Thu. Apr 25th, 2024

മൈഗ്രേഷന്‍ കോണ്‍ക്ലേവ്‌-2024 ഇന്നു മുതല്‍; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

By admin Jan 19, 2024
Keralanewz.com

തിരുവല്ല: എ.കെ.ജി. പഠന ഗവേഷണ കേന്ദ്രവും വി.എസ്‌. ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും സംയുക്‌തമായി സംഘടിപ്പിക്കുന്ന ആഗോള പ്രവാസി മലയാളി സംഗമം “മൈഗ്രേഷന്‍ കോണ്‍ക്ലേവ്‌-2024” ഇന്നു തുടങ്ങും.

വൈകിട്ടു നാലിനു തിരുവല്ല പബ്ലിക്‌ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.
രാജ്യാന്തര കേരള പഠന കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ എസ്‌. രാമചന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും. എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ ഡോ. ടി.എം. തോമസ്‌ ഐസക്‌ ആമുഖപ്രഭാഷണം നടത്തും. തുടര്‍ന്നു സ്‌റ്റീഫന്‍ ദേവസി-ശിവമണി ടീമിന്റെ മ്യൂസിക്‌ ഈവന്റ്‌.
19, 20, 21 തീയതികളില്‍ സെന്റ്‌ ജോണ്‍സ്‌ ചര്‍ച്ച്‌ ഹാള്‍, സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രല്‍ ഓഡിറ്റോറിയം, ശാന്തി നിലയം, തിരുവല്ല ഗവണ്‍മെന്റ്‌ എംപ്ലോയിസ്‌ സഹകരണ ബാങ്ക്‌ ഓഡിറ്റോറിയം, തിരുവല്ല മാര്‍ത്തോമ്മ കോളജ്‌ എന്നിവിടങ്ങളിലെ അഞ്ചു വേദികളിലായി മൈഗ്രേഷന്‍ കോണ്‍ക്ലേവ്‌ നടക്കും. 75 വിദേശരാജ്യങ്ങളില്‍നിന്നും വിവിധ സംസ്‌ഥാനങ്ങളില്‍നിന്നുമായി മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നു സംഘാടകസമിതി അറിയിച്ചു. ഓണ്‍ലൈനായി 1.20 ലക്ഷം പേര്‍ പങ്കെടുക്കും.
“വിജ്‌ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തില്‍ പ്രവാസികളുടെ പങ്ക്‌” എന്നതാണ്‌ കോണ്‍ക്ലേവിന്റെ കേന്ദ്രപ്രമേയം. പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളജ്‌-സര്‍വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണി പരിശീലനത്തിനും തൊഴില്‍ നല്‍കുന്നതിനുമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യല്‍, സംരംഭകത്വ വികസനം എന്നീ നാലു വിഷയങ്ങളാണ്‌ കോണ്‍ക്ലേവ്‌ പ്രധാനമായും ചര്‍ച്ചചെയ്യുന്നത്‌.
ഇന്നലെ വരെ 1,20,607 പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. നാളെ രാവിലെ വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരും. ംംം.ാശഴൃമശേീിരീിരഹമ്‌ല.രീാ എന്ന വെബ്‌സൈറ്റില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യാം.
പത്രസമ്മേളനത്തില്‍ ഡോ.ടി.എം. തോമസ്‌ ഐസക്‌, സംഘാടക സമിതി ചെയര്‍മാന്‍ ബന്യാമിന്‍, ജനറല്‍ കണ്‍വീനര്‍ എ. പത്മകുമാര്‍, ജോയിന്റ്‌ കണ്‍വീനര്‍ റോഷന്‍ റോയ്‌ മാത്യു, റാണി ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Facebook Comments Box

By admin

Related Post