Wed. Apr 24th, 2024

നെല്ല്‌ സംഭരണം: കേന്ദ്രവിഹിതം വര്‍ധിച്ചാലും കര്‍ഷകന്‌ ഫലമില്ല

By admin Dec 20, 2023
Keralanewz.com

പാലക്കാട്‌ : നെല്ല്‌ സംഭരണ വിലയില്‍ കേന്ദ്രം വരുത്തുന്ന വര്‍ധന കര്‍ഷകനപ്പുറം നേട്ടമാകുന്നത്‌ സംസ്‌ഥാന സര്‍ക്കാരിന്‌.

കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രം വര്‍ധിപ്പിച്ച തുക സംസ്‌ഥാന വിഹിതത്തില്‍ വെട്ടിക്കുറച്ചതുകാരണം കര്‍ഷകനു കിട്ടുന്ന സംഭരണ വിലയില്‍ മാറ്റമില്ല. നിലവില്‍ നെല്ല്‌ സംഭരിക്കുന്നത്‌ കിലോയ്‌ക്ക്‌ 28.20 രൂപ നിരക്കിലാണ്‌. ഇതില്‍ 21.83 രൂപ കേന്ദ്രവിഹിതവും 6.37 രൂപ സംസ്‌ഥാന വിഹിതവുമാണ്‌.
ഉത്‌പാദനച്ചെലവ്‌ വര്‍ധിക്കുന്നതിനാല്‍ സംഭരണ വിലയില്‍ വര്‍ഷംതോറും കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ വര്‍ധന വരുത്തുന്നതു പതിവായിരുന്നു. എന്നാല്‍, 2016-17 വര്‍ഷത്തില്‍ സംഭരണ വില 22.50 രൂപയായപ്പോള്‍ 40 പൈസയുടെ വര്‍ധന വരുത്തി സംസ്‌ഥാന വിഹിതം 7.80 ആക്കിയത്‌ മാറ്റമില്ലാതെ രണ്ടുവര്‍ഷംകൂടി തുടര്‍ന്നു. അക്കാലയളവില്‍ കേന്ദ്ര വിഹിതം 15.50, 17.50 എന്നിങ്ങനെ വര്‍ധിച്ചതിനാല്‍ സംഭരണ വില യഥാക്രമം 23.30, 25.30 എന്നിങ്ങനെ ഉയര്‍ന്നു.
മൂന്നുവര്‍ഷത്തിനുശേഷം സംസ്‌ഥാന വിഹിതത്തില്‍ ഒരുരൂപയുടെ വര്‍ധന വരുത്തി 8.80 ആക്കിയത്‌ 2019-20 ലാണ്‌. പിറ്റേ വര്‍ഷവും സംസ്‌ഥാനം അതേ വിഹിതമാണ്‌ നല്‍കിയത്‌. വര്‍ഷംതോറും കേന്ദ്ര വര്‍ധന വന്നതിനാല്‍ 2019-20, 2020-21 വര്‍ഷങ്ങളില്‍ 26.95, 27.48 എന്നിങ്ങനെ കര്‍ഷകര്‍ക്ക്‌ ലഭിച്ചു. 2020-21 വര്‍ഷത്തിലെ കേന്ദ്രവിഹിതം 18.68 രൂപയില്‍നിന്നും 2021-22 ല്‍ 19.40 രൂപയായി ഉയര്‍ത്തിയപ്പോള്‍ സംസ്‌ഥാന വിഹിതത്തില്‍ 20 പൈസയുടെ കുറവ്‌ വരുത്തി. 8.80 ഉണ്ടായിരുന്നത്‌ 8.60 ആയി കുറഞ്ഞു.
2022-23 ല്‍ കേന്ദ്രം ഒരുരൂപ വര്‍ധിപ്പിച്ച്‌ 20.40 ആക്കിയപ്പോള്‍ സംസ്‌ഥാന വിഹിതം 8.60 രൂപയില്‍നിന്നും 7.80 രൂപയിലേക്ക്‌ താഴ്‌ന്നു. സംസ്‌ഥാന വിഹിതത്തില്‍ 80 പൈസയുടെ കുറവ്‌ വന്നതിനാല്‍ കേന്ദ്രം വര്‍ധിപ്പിച്ച ഒരുരൂപയില്‍ വെറും 20 പൈസയുടെ വര്‍ധന മാത്രമാണ്‌ കര്‍ഷകന്‌ ലഭിച്ചത്‌.
സംഭരണ വില 28.20 രൂപയില്‍ നില്‍ക്കെ ഇത്തവണ കേന്ദ്രം 1.43 രൂപയുടെ വര്‍ധന വരുത്തിയെങ്കിലും സംസ്‌ഥാന വിഹിതത്തില്‍ തത്തുല്യമായ തുക കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക്‌ കിട്ടേണ്ട തുകയില്‍ മാറ്റം വന്നില്ലെന്ന്‌ ദേശീയ കര്‍ഷക സമാജം ജനറല്‍ സെക്രട്ടറി മുതലാംതോട്‌ മണി പറഞ്ഞു.
വര്‍ഷം തോറും ഉത്‌പാദന ചെലവ്‌ കൂടി വരുന്ന സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ ഈ നിലപാട്‌ നെല്‍കര്‍ഷകരെ പിന്നോട്ടടിക്കുമെന്ന്‌ കര്‍ഷകമോര്‍ച്ച സംസ്‌ഥാന പ്രസിഡന്റ്‌ ഷാജി രാഘവന്‍ പറഞ്ഞു.
ഇന്ത്യയില്‍ നെല്ല്‌ ഉത്‌പാദന ചെലവ്‌ ഏറ്റവും കൂടുതലുള്ളത്‌ കേരളത്തിലാണെന്ന്‌ ദേശീയ കര്‍ഷക സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട്‌ പ്രഭാകരന്‍ ചൂണ്ടിക്കാട്ടി. ഏക്കറിന്‌ 40,000 രൂപവരെയാണ്‌ ചെലവ്‌. അഞ്ച്‌ ഏക്കര്‍ നെല്‍കൃഷിയുള്ള കര്‍ഷകന്‌ മാസം 7000 മുതല്‍ 8000 രൂപവരെയാണ്‌ ശരാശരി വരുമാനമെന്നും തൊഴിലാളികള്‍ക്ക്‌ ഇതിനേക്കാള്‍ കൂലി ലഭിക്കുമെന്നും പ്രഭാകരന്‍ പറഞ്ഞു.

എന്‍. രമേഷ്‌

Facebook Comments Box

By admin

Related Post