Fri. Apr 26th, 2024

പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തില്‍ ; പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച്‌ ജനക്കൂട്ടം ; സന്ദര്‍ശനം പൂജാരിയുടെ കത്തിനെ മാനിച്ച്‌

By admin Jan 17, 2024
Keralanewz.com

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ ശ്രീരാമക്ഷേത്രം തൃപ്രയാര്‍ ക്ഷേത്രത്തിലും സന്ദര്‍ശനത്തിനെത്തി.

പാതയുടെ ഇരുവശത്തുമായി കാത്തുനിന്ന ജനക്കൂട്ടം പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ തൃപ്രയാറിലും സ്വീകരിച്ചത്. ക്ഷേത്രത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടം രാവിലെ ആറു മണി മുതല്‍ മണിക്കൂറുകളോളമാണ് പ്രധാനമന്ത്രിയെ കാത്തു നിന്നത്.

സുരക്ഷയുടെ ഭാഗമായി രണ്ടു വശത്തും ബാരിക്കേഡുകള്‍ കെട്ടിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നത്. ഒരു മണിക്കൂറാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുക. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട്, രാമായണപാരായണം ശ്രവിക്കല്‍ എന്നിവയാണ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി. 11.15 വരെ ഒരു മണിക്കൂര്‍ പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കും. മീനുകള്‍ക്ക് ഭക്ഷണം നല്‍കുന്ന പ്രധാന വഴിപാടിന് പിന്നാലെ 21 കുട്ടികളുടെ രാമായണ പാരായണം ഇവിടെ നടക്കുന്നുണ്ട്. ഇതു ശ്രവിച്ച ശേഷമാകും മടങ്ങുക.

അയോദ്ധ്യയില്‍ ഈ മാസം 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ടാണ് ശ്രീരാമക്ഷേത്രമായ തൃപ്രയാറിലും പ്രധാനമന്ത്രി എത്തുന്നത്. നേരത്തേ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങ് മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ അജണ്ഡയില്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ തൃപ്രയാര്‍ ക്ഷേത്രം പൂജാരിയായ പത്മനാഭന്‍ നമ്ബൂതിരി നേരത്തേ അയോദ്ധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക മുന്നോടിയായി ശ്രീരാമക്ഷേത്രമായ ഇവിടെ സന്ദര്‍ശനം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ കത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്.

കനത്ത സുരക്ഷയിലാണ് ക്ഷേത്രം. ഒമ്ബത് മണിക്ക് ശേഷം ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിയിട്ടില്ല. പ്രധാനമന്ത്രിയും തന്ത്രിയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തില്‍ അനുവാദം നല്‍കുക. 11 മണിയോടെ ഇവിടെ നിന്നും ഹെലികോപ്റ്ററിലാണ് മടങ്ങുക. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആള്‍ക്കാരാണ് ഇവിടെ പ്രധാനമന്ത്രിയെ കാണാന്‍ എത്തിയത്. ദേശീയപാതയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ ദൂരത്തില്‍ ബാരിക്കേഡുകള്‍ കെട്ടിയിട്ടുണ്ട്. ബിജെപിയുടെ കൊടിതോരണങ്ങളും ഇവിടെ ബിജെപിപ്രവര്‍ത്തകര്‍ വെച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലെ രണ്ടു ക്ഷേത്രങ്ങളില്‍ കൂടി പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. 20 ന് തിരുച്ചിറപ്പള്ളിയിലും രാമനാഥത്തെ രാമേശ്വരം ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തുമെന്ന് വിവരമുണ്ട്. ഖേലോ ഇന്ത്യ ഗെയിസിന്റെ ഉദ്ഘാടനമാണ് മോദിയുടെ ഔദ്യോഗിക പരിപാടി. രാമേശ്വരത്ത് നിന്നും തീര്‍ത്ഥവും അയോദ്ധ്യയിലേക്ക് കൊണ്ടുപോയേക്കുമെന്ന് വിവരമുണ്ട്.

Facebook Comments Box

By admin

Related Post