Thu. Apr 25th, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനം, ക്രിസ്‌ത്യന്‍ വിശ്വാസികള്‍ക്കിടയിലുള്ള സ്വാധീനം; പത്തനംതിട്ടയില്‍ ഐസക്‌ തന്നെ

By admin Jan 27, 2024
Keralanewz.com

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായി മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ തന്നെ മത്സരിക്കാന്‍ സാധ്യത.

മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ക്രിസ്‌ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ആഴ്‌ച്ച തിരുവല്ലയില്‍ സംഘടിപ്പിച്ച മൈഗ്രഷന്‍ കോണ്‍ക്ലേവിലൂടെ തോമസ്‌ ഐസക്‌ തന്റെ സ്‌ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി അടൂരില്‍ നടന്ന ജില്ലാ തല ശില്‍പ്പശാലയുടെ ചുമതലയും തോമസ്‌ ഐസക്കിനായിരുന്നു. അദ്ദേഹം മത്സരിച്ചില്ലെങ്കില്‍ മാത്രം മറ്റൊരാളെ പരിഗണിച്ചാല്‍ മതിയെന്നാണു സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട്‌. പ്രധാനമായും മൂന്നു കാര്യങ്ങളാണ്‌ സി.പി.എം വിജയസാധ്യതയായി കണക്കാക്കുന്നത്‌.

ഒരുകാലത്ത്‌ യു.ഡി.എഫിന്റെ കോട്ടയെന്ന്‌ വിശേഷിപ്പിച്ചിരുന്ന ആറന്മുള, തിരുവല്ല, അടൂര്‍, കോന്നി, റാന്നി നിയമസഭാ മണ്ഡലങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പടിച്ചടക്കിയതിന്റെ ആത്മവിശ്വാമാണ്‌ പ്രധാനം. കൂടാതെ കാഞ്ഞിരപ്പള്ളി, പാലാ നിയമസഭാ മണ്ഡലങ്ങളില്‍ മാണി ഗ്രൂപ്പിനുള്ള മേല്‍കൈയും വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന്‌ സി.പി.എം കരുതുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‌ 3.80 ലക്ഷം വോട്ടുകളും എല്‍.ഡി.എഫിന്‌ 3.36 ലക്ഷം വോട്ടുകളുമാണു ലഭിച്ചത്‌. ശബരിമല സ്‌ത്രീ പ്രവേശന വിഷയം പ്രതിഫലിച്ച തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ 2.97 ലക്ഷം വോട്ട്‌ ലഭിച്ചു. അമ്ബതിനായിരം വോട്ടുകളുടെ വ്യത്യാസമാണ്‌ ഇടത്‌ വലത്‌ മുന്നണികള്‍ തമ്മിലുള്ളത്‌.

പത്തനംതിട്ട ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ അടൂര്‍, കോന്നി നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ്‌ എല്‍.ഡി.എഫിന്‌ ഭൂരിപക്ഷം ഉണ്ടായത്‌. ഇക്കുറി മാണി ഗ്രൂപ്പിന്റെ സ്വാധീനം പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും അനുകൂലമാകുമെന്നാണു സി.പി.എമ്മിന്റെ വിശ്വാസം. അങ്ങനെ വന്നാല്‍ അമ്ബതിനായിരം വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാന്‍ കഴിയുമെന്നാണ്‌ അവര്‍ നല്‍കുന്ന സൂചന.

Facebook Comments Box

By admin

Related Post