Fri. Apr 26th, 2024

ദിലീപിന്‌ തിരിച്ചടി; അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ അതിജീവിതയ്‌ക്ക്

By admin Feb 22, 2024
Keralanewz.com

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ്‌ ചോര്‍ന്നെന്ന പരാതിയില്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ അതിജീവിതയ്‌ക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്‌.

നടന്‍ ദിലീപിന്റെ എതിര്‍പ്പു തള്ളിയാണു നടപടി. അന്വേഷണ റിപ്പോര്‍ട്ട്‌ രഹസ്യരേഖയാക്കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ്‌ കോടതി കസ്‌റ്റഡിയിലിരിക്കേ ഹാഷ്‌ വാല്യു മാറിയതിലാണ്‌ അന്വേഷണം നടത്തിയത്‌. പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ഹണി എം. വര്‍ഗീസ്‌ നടത്തിയ ഈ വസ്‌തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ്‌ അതിജീവിതയ്‌ക്കു കൈമാറാന്‍ ഉത്തരവായത്‌.
പകര്‍പ്പാവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി തള്ളിയതിനു പിന്നാലെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മെമ്മറി കാര്‍ഡ്‌ അനധികൃതമായി പരിശോധിച്ചതാരെന്ന്‌ അറിയാനുള്ള തന്റെ അവകാശം ലംഘിക്കുന്നെന്നായിരുന്നു ഉപഹര്‍ജിയിലെ വാദം. എന്നാല്‍, റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നടിക്കു കൈമാറരുതെന്നു ദിലീപ്‌ വാദിച്ചു. ഈ ആവശ്യം തള്ളിയ ജസ്‌റ്റിസ്‌ കെ. ബാബു പകര്‍പ്പിനായി ദിലീപ്‌ അപേക്ഷ നല്‍കിയിട്ടുണ്ടോയെന്നും ആരാഞ്ഞു. അന്വേഷണത്തില്‍ മെമ്മറി കാര്‍ഡ്‌ അനധികൃതമായി പരിശോധിച്ചെന്നു കണ്ടെത്തിയാല്‍ ക്രമിനല്‍ നടപടി ചട്ടപ്രകാരം കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നായിരുന്നു നേരത്തെ കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയില്ലെങ്കില്‍ വീണ്ടും അതിജീവിതയ്‌ക്കു നടപടി ആവശ്യപ്പെട്ടു കോടതിയെ സമീപിക്കാം.

Facebook Comments Box

By admin

Related Post