Thu. Mar 28th, 2024

മാണി ഗ്രൂപ്പിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം നാളെ : പിണറായിയെ വിമർശിച്ച പി എം മാത്യൂ എക്സ് എംഎൽഎ യെ പരസ്യ ശാസന നടത്തിയേക്കും; പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചാൽ പുറത്താക്കലിൽ നിന്ന് ഒഴിവാക്കിയേക്കും, തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളിൽ കുറ്റക്കാരായവർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഗവൺമെന്റ് ചീഫ് വിപ്പ്. ഡോ. എൻ ജയരാജ് വിട്ടുനിൽക്കാൻ സാധ്യത…

By admin Jan 4, 2024 #keralacongress m
Keralanewz.com

കോട്ടയം: രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തുന്നതിനിടെ മാണി ഗ്രൂപ്പിന്റെ നിർണായക സെക്രട്ടറിയേറ്റ് യോഗം നാളെ വെള്ളിയാഴ്ച കോട്ടയത്ത് ചേരുന്നു. വിവാദ വിഷയങ്ങൾ ചർച്ചയ്ക്ക് വരുമെങ്കിലും, ലോകസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസ്താവന നടത്തിയ പി എം മാത്യുവിനെ പുറത്താക്കിയേക്കുമെന്ന് സൂചന ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ അതിനുള്ള നീക്കമില്ല. പരസ്യ ശാസനയിൽ ഒതുക്കി പ്രശ്നം പരിഹരിക്കാൻ ആണ് സാധ്യത. ഒന്നും നഷ്ടപ്പെടാനില്ലാത്ത പി എം മാത്യുവിനെ പ്രകോപിപ്പിച്ച് പണി മേടിക്കാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല പാർട്ടിയുടെ അച്ചടക്കം ലംഘിച്ച നേതാക്കൾക്കെതിരെയും നടപടികൾ ഉണ്ടാവുമെന്ന് ഞങ്ങളുടെ കോട്ടയം ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.

പാർട്ടിയുടെ വൈസ് ചെയർമാനും ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പുമായ തനിക്കെതിരെ നിരന്തരം സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കുന്നതായി ഡോ. ജയരാജ് പരാതി പറഞ്ഞിരുന്നു. തനിക്കെതിരെയും തന്റെ സ്റ്റാഫുകൾക്കെതിരെയും സമൂഹമാധ്യമങ്ങളിലും ചില അച്ചടി മാധ്യമങ്ങളിലും നിരന്തരം വ്യക്തിഹത്യയും ആക്രമണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.

പാർട്ടിയിൽ പലവട്ടം പരാതി പറഞ്ഞിട്ടും അതിനെതിരെ പാർട്ടി നടപടി എടുക്കുന്നില്ല എന്ന ആക്ഷേപം ഉണ്ടത്രേ. ചീഫ് വിപ്പിന്റെ സ്റ്റാഫിൽ കടന്നുകൂടാൻ ശ്രമിച്ചിട്ടും ഇടം ലഭിക്കാത്ത ചില വ്യക്തികളുടെ നേതൃത്വത്തിലാണ് ഇത്തരം സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങൾ നടക്കുന്നതെന്ന് പകൽപോലെ വ്യക്തമാണ്

കോട്ടയം കേന്ദ്രീകരിച്ചുള്ള ചില ഓൺലൈൻ മാധ്യമങ്ങളിലാണ് ചീഫ് വിപ്പിനെതിരെ സ്ഥിരം വാർത്തകൾ വരുന്നത്. ഇതിനു പിന്നിൽ മാധ്യമ പ്രവർത്തകരുടെയും പാർട്ടിയിലെ മാധ്യമ സ്ഥാപനങ്ങളുമായി ബന്ധമുള്ള ചിലരുടെയും ഗൂഢാലോചനയുണ്ട് എന്ന് ജയരാജനോട് അടുപ്പമുള്ള ആളുകൾ സംശയിക്കുന്നുണ്ട്. പാർട്ടി ഭാരവാഹിത്വമുള്ള ചില വ്യവസായികളുടെയും പിന്തുണയുണ്ടെന്നും സൂചനയുണ്ട്.

ജയരാജിന്റെ മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ചിലരുടെ പിന്തുണയും ഇവർക്കുണ്ടെന്ന് ജയരാജ് ആരോപിക്കുന്നു .എന്നാൽ ഇവർക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അതിൽ പ്രതിഷേധിച്ചുകൊണ്ട് നിർണായക സെക്രട്ടറിയേറ്റിൽ നിന്നും വിട്ടുനിൽക്കുവാൻ ഇടയുണ്ടെന്നാണ് അഭ്യൂഹം. പക്ഷേ കാഞ്ഞിരപ്പള്ളിയിലെ പാർട്ടിയെ തകർച്ചയിലേക്ക് നയിക്കുന്നതിൽ ചീഫ് വിപ്പിന്റെ കടുംപിടുത്ത നടപടികളാണ് എന്ന ആരോപണം ശക്തമായുണ്ട്.

കാഞ്ഞിരപ്പള്ളിയിൽ അടുത്തകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും പാർട്ടി സംപൂജ്യമായി മാറിയത് എംഎൽഎയുടെ പിടിപ്പുകേട് കൊണ്ടാണെന്ന് ഒരു വിഭാഗം പറയുന്നു. സ്ഥിരമായി കേരള കോൺഗ്രസ് ഭരിച്ചിരുന്ന കാഞ്ഞിരപ്പള്ളി ബാങ്ക്, വിവിധ ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ എന്നിവ കയ്യിൽ നിന്നും നഷ്ടമായതിന്റെ ഉത്തരവാദിത്വം എംഎൽഎയ്ക്കാണെന്ന് അവർ പറയുന്നു.

കേരള കോൺഗ്രസുകാരെക്കാൾ കൂടുതൽ എംഎൽഎക്ക് വിശ്വാസം സിപിഎം ആണത്രേ. എന്നാൽ രണ്ടര വർഷത്തിന് ശേഷം സ്റ്റാഫിൽ നിന്നും മാറ്റപ്പെടുവാൻ സാധ്യതയുള്ള ചില സ്റ്റാഫുകൾ തന്നെയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. വാർത്തകൾ നൽകി പാർട്ടിയെയും ചീഫ് വിപ്പിനെയും പ്രതിസന്ധിയിലാക്കിക്കൊണ്ട് സ്റ്റാഫിനെ മാറ്റിവക്കുന്ന തീരുമാനം അട്ടിമറിക്കാമെന്ന് അവർ കരുതുന്നു.

ജയരാജിനെ അനുനയിപ്പിക്കുവാനുള്ള ശ്രമം തുടരുകയാണ്. പാർട്ടിയിലെ സംസ്ഥാന സെക്രട്ടറിമാരുടെ ഒരു ഉപകമ്മിറ്റി തന്നെ അതിനായി ശ്രമിച്ചുവരുന്നു. ജയരാജിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അലക്സ് കോഴിമലയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ സോഷ്യൽ മീഡിയ വിങ്ങ് പിരിച്ചുവിടുമെന്നും പകരം ജയരാജിന്റെ അടുപ്പക്കാരനായ മാലേത്ത് പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ പുതിയ സോഷ്യൽ മീഡിയ ടീമുണ്ടാക്കി പ്രശ്നം പരിഹരിക്കുവാനുമാണ് ഇപ്പോൾ ശ്രമിച്ചുവരുന്നത്.

Facebook Comments Box

By admin

Related Post