Thu. Mar 28th, 2024

നവകേരള സദസ്സ് ഇന്ന് തലസ്ഥാനത്തേക്ക് കയറും ; വന്‍ പ്രതിഷേധ പരിപാടികള്‍ പദ്ധതിയിട്ട് കോണ്‍ഗ്രസ്

By admin Dec 20, 2023
Keralanewz.com

തിരുവനന്തപുരം: നവകേരളാ സദസ്സിന്റെ കൊല്ലം ജില്ലയിലെ പരിപാടി ഇന്നവസാനിക്കും. വൈകിട്ടോടെ സംഘം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

നവകേരളാ സദസ്സ് തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നതോടെ വന്‍ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തും.

നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച്‌ കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസും മുഖ്യമന്ത്രിയുടെ ഗണ്‍മാനും സിപിഎമ്മും ചേര്‍ന്ന് ആക്രമിക്കുന്നതിനെതിരെയാണ് സമരം. സംസ്ഥാനത്തുടനീളമുള്ള അഞ്ചുലക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്‌ 564 സ്റ്റേഷനുകളിലേക്ക് മാര്‍ച്ച്‌ നടത്താനാണ് ഉന്നമിട്ടിരിക്കുന്നത്.

ഇരവിപുരം മണ്ഡലത്തിലാണ് നവകേരള സദസ്സിന്റെ ഇന്നതെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചാത്തന്നൂരും നടക്കുന്ന പരിപാടികള്‍ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആറരയ്ക്ക് വര്‍ക്കലയില്‍ ആണ് തിരുവനന്തപുരത്തെ ആദ്യ പരിപാടി. നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.

നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ യുവ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍ മാന്‍ അനില്‍ കല്ലിയൂരിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് സ്റ്റാഫ് സന്ദീപിന്റെ വീട്ടിലേക്കും മാര്‍ച്ച്‌ നടത്തിയിരുന്നു. അതേസമയം വീടിന് നേരത്തെ തന്നെ വന്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ്സ് സമാപിക്കുന്ന 23ന് ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച്‌ കെപിസിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്. യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതയ്ക്കുന്നതിനെതിരേ നടത്തുന്ന അഭിപ്രായ പ്രകടനം പോലെ നടപടികള്‍ ശക്തമല്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് വന്‍ പ്രതിഷേധം കെപിസിസി പ്രഖ്യാപിച്ചത്.

Facebook Comments Box

By admin

Related Post