Thu. Apr 25th, 2024

സജിയുടെ വിവാദ നിഘണ്ടു നീളുന്നു , ദത്ത്‌, സാധനം, കുന്തം, കുടച്ചക്രം, വീഞ്ഞ്‌, കേക്ക്‌…

By admin Jan 3, 2024
Keralanewz.com

ആലപ്പുഴ: വിവാദപ്രസ്‌താവന, ന്യായീകരണം, ഒടുവില്‍ ക്ഷമാപണം! മന്ത്രിയായശേഷം സജി ചെറിയാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌ ഏറെയും ഇങ്ങനെ.

ഏറ്റവുമൊടുവില്‍ ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശമാണു പിന്‍വലിച്ച്‌ തലയൂരിയത്‌.
പല വിവാദങ്ങളിലും സി.പി.എം. നേതൃത്വം കൈയൊഴിഞ്ഞതോടെയാണു സജി ഖേദപ്രകടനത്തിനു തയാറായത്‌. എം.എല്‍.എ. മാത്രമായിരിക്കേ 2018-ലെ മഹാപ്രളയത്തില്‍ ചെങ്ങന്നൂരിലെ പതിനായിരങ്ങള്‍ മരിക്കുമെന്നു പറഞ്ഞ്‌ സജി വിലപിച്ചതു പാര്‍ട്ടി നേതൃത്വത്തിന്റെ അപ്രീതിക്കിടയാക്കി. “ഞങ്ങള്‍ക്കൊരു ഹെലികോപ്‌ടര്‍ താ, ഞാന്‍ കാലുപിടിച്ചു പറയാം. എന്റെ നാട്ടുകാര്‍ മരിച്ചുപോകും. പതിനായിരങ്ങള്‍ മരിച്ചുപോകും. എയര്‍ ലിഫ്‌റ്റിങ്ങല്ലാതെ വഴിയില്ല. രാഷ്‌ട്രീയ ഇടപെടല്‍കൊണ്ട്‌ മത്സ്യബന്ധനവള്ളങ്ങള്‍ കൊണ്ടുവന്ന്‌ ഞങ്ങളാവുന്നതു ചെയ്യുകയാണ്‌…എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്‌. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്‌. പ്ലീസ്‌…” എന്നായിരുന്നു പ്രളയകാലത്ത്‌ സജിയുടെ സഹായാഭ്യര്‍ഥന. ഇതോടെ ഇടതുസര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു വിമര്‍ശനങ്ങളുയര്‍ന്നു.
മന്ത്രിയായശേഷം സജിയുടെ നാവിനു കടിഞ്ഞാണില്ലാതെയായി. പൊതുപരിപാടിയില്‍ രാജ്യത്തിന്റെ ഭരണഘടനയെ “കുന്തവും കുടച്ചക്രവും” എന്ന പ്രയോഗങ്ങളിലൂടെ അപഹസിച്ചതു മന്ത്രിസ്‌ഥാനം തെറിക്കാന്‍ കാരണമായി. നിയമയുദ്ധത്തിനൊടുവില്‍ മന്ത്രിസ്‌ഥാനം തിരിച്ചുകിട്ടിയെങ്കിലും വിവാദങ്ങളില്‍നിന്നു പാഠം പഠിച്ചില്ല.
സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിനെതിരായ പരാമര്‍ശങ്ങളും വിവാദമായിരുന്നു. “സ്‌ത്രീകളിലൂടെയായിരിക്കും കോണ്‍ഗ്രസിന്റെ അന്ത്യമെന്നും എവിടുന്നു കിട്ടി ഈ സാധനത്തിനെ” എന്നുമായിരുന്നു സജിയുടെ വാമൊഴിവഴക്കം. യു.ഡി.എഫ്‌. കാലത്ത്‌ സരിത പറഞ്ഞതുപോലൊരു കഥയാണ്‌ ഇപ്പോള്‍ സ്വപ്‌ന പറയുന്നതെന്ന പരാമര്‍ശം പാര്‍ട്ടിയെ ഏറെ വലച്ചു.
സില്‍വര്‍ലൈന്‍ വിഷയമാണു സജിയെ പരിഹാസ്യനാക്കിയ മറ്റൊരു വിവാദം. കെ-റെയില്‍ പാതയ്‌ക്കിരുവശവും ഒരു മീറ്റര്‍ പോലും ബഫര്‍ സോണില്ലെന്നും താന്‍ ഡി.പി.ആര്‍. മുഴുവന്‍ വായിച്ചതാണെന്നുമാണ്‌ അദ്ദേഹം അവകാശപ്പെട്ടത്‌. എന്നാല്‍, കെ-റെയില്‍ എം.ഡിയും സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണനും ബഫര്‍ സോണ്‍ ഉണ്ടെന്നു വ്യക്‌തമാക്കിയതോടെ സജിക്കു തിരുത്തേണ്ടിവന്നു. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണു ശരിയെന്നും തനിക്ക്‌ തെറ്റ്‌ പറ്റിയതാകാമെന്നുമായിരുന്നു തിരുത്ത്‌. ഇഷ്‌ടക്കാര്‍ക്കുവേണ്ടി സജി ഇടപെട്ട്‌ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ്‌ മാറ്റിയെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. ആരോപിച്ചതും വിവാദത്തിനു തിരികൊളുത്തി.
താനറിയാതെ ദത്തുനല്‍കിയ കുഞ്ഞിനുവേണ്ടി നിയമപോരാട്ടം നടത്തിയ അനുപമയ്‌ക്കും ജീവിതപങ്കാളിക്കുമെതിരായ പരാമര്‍ശത്തിലും സജി കടുത്തവിമര്‍ശനം നേരിട്ടു. “വിവാഹം കഴിച്ച്‌ രണ്ടും മൂന്നും കുട്ടികളുണ്ടാകുക. എന്നിട്ട്‌ സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതുപോരാഞ്ഞിട്ട്‌ വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ പ്രേമിക്കുക. ആ കുട്ടിക്കും കുഞ്ഞിനെ നല്‍കുക. പെണ്‍കുട്ടിക്ക്‌ അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്‌ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം”- ഇതായിരുന്നു മന്ത്രിയുടെ വാക്കുകള്‍. താന്‍ മുമ്ബ്‌ വിവാഹം കഴിച്ചിരുന്നെങ്കിലും മറ്റൊരു കുട്ടിയില്ലെന്ന്‌ അനുപമയുടെ പങ്കാളി അജിത്‌ വ്യക്‌തമാക്കിയതോടെ സജി പ്രതിരോധത്തിലായി.
കഴിഞ്ഞ നവംബറില്‍ മാന്നാറിലെ ഒരു പൊതുപരിപാടിക്കിടെ, കേരളത്തില്‍ കൃഷി ചെയ്‌തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം ഇവിടെ ആരും പട്ടിണി കിടക്കില്ലെന്നുമുള്ള പരാമര്‍ശമുണ്ടായി. ഇതിനെതിരേ കര്‍ഷകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഒരു യോഗത്തില്‍ സജിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന കവിത സംഘാടകരില്‍ ഒരാള്‍ അവതരിപ്പിച്ചതും സാമൂഹികമാധ്യമങ്ങളില്‍ പരിഹസിക്കപ്പെട്ടു.

Facebook Comments Box

By admin

Related Post