Thu. Apr 25th, 2024

അണികളോടു സി.പി.എം. മാറ്റിവച്ച സദസിനു മാറ്റുകൂട്ടണം, പ്രസംഗം കഴിയുംവരെ പിരിയരുത്‌

By admin Dec 20, 2023
Keralanewz.com

കൊച്ചി: എറണാകുളത്ത്‌ അടുത്ത മാസം ഒന്ന്‌, രണ്ട്‌ തീയതികളിലായി നാലു മണ്ഡലങ്ങളില്‍ നടത്തുന്ന നവകേരള സദസിലേക്കു പൂര്‍ണ ശ്രദ്ധതിരിക്കാന്‍ അണികള്‍ക്കു സി.പി.എം.

നിര്‍ദ്ദേശം. ഇപ്പോള്‍ നടന്നുവരുന്ന നവകേരള സദസ്‌ 23നു തിരുവനന്തപുരത്തു പൂര്‍ത്തിയാകുകയാണ്‌. ഈ നവകേരള സദസിന്റെ നടത്തിപ്പിലും പങ്കാളിത്തത്തിലും സംഭവിച്ച എല്ലാ പോരായ്‌മകളും നികത്തുംവിധമായിരിക്കണം എറണാകുളം ജില്ലയില്‍ ശേഷിക്കുന്ന സദസുകളുടെ സംഘാടനമെന്നാണു നല്‍കിയിരിക്കുന്ന നിര്‍ദേശം.
സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനായിരുന്നു എറണാകുളം ജില്ലയിലെ പിറവം, തൃക്കാക്കര, കുന്നത്തുനാട്‌, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ നവകേരള സദസ്‌ മാറ്റവച്ചത്‌.
സദസ്‌ തിരുവനന്തപുരത്തു സമാപിക്കുമ്ബോള്‍ 136 നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള അനുഭവങ്ങള്‍ സി.പി.എം. ക്രോഡീകരിക്കും. ശേഷിക്കുന്ന നാലു മണ്ഡലങ്ങളില്‍ സദസ്‌ നടത്തുന്നതിനിടെ ഒരാഴ്‌ച വിശകലനത്തിനു സമയം കിട്ടും. ഇവിടങ്ങളില്‍ സമ്ബൂര്‍ണമായ പാര്‍ട്ടി പങ്കാളിത്തം ഉറപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം. എറണാകുളം ജില്ലാ സെക്രേട്ടറിയറ്റ്‌ യോഗം ഇതു സംബന്ധിച്ച്‌ ഏരിയാ തലത്തിലേക്കു നിര്‍ദേശങ്ങള്‍ നല്‍കി.
ഇനി നവകേരള സദസ്‌ നടത്താനുള്ള നാലു മണ്ഡലങ്ങളില്‍ കുന്നത്തുനാട്‌ ഒഴികെ മൂന്നും യു.ഡി.എഫിന്റേതാണ്‌. കുന്നത്തുനാട്‌ മണ്ഡലത്തിലാകട്ടെ സി.പി.എം, ട്വന്റി20യുമായി പോരാട്ടത്തിലുമാണ്‌.
ഒരുവട്ടം സദസിനുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷം പരിപാടി റദ്ദാക്കപ്പെട്ടതിന്റെ നിരാശ പ്രവര്‍ത്തകരില്‍ പ്രകടമാണ്‌. ഷെഡ്യൂള്‍ മാറിയതിനാല്‍ പ്രവര്‍ത്തകര്‍ക്ക്‌ ആലസ്യം സംഭവിച്ചിട്ടുണ്ട്‌. ഇടത്‌ എം.എല്‍.എമാരില്ലാത്ത മണ്ഡലങ്ങളായതിനാല്‍ മൂന്നിടത്തും പോഷക സംഘടനകളുടെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറക്കണമെന്നു സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ പ്രസംഗവേളയില്‍ ആളൊഴിഞ്ഞ കസേരകള്‍ പാടില്ല, പ്രസംഗം കഴിയും വരെ ആരും പിരിഞ്ഞുപോകരുത്‌ എന്നിവയാണു മറ്റു നിര്‍ദ്ദേശങ്ങള്‍. പുതുവര്‍ഷാഘോഷ പിറ്റേന്നും തൊട്ടടുത്ത ദിവസവും നവകേരള സദസ്‌ നടക്കുന്നതിനാല്‍ സര്‍ക്കാര്‍-പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ സാന്നിധ്യവും ഉറപ്പാക്കേണ്ടതുണ്ട്‌. ഓരോ മണ്ഡലത്തിലെയും ബൂത്ത്‌ കമ്മിറ്റികള്‍ക്കാണു ചുമതല.
സംസ്‌ഥാനത്തെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നായ പിറവം, നിയമസഭാ വിജയത്തിന്റെ പേരില്‍ യു.ഡി.എഫുമായി നിയമയുദ്ധം നടക്കുന്ന തൃപ്പൂണിത്തുറ, കലക്‌ട്രേറ്റ്‌ ഉള്‍പ്പെടുന്ന പ്രസ്‌റ്റീജ്‌ മണ്ഡലമായി ഇരുമുന്നണിയും കരുതുന്ന തൃക്കാക്കര എന്നിവിടങ്ങളില്‍ നടക്കുന്ന നവകേരള സദസിനു വന്‍ പ്രാധാന്യമാണ്‌ സി.പി.എം. നല്‍കുന്നത്‌. അതിനിടെ, തൃപ്പൂണിത്തുറ മണ്ഡലത്തിനു കീഴിലുള്ള മരട്‌ നഗരസഭാ സെക്രട്ടറി നവകേരള സദസിനായി ഫണ്ട്‌ പിരിച്ചതു വിവാദമായിരിക്കുകയാണ്‌. യു.ഡി.എഫ്‌. ഭരിക്കുന്ന മരട്‌ നഗരസഭയിലെ ചെയര്‍മാന്‍ സെക്രട്ടറിയോടു വിശദീകരണം തേടിയിട്ടുണ്ട്‌.

രാജു പോള്‍

Facebook Comments Box

By admin

Related Post