Fri. Apr 19th, 2024

ഗവർണർക്കെതിരെയുള്ള എസ്എഫ്ഐയുടെ സമരം കാപട്യം നിറഞ്ഞത്. ഗവർണറും മുഖ്യമന്ത്രിയും ഒരേ തൂവൽ പക്ഷികൾ. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിൽ ഇരുവർക്കും തുല്യ പങ്ക്.

Keralanewz.com

തിരുവനന്തപുരം: ചാൻസിലർ എന്ന തന്റെ പദവി ഉപയോഗിച്ച് കേരള സർവകലാശാല സെനറ്റിലേക്ക് നാല് ബിജെപി അനുകൂല വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഗവർണർക്കെതിരെ എസ്എഫ്ഐയുടെ സമരം നടന്നുവരുന്നത്. അർഹതയുള്ള വിദ്യാർത്ഥികളെ ഒഴിവാക്കി ബിജെപിയുടെ പാർട്ടി ഓഫീസിൽ നിന്നും നൽകിയ ലിസ്റ്റ് ഗവർണർ അംഗീകരിക്കുകയായിരുന്നു എന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഗവർണറെ വഴി തടയുകയും അതിനെതിരെ ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങി എസ്എഫ്ഐക്കാരെ വെല്ലുവിളിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. അതിനിടയിൽ ഏതാനും ഇടതുപക്ഷ വിദ്യാർത്ഥികൾ ഗവർണർ ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. എസ്എഫ്ഐ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്.സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്കാണ് സ്റ്റേ.യോഗ്യതയുള്ള വിദ്യാര്‍ഥികളെ അവഗണിച്ചാണ് ഗവര്‍ണര്‍ മറ്റ് വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗൽഭരിൽ നിന്നും വരേണ്ട കേരള യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റിലേക്കും സേനറ്റിലേക്കും സർക്കാർ നിയോഗിച്ചവരിൽ എസ്എഫ്ഐക്കാരും ഡിവൈഎഫ്ഐക്കാരുമായിരുന്നു. ഉന്നത വിദ്യാഭ്യാസം മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ വ്യക്തികളെ മാറ്റിനിർത്തിയാണ് എസ്എഫ്ഐക്കാരനായ ഷിജുഖാനേയും ഡിവൈഎഫ്ഐക്കാരനായ മുരളീധരൻ പിള്ളയെയും രാജേഷിനെയും സർക്കാർ നിയമിച്ചത്. അക്കാദമിക മേഖലയിൽ യാതൊരു പ്രവർത്തി പരിചയവുമില്ലാത്ത അൻപതിലധികം ക്രിമിനൽ കേസുകളിൽ പ്രതികളുമായ ഇത്തരം എസ്എഫ്ഐ – ഡിവൈഎഫ്ഐക്കാരെ ഉന്നതവിദ്യാഭ്യാസ പ്രഗൽഭർ എന്ന പേരിൽ സർക്കാർ നിയോഗിച്ചതും, ബിജെപി അനുകൂല വിദ്യാർത്ഥികളെ ഗവർണർ നിയമിച്ചതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. സർക്കാരും ഗവർണറും സ്വജന പക്ഷപാതമാണ് കാട്ടുന്നത്. അതുകൊണ്ടുതന്നെ ഗവർണറുടെ നടപടിയെ വിമർശിക്കുവാൻ എസ്എഫ്ഐക്കാർക്കോ സർക്കാരിന് നടപടിയെ വിമർശിക്കുവാൻ ഗവർണർക്കോ ധാർമികമായി കഴിയുകയില്ല. ഇരു കൂട്ടരുടെയും പ്രവർത്തികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുവാൻ മാത്രമേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രഗൽഭർ എന്ന പേരിൽ സർക്കാർ നിയോഗിച്ച എസ്എഫ്ഐ – ഡിവൈഎഫ്ഐക്കാരെ സർക്കാരും ഗവർണർ നിയമിച്ച ബിജെപിക്കാരെ ഗവർണറും സ്വമനസാലെ പിൻവലിച്ചു കൊണ്ട് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം മേഖലയെ തകർക്കുന്ന പ്രവണത അവസാനിപ്പിക്കുകയാണ് വേണ്ടത്.

Facebook Comments Box

By admin

Related Post