുപിടിച്ചു. മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ മദ്ധ്യപ്രദേശ് നിലനിറുത്തി.

ജാതിയും ഉപജാതിയും മുൻനിറുത്തി വിജയസാദ്ധ്യത മാത്രം പരിഗണിച്ച്‌ നടത്തിയ സ്ഥാനാര്‍ത്ഥിനിര്‍ണയം, ആര്‍.എസ്.എസിന്റെ ശക്തമായ സംഘടനാ സംവിധാനം, വ്യവസായികളുടെയും മറ്റ് മൂലധന ശക്തികളുടെയും നിര്‍ലോപമായ സാമ്ബത്തിക പിന്തുണ ഇവയൊക്കെ ബി.ജെ.പിക്ക് ഗുണകരമായി.

കോണ്‍ഗ്രസിനെ തോല്‍പിച്ചത്…

അമിതമായ ആത്മവിശ്വാസവും കളങ്കിതരായ നേതാക്കളുടെ ബാഹുല്യവും തൊഴുത്തില്‍കുത്തുമാണ് കോണ്‍ഗ്രസിന്റെ കഥകഴിച്ചത്. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മില്‍ നടന്ന മൂപ്പിളമ തര്‍ക്കം അവസാന നിമിഷത്തില്‍ പോലും പരിഹരിക്കാൻ കഴിഞ്ഞില്ല. മദ്ധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ തീരെ പരിഗണിക്കാഞ്ഞതും വിനയായി. കോണ്‍ഗ്രസ് ജയിച്ചാല്‍ ജാതിസെൻസസ് നടപ്പാക്കുമെന്ന രാഹുല്‍ഗാന്ധിയുടെ വാഗ്ദാനവും ഏശിയില്ല. ഹമാസിന്റെ ആക്രമണത്തിന് പ്രിയങ്കാഗാന്ധി നല്കിയ പിന്തുണ വിപരീതഫലം ഉളവാക്കി. സനാതന ധര്‍മ്മത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമര്‍ശങ്ങളും കാസര്‍കോട്ട് ഹമാസ് പോരാളികളെ അനുകൂലിച്ച്‌ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പ്രസംഗവുമൊക്കെ ബി.ജെ.പിക്കാര്‍ സമര്‍ത്ഥമായി ഉപയോഗിച്ചു. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കിയത് മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് ഗുണകരമായി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം ചെയ്ത മണ്ഡലങ്ങളിലൊക്കെ താമരതന്നെ വിരിഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കവേ മൂന്നു സംസ്ഥാനങ്ങളിലെ വമ്ബിച്ച വിജയം ബി.ജെ.പിക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. നരേന്ദ്രമോദി അജയ്യനാണെന്ന് എതിരാളികള്‍ പോലും രഹസ്യമായി സമ്മതിക്കുന്നു. ദേശീയ വികാരവും ഹിന്ദുത്വവും വികസന മുദ്രാവാക്യവും സമാസമം ചേര്‍ത്ത ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് തന്ത്രം ഉത്തരേന്ത്യയില്‍ ഉത്തരോത്തരം വിജയിക്കുന്നതായാണ് കാണുന്നത്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയായി വളരുമെന്ന അവകാശവാദം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സമീപകാലത്തുണ്ടായ കുതിച്ചുകയറ്റം, ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍, തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട്, പാര്‍ലമെന്റില്‍ സ്ഥാപിച്ച ചെങ്കോല്‍, രാമക്ഷേത്ര നിര്‍മാണം എന്നിവയൊക്കെ ഇവയുടെ ദൃഷ്ടാന്തങ്ങളാണ്.

കാലാവസ്ഥ മാറുമ്ബോള്‍

ആര്‍.എസ്.എസിന്റെ പ്രചാരണ സംവിധാനവും മൂലധനശക്തികളുടെ അകമഴിഞ്ഞ പിന്തുണയും കൂടിയാവുമ്ബോള്‍ ചിത്രം വ്യക്തമാകും. ശിരോമണി അകാലിദള്‍, ബഹുജൻ സമാജ് പാര്‍ട്ടി, തെലുങ്കുദേശം, ബി.ആര്‍.എസ്, അണ്ണാ ഡി.എം.കെ, ജനതാദള്‍ (എസ് )തുടങ്ങിയ പ്രാദേശിക കക്ഷികളെക്കൂടി ദേശീയ ജനാധിപത്യ സഖ്യത്തില്‍ കൊണ്ടുവരാൻ ഇപ്പോഴത്തെ വിജയം ബി.ജെ.പിയെ സഹായിക്കും. മറുവശത്ത് ആശയക്കുഴപ്പവും അങ്കലാപ്പും വ്യക്തമണ്. മൂന്നു സംസ്ഥാനങ്ങളിലും നേരിട്ട അപ്രതീക്ഷിത പരാജയം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കെടുത്തിയിരിക്കുന്നു. രാഹുല്‍-പ്രിയങ്ക ടീമിന്റെ നേതൃപാടവത്തെയും കെ.സി.വേണുഗോപാല്‍, രണ്‍ദീപ്‌സിംഗ് സുര്‍ജേവാല എന്നിവരുടെ ആസൂത്രണ വൈഭവത്തെയും കുറിച്ച്‌ ആര്‍ക്കും മതിപ്പില്ല. മല്ലികാര്‍ജുൻ ഖാര്‍ഗെ, അശോക് ഗെഹ്‌ലോട്ട്, കമല്‍നാഥ് മുതലായ ഓടിത്തളര്‍ന്ന കുതിരകള്‍ പോരാ നരേന്ദ്രമോദിയെ നേരിടാനെന്ന വികാരവും ശക്തമാണ്.

‘ഇന്ത്യ” മുന്നണിയിലും അസ്വാരസ്യം പുകയുകയാണ്. നിധീഷ് കുമാറും മമതാബാനര്‍ജിയും അഖിലേഷ് യാദവും പിണറായി വിജയനും തങ്ങളുടെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുകഴിഞ്ഞു. ആശയപരമായ ഐക്യവും കെട്ടുറപ്പുമില്ലാതെ പ്രതിപക്ഷ മുന്നണിക്ക് എത്രദൂരം പോകാൻ കഴിയുമെന്നതും സംശയാസ്പദമാണ്. മഹാദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ 2024-ലും ചെങ്കോട്ടയില്‍ കാവിക്കൊടിതന്നെ പാറും.

Facebook Comments Box

By admin

Related Post