Thu. Mar 28th, 2024

തൊഴിലുറപ്പ് വേതനം ഇനി മുതല്‍ ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ ;കേന്ദ്രത്തിന്റെ വിവാദ തീരുമാനം പ്രാബല്യത്തില്‍ ആയി .

By admin Jan 2, 2024 #bjp #news
Keralanewz.com

ന്യൂഡൽഹി: പുതുവത്സര ദിനത്തില്‍ തൊഴിലുറപ്പ് വേതനം ആധാര്‍ അധിഷ്ഠിത സംവിധാനത്തിലൂടെ നല്‍കുന്ന എബിപിഎസ് സംവിധാനം പ്രാബല്യത്തില്‍ വന്നു.

അഞ്ചുതവണ ഗ്രാമ വികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് തൊഴിലാളി വിരുദ്ധം എന്ന വിമര്‍ശനത്തെ തുടര്‍ന്ന്നീട്ടി വെച്ചിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഈ തീരുമാനം നിലവില്‍ വരുന്നതോടെ തൊഴിലാളിയുടെ ആധാര്‍ നമ്പര്‍ സാമ്പത്തിക വിലാസമായി ഉപയോഗിക്കപ്പെടും. തൊഴിലുറപ്പ് തൊഴിലാളിക്ക് വേതനം ലഭ്യമാകണമെങ്കില്‍ തൊഴിലുറപ്പ് കാര്‍ഡില്‍ ആധാര്‍ വിവരം സീഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി യോജിപ്പിക്കുകയും നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ആധാര്‍ മാപ്പ് ചെയ്യുകയും വേണം.

ഗ്രാമ വികസന മന്ത്രാലയം നല്‍കുന്ന കണക്കനുസരിച്ച്‌ കഴിഞ്ഞ ഡിസംബര്‍ 27 വരെ തൊഴില്‍ കാര്‍ഡ് ഉള്ള തൊഴിലാളികളില്‍ 34.8% പേരും എബിപിഎസ് സംവിധാനത്തിന് പുറത്താണ്. തൊഴിലുറപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 25.25 കോടി തൊഴിലാളികളില്‍ 14.35 കോടി തൊഴിലാളികളും സജീവ തൊഴിലാളികളാണ്.

കേന്ദ്രസര്‍ക്കാറിന്റെ എബിപിഎസ് സംവിധാനം നടപ്പാക്കണം എന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിക്കാത്ത കോടിക്കണക്കിന് തൊഴില്‍ കാര്‍ഡുകള്‍ വിവരങ്ങളിലെ പൊരുത്തക്കേട്, തൊഴില്‍ സന്നദ്ധതയില്ലാത്ത തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാറുകള്‍ റദ്ദാക്കി എന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്.

കഴിഞ്ഞ 21 മാസത്തിനുള്ളില്‍ 7.6 കോടി തൊഴിലാളികളെ പദ്ധതിക്ക് പുറത്താക്കി എന്നാണ് അക്കാദമിക വിദഗ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ ലിബ് ടെക് ഇന്ത്യയുടെ കണക്ക്.

Facebook Comments Box

By admin

Related Post