Sat. Apr 27th, 2024

യുക്തിവാദി സംഘം മുൻ സംസ്ഥാന ജനറല്‍ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു

By admin Mar 7, 2024
Keralanewz.com

കോഴിക്കോട്: യുക്തിവാദി സംഘം മുൻ ജനറല്‍ സെക്രട്ടറി യു കലാനാഥൻ അന്തരിച്ചു. 84 വയസ്സായിരുന്നു.

വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും പ്രഭാഷകനും ആയിരുന്നു. മരണാനന്തരം ശരീരവും കണ്ണും കോഴിക്കോട് മെഡിക്കല്‍ കോളേജിന് ദാനം ചെയ്യാൻ എഴുതിവെച്ചതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിന് ദാനം ചെയ്യും. എം കെ ശോഭനയാണ് ഭാര്യ. മകന്‍: ഷെമീര്‍

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് വില്ലേജില്‍ ഉള്ളിശ്ശേരി തെയ്യൻ വൈദ്യരുടെയും യു കോച്ചിഅമ്മയുടെയും മകനായി ജനിച്ച കലാനാഥൻ വള്ളിക്കുന്ന് നേറ്റീവ് എയുപി സ്കൂള്‍, ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂള്‍, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവർത്തകനായിരുന്നു. 1960 മുതല്‍ സിപിഐ, സിപിഐഎം പ്രസ്ഥാനങ്ങളോടൊപ്പം പ്രവർത്തിച്ചു.

കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓർഗനൈസിങ് സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവർത്തിച്ചു. 1979 മുതല്‍ 1984 വരെയും 1995 മുതല്‍ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ പഞ്ചായത്ത് അംഗവുമായിരുന്നു.

1981-ല്‍ ശബരിമലയില്‍ മകരവിളക്ക് മനുഷ്യൻ കത്തിക്കുന്നതാണന്ന് തെളിയിക്കാനും 1989 ല്‍ കൊടുങ്ങല്ലൂർ ക്ഷേത്രത്തില്‍ കോഴി ബലി അവസാനിപ്പിക്കുന്നതിനുവേണ്ടിയും നിയമനടപടികള്‍ സ്വീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. ഗുരുവായൂരില്‍ കൊടിമരം സ്വർണ്ണം പൂശുന്നതിനെതിരെ 1977-ല്‍ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിന് നേതൃത്വം നല്‍കി. സമരം കയ്യേറിയ ആർഎസ്‌എസുകാരുടെ മർദ്ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ആത്മാവ് സങ്കല്‍പമോ യാഥാർത്ഥ്യമോ?, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവില്‍കോഡും എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

1979 മുതല്‍ 1984 വരെയും 1995 മുതല്‍ 2000 വരെയും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ പഞ്ചായത്ത് മെമ്ബറായും പ്രവര്‍ത്തിച്ചു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാർഡ്, ഏറ്റവും നല്ല ഊർജ്ജ സംരക്ഷണ പൊജക്ടിനുള്ള അവാർഡ്, ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനുള്ള ഭാരത് സേവക് അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, എൻ.സി.മമ്മുട്ടി മാസ്റ്റർ അവാർഡ്, യുക്തിവിചാരം അവാർഡ്, വി.ടി. മെമ്മോറിയല്‍ അവാർഡ്, ഡോ.രാഹുലൻ മെമ്മോറിയല്‍ അവാർഡ്, മുത്തഖി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post