Tue. Apr 23rd, 2024

മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക സര്‍ക്കാര്‍ നയം- മുഖ്യമന്ത്രി

By admin Aug 14, 2021 #news
Keralanewz.com

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എച്ച്‌. സലാം എം.എല്‍.എ യുടെ സബ്മിഷന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളെക്കാള്‍ മൂന്നു മുതല്‍ അഞ്ചു വരെ ഇരട്ടി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ തയാറാക്കുന്നത്. നിയമനാധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് സംവരണതത്വങ്ങള്‍ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍നിന്ന് പി.എസ്.സി നിയമന ശുപാര്‍ശകള്‍ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാകുകയില്ല.

എന്നാല്‍, കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി ഒഴിവുകള്‍ കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിവരുന്നുണ്ട്.

റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തുന്നത് ചില ചൂഷണങ്ങളും അനഭിലഷണീയ പ്രവണതകള്‍ക്കും വഴിവെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച്‌ ഒഴിവിന് ആനുപാതികമായി സംവരണതത്വങ്ങള്‍ പാലിച്ച്‌ റാങ്ക് ലിസ്റ്റ് തയാറാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്.

പി.എസ്.സി നിയമനം സംബന്ധിച്ച വിവരങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍ തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

The post മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക സര്‍ക്കാര്‍ നയം- മുഖ്യമന്ത്രി

Facebook Comments Box

By admin

Related Post