Fri. Apr 19th, 2024

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം: രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്, വീടുകള്‍ക്ക് കേടുപാട്

By admin Feb 12, 2024
Keralanewz.com

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം. തെക്കുംഭാഗത്ത് പുതിയകാവ് ചൂരക്കാട് ഭാഗത്ത് പടക്കങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന കെട്ടിടത്തിലാണ് സ്‌ഫോനമുണ്ടായത്.

ആദ്യ സ്‌ഫോടനത്തിനു പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായി. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്നവരും സമീപത്തുള്ള വീടുകളിലുണ്ടായിരുന്നവരുമായി നിരവധി പേര്‍ക്ക് സാരമായി പരിക്കേറ്റു.

കരയോഗത്തിന്റെ പറമ്ബില്‍ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. 400 മീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന വസ്തുക്കള്‍ തെറിച്ചുവീണു. ഈ പ്രദേശത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായി. 25 ഓളം വീടുകള്‍ തകര്‍ന്നു. ഓടിട്ട വീടുകളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. കോണ്‍ക്രീറ്റ് വീടുകള്‍ക്ക് വരെ വലിയ കേടുപാടുകളുണ്ടായി.

തിരക്കേറിയ ജംഗ്ഷനിലാണ് പടക്ക സംഭരണശാല നിലനിന്നിരുന്നത്. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായത്. വീടിന്റെ ജനാലകളും സ്ഫടിക ഉപകരണങ്ങളും പൊട്ടിത്തെറിച്ച്‌ വീടുകളില്‍ കഴിഞ്ഞവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉത്സവവുമായി ബന്ധപ്പെട്ട് വെടിക്കെട്ടിനായി സൂക്ഷിച്ച പടക്കങ്ങളാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു.

സ്‌ഫോടന ശബ്ദം കേട്ട് പലരും വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ഭൂകന്പമാണെന്നും ബോംബ് സ്ഫോടനമാണെന്നുമാണ് ആദ്യം കരുതിയതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇന്നത്തെ ഉത്സവത്തിനായി എത്തിച്ച പടക്കം വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് നഗരസഭാ അധ്യക്ഷ രമ സന്തോഷ് അറിയിച്ചു. പടക്കം കൊണ്ടുവന്ന വാഹനം അടക്കം കത്തിനശിച്ചു. തൊഴിലാളികളാണ് ഈ സമയം അവിടെ ഉണ്ടായിരുന്നതെന്ന് സൂചനയുണ്ടെന്നും അവര്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post