Wed. Apr 24th, 2024

ലോക്സഭ തെരഞ്ഞെടുപ്പ്: ആലപ്പുഴയിലും കണ്ണൂരിലും കോണ്‍ഗ്രസിന് പുതിയ സ്ഥാനാര്‍ത്ഥികള്‍

By admin Feb 5, 2024
Keralanewz.com

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കേരളത്തില്‍ രണ്ടിടത്ത് പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ.

ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തി മത്സരിപ്പിക്കാനാണ് കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ യോജിപ്പിലെത്തിയത്. സ്ഥാനാര്‍ഥിയാവാന്‍ താത്പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സമിതിയുടെ പ്രഥമയോഗത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നു. ആലപ്പുഴ കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് തീരുമാനം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. കണ്ണൂരില്‍ സിറ്റിങ്ങ് എംപിയായ കെ സുധാകരന്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുമ്ബോള്‍ കെ സി വേണുഗോപാലിന്റെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന നിലപാട് യോഗത്തിലുണ്ടായി. ആലപ്പുഴയിലും കണ്ണൂരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് നോക്കിയതിന് ശേഷം മാത്രം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാമെന്നാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമതീരുമാനം തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്നും ധാരണയായി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് കൊടിക്കുന്നില്‍ സുരേഷ് യോഗത്തെ അറിയിച്ചു. വ്യക്തിപരമായ ചര്‍ച്ചകള്‍ വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. സിറ്റിങ് എം പിമാര്‍ തന്നെ രംഗത്ത് ഇറങ്ങേണ്ടി വരുമെന്ന നിലപാടാണ് നേതാക്കള്‍ യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രതികൂല സാഹചര്യമുള്ള മണ്ഡലങ്ങളിലെ സിറ്റിങ്ങ് എം പിമാരെ മത്സരിപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പട്ടു.

സ്ഥാനാര്‍ഥികള്‍ ആരായാലും വിജയം ഉറപ്പിക്കാന്‍ മുന്നിട്ട് ഇറങ്ങണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്കും വനിതകള്‍ക്കും പരിഗണന നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇതിനിടെ യോഗത്തില്‍ നിന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടു നിന്നു. നേതൃത്വവുമായി നാളുകളായി ഇടഞ്ഞു നില്‍ക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇതിന് പുറമേ സംസ്ഥാനത്തെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ എം എം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. സിറ്റിങ് എംപിമാരുമായി ഉപസമിതി കൂടിക്കാഴ്ച നടത്തും. ഓരോ ജില്ലയിലെയും പ്രധാന ഭാരവാഹികളുമായും ചര്‍ച്ച നടത്തും. മണ്ഡലങ്ങളില്‍ ജയസാധ്യത കുറവുള്ള എംപിമാരെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും യോഗത്തില്‍ പങ്കെടുത്തു.

Facebook Comments Box

By admin

Related Post