Sat. Apr 20th, 2024

സ്‌റ്റണ്ട്‌ മാസ്‌റ്റര്‍ ജോളി ബാസ്‌റ്റിന്‍ അന്തരിച്ചു

By admin Dec 28, 2023
Keralanewz.com

ആലപ്പുഴ: പ്രമുഖ സ്‌റ്റണ്ട്‌ മാസ്‌റ്ററും നടനുമായ ജോളി ബാസ്‌റ്റിന്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ 26 നു രാത്രിയിലായിരുന്നു അന്ത്യം.

ഭാര്യ ലൗലിയുടെ പുന്നപ്രയിലെ അരശികടവില്‍ വീട്ടില്‍ ക്രിസ്‌മസ്‌ ആഘോഷത്തിനെത്തിയതായിരുന്നു ജോളിയും കുടുംബവും. 26 നു രാവിലെ വയറുവേദനയെത്തുടര്‍ന്നാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
കൊച്ചി സ്വദേശി ജോണ്‍ ബാസ്‌റ്റിന്റെയും ആലപ്പുഴ സ്വദേശി സിന്‍ഡ്രലയുടെയും മകനായ ജോളി പതിനേഴാം വയസില്‍ കന്നട സിനിമയില്‍ നായകന്റെ ഡ്യൂപ്പായാണ്‌ അരങ്ങേറുന്നത്‌. പിന്നീട്‌ പ്രശസ്‌ത സ്‌റ്റണ്ട്‌ സംവിധായകന്‍ ത്യാഗരാജന്റെ ശിഷ്യനായി. തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഘട്ടന സംവിധായകനായി മാറിയ ജോളി 900 സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. കന്നട, തമിഴ്‌, തെലുങ്ക്‌, മലയാളം ഭാഷകളില്‍ 400 ലേറെ സിനിമകളില്‍ സ്വതന്ത്ര സ്‌റ്റണ്ട്‌ ഡയറക്‌ടറായി പ്രവര്‍ത്തിച്ചു. മമ്മൂട്ടി ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡാണ്‌ മലയാളത്തില്‍ ഒടുവില്‍ പ്രവര്‍ത്തിച്ച ചിത്രം. ബട്ടര്‍ഫ്‌ളൈസ്‌, ജോണി വാക്കര്‍, കമ്മട്ടിപ്പാടം, അങ്കമാലി ഡയറീസ്‌, ഓപ്പറേഷന്‍ ജാവ, ന്നാ താന്‍ കേസ്‌ കൊട്‌ തുടങ്ങിയവയാണ്‌ ജോളിയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. സൈലന്‍സ്‌ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായും അഭിനയിച്ചു. കന്നട, തമിഴ്‌ ഭാഷകളില്‍ രണ്ട്‌ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌.
സംസ്‌കാരം നാളെ വൈകിട്ട്‌ നാലിനു ബംഗളൂരു ബസവനഗര്‍ സെന്റ്‌ മേരീസ്‌ പള്ളിയില്‍. മക്കള്‍: ചലച്ചിത്ര താരം അമിത്‌, നിധി ജൂലിയറ്റ്‌. മരുമകന്‍: ബിനോ വര്‍ഗീസ്‌.

Facebook Comments Box

By admin

Related Post