Fri. Apr 26th, 2024

സില്‍വര്‍ ലൈന്‍ ചെലവ്‌ : 65.72 കോടിയെന്ന്‌ മുഖ്യമന്ത്രി ; 53.56 കോടിയെന്ന്‌ മന്ത്രി അബ്‌ദു റഹ്‌മാന്‍

By admin Feb 9, 2024
Keralanewz.com

പത്തനംതിട്ട : സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവായ തുക സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.

അബ്‌ദുറഹ്‌മാനും നിയമസഭയില്‍ നല്‍കിയ കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം 12 കോടിയില്‍ അധികം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന്‌ അന്‍വര്‍ സാദത്ത്‌ എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്‌ 65.72 കോടിയാണെന്നായിരുന്നു (65,72,35,496.65). എന്നാല്‍ കഴിഞ്ഞ രണ്ടിന്‌ ഇതേ ചോദ്യം മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ ഉന്നയിച്ചപ്പോള്‍ തുകയുടെ കണക്ക്‌ 53.56 കോടിയായി കുറഞ്ഞു(53,56,00,000). മന്ത്രി വി.അബ്‌ദു റഹ്‌മാനാണ്‌ രേഖകള്‍ സഹിതം മറുപടി പറഞ്ഞത്‌. വ്യത്യാസം 12 കോടിയില്‍ പരം രൂപ.
മോന്‍സ്‌ ജോസഫിന്റെ ചോദ്യത്തിനു മുഖ്യമന്ത്രിയാണു മറുപടി നല്‍കേണ്ടിയിരുന്നത്‌. എന്നാല്‍, മറുപടി നല്‍കിയതാകട്ടെ പദ്ധതിയുമായി ബന്ധമില്ലാത്ത മന്ത്രി അബ്‌ദു റഹ്‌മാനും.
പദ്ധതിക്കായി സര്‍വേ നടത്തുന്നതിനു തിടുക്കത്തില്‍ കല്ലിട്ട കെ-റെയില്‍, സാമൂഹ്യ ആഘാത പഠനം ഇനിയും നടത്തിയിട്ടില്ല. ഇത്‌ സംബന്ധിച്ച പുനര്‍ വിജ്‌ഞാപനം കേന്ദ്ര അനുമതി ലഭിച്ചശേഷം മാത്രമെ ഉണ്ടാകുവെന്നായിരുന്നു മറുപടി.
ടോപ്പോഗ്രാഫിക്കല്‍ സര്‍വേയുടെ ഭാഗമായി (ലിഡാര്‍) പദ്ധതി പ്രദേശങ്ങളില്‍ സര്‍വേ കണ്‍ട്രോള്‍ പോയിന്റുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. എന്നാല്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടില്ല. ഹൈഡ്രോളജിക്കല്‍ സര്‍വേ, ട്രാഫിക്‌ സര്‍വേ, ജിയോളജിക്കല്‍ സര്‍വേ, ദ്രുത പരിസ്‌ഥിതി ആഘാത പഠനം എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണു നിയമസഭയില്‍ മന്ത്രി വി. അബ്‌ദു റഹ്‌മാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്‌.
ചരക്ക്‌ ഗതാഗതത്തിലുടെ നല്ലൊരു ശതമാനം വരുമാനം കണ്ടെത്തുമെന്നാണ്‌ നേരത്തെ അധികൃതര്‍ പറഞ്ഞത്‌. പക്ഷേ നിയമസഭയില്‍ മന്ത്രി അബ്‌ദു റഹ്‌മാന്‍ പറഞ്ഞത്‌ 95 ശതമാനം വരുമാനവും ടിക്കറ്റ്‌ വില്‍പ്പനയിലൂടെയാണെന്നാണ്‌. കേവലം അഞ്ചു ശതമാനം മാത്രമാണ്‌ ടിക്കറ്റ്‌ ഇതര വരുമാനം. പ്രതിദിനം എണ്‍പതിനായിരം യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രമെ പദ്ധതി ലാഭത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ട്രാഫിക്‌ സര്‍വേയുടെ അടിസ്‌ഥാനത്തിലാണ്‌ ഇത്രയും യാത്രക്കാരെ പ്രതീക്ഷിക്കുന്നത്‌.

Facebook Comments Box

By admin

Related Post