Thu. Apr 25th, 2024

മെഡിക്കല്‍ കോളജുകളില്‍ പുതിയ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കിയെന്ന് വീണ ജോര്‍ജ്

By admin Dec 23, 2023
Keralanewz.com

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 270 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.

സംസ്ഥാനത്ത് ആദ്യമായി ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍, മെഡിക്കല്‍ ജനറ്റിക്‌സ്, ജറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായും തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഈ വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള തസ്തികകള്‍ സൃഷ്ടിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കാനായി മാറ്റുന്നതിന്റെ ഭാഗമായി വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂര്‍ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂര്‍ 31, കാസര്‍ഗോഡ് 1 എന്നിങ്ങനെ മെഡിക്കല്‍ കോളേജുകളിലും അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിങ് സെന്ററില്‍ (ATELC) 3 അധ്യാപക തസ്തികകളും കോന്നി 1, ഇടുക്കി 1, അറ്റെല്‍ക് 6 എന്നിങ്ങനെ അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.

തിരുവനന്തപുരം, കൊല്ലം, കോന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മഞ്ചേരി, കോഴിക്കോട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി 42 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായുള്ള തസ്തികകള്‍ സൃഷ്ടിച്ചു.

Facebook Comments Box

By admin

Related Post