Thu. Apr 25th, 2024

50 പേര്‍ മാത്രം; ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം

By admin Mar 7, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം. ഒരുകേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് കെബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചു.

ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇന്നലെ ചേര്‍ന്ന ആര്‍ടിഒമാരുടെ യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

എന്നാല്‍ ഈ അപേക്ഷകരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിന് വ്യക്തതയില്ല. അതേസമയം, ഗതാഗത സെക്രട്ടറിയും ഗതാഗത കമ്മീഷണറും യോഗത്തില്‍ പങ്കെടുത്തില്ല.

മെയ് ഒന്നു മുതല്‍ നടപ്പിലാക്കാനിരിക്കുന്ന പരിഷ്‌ക്കരണത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങള്‍. അതേസമയം പുതിയ തീരുമാനത്തില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുമെന്നു കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായി ചുമതലയേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 അംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശദമായി പഠിച്ചാണ് പരിഷ്‌കാരങ്ങള്‍ വരുത്തിയത്.

ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കൈ കൊണ്ട് ഗിയറ് പ്രവര്‍ത്തിപ്പിക്കുന്ന വാഹനത്തിന് പകരം കാലില്‍ ഗിയറുള്ള വാഹനം നിര്‍ബന്ധമാക്കി. കാര്‍ ലൈസന്‍സ് എടുക്കാന്‍ ഓട്ടോമാറ്റിക് ഗിയറുള്ള വാഹനം, ഇലക്‌ട്രിക് വാഹനം ഉപയോഗിക്കാന്‍ പാടില്ല.

Facebook Comments Box

By admin

Related Post