Thu. Mar 28th, 2024

ആനയെ മയക്കുവെടി വയ്ക്കുന്നതില്‍ പ്രതിസന്ധി: ദൗത്യം ഉപേക്ഷിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

By admin Feb 12, 2024
Keralanewz.com

മാനന്തവാടി: വയനാട് പടമലയില്‍ യുവാവിനെ ചവിട്ടിക്കൊന്ന കാട്ടാന ബേലൂര്‍ മഗ്‌നയെ മയക്കുവെടി വയ്ക്കുന്നതില്‍ പ്രതിസന്ധി.

ദൗത്യം തല്‍ക്കാലം ഉപേക്ഷിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൗത്യ സംഘം അടുത്തെത്തിയപ്പോള്‍ ആന മറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലാണ് ഇപ്പോഴുള്ളത് എന്നാണ് വിവരം. ആനയെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് ഇനിയും ദൗത്യം തുടരുന്നത് ദുഷ്‌കരമാണ് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. ആന നടന്നുനീങ്ങിയത് വലിയവെല്ലുവിളിയായെന്നാണ് ലഭിക്കുന്ന വിവരം.

ഉദ്യോഗസ്ഥര്‍ക്കൊപ്പം നാല് കുങ്കിയാനകളും സ്ഥലത്തെത്തിയിരുന്നു. റേഡിയോ കോളറില്‍ നിന്ന് ലഭിച്ച സിഗ്നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. എന്നാല്‍ ചെമ്ബകപ്പാറ ഭാഗത്തുനിന്ന് ആന മണ്ണുണ്ടി ഭാഗത്തേക്ക് പോയിരുന്നു. ദൗത്യസംഘം അരികിലെത്തിയപ്പോഴേക്ക് ആന അവിടെനിന്ന് മാറിപ്പോകുകയായിരുന്നു. ട്രാക്ക് ചെയ്യാന്‍ കഴിയാതെ വന്നതോടെ ദൗത്യം സങ്കീര്‍ണമായതായാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് നാട്ടുകാരുടെ ഭാഗത്തുനിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ മടങ്ങിപ്പോയ ദൗത്യസംഘത്തെ തടയുന്ന സാഹചര്യവുമുണ്ടായി.

ട്രാക്ക് ചെയ്തതിന് പിന്നാലെ തന്നെ ആനയെ ദൗത്യസംഘം ചെമ്ബകപ്പാറയില്‍ വളഞ്ഞിരുന്നു. വെറ്റിനറി സംഘവും ഒപ്പമുണ്ട്. നാല് കുംകിയാനകളാണ് മോഴയാനയെ തളക്കുന്നതിനായി എത്തിയത്. മയക്കുവെടി വച്ച്‌ പിടികൂടി ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. അതേസമയം ആനയെ ഒരുവട്ടം മയക്കുവെടി വച്ചെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Facebook Comments Box

By admin

Related Post