Fri. Mar 29th, 2024

‘കവിത എഎപി നേതാക്കള്‍ക്ക് 100 കോടി നല്‍കി; കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരുമായി ഗൂഢാലോചന നടത്തി’; ഇ ഡി

By admin Mar 19, 2024
Keralanewz.com

ദില്ലി മദ്യ അഴിമതിക്കേസില്‍ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത ആം ആദ്മി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയെന്ന് നല്‍കിയെന്ന് ഇ ഡി.

പണം നല്‍കിയത് ദില്ലി മദ്യനയ രൂപീകരണത്തിലും നടപ്പിലാക്കലിലും ആനുകൂല്യം ലഭിക്കാനെന്നും ഇ ഡി വ്യക്തമാക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളുമായി കെ കവിത ഗൂഢാലോചന നടത്തിയെന്നും ഇ ഡി ചൂണ്ടിക്കാണിക്കുന്നു. ‘അഴിമതിയും ഗൂഢാലോചനയും’ വഴി മൊത്തക്കച്ചവടക്കാരില്‍ നിന്ന് കൈക്കൂലിയുടെ രൂപത്തില്‍ അനധികൃത ഫണ്ടുകള്‍ എഎപിക്ക് വേണ്ടി കവിത സ്വരൂപിച്ചുവെന്നുമാണ് ഇ ഡിയുടെ ആരോപണം.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി രാജ്യത്തുടനീളമുള്ള 245 സ്ഥലങ്ങളില്‍ ഇഡി ഇതുവരെ പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ എന്നിവരടക്കം 15 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. കേസില്‍ ഒരു പ്രോസിക്യൂഷന്‍ പരാതിയും അഞ്ച് അനുബന്ധ പരാതികളും ഇഡി ഫയല്‍ ചെയ്തിട്ടുണ്ട്. കേസിന്റെ ഭാഗമായി ഇതുവരെ 128.79 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതായും അന്വേഷണ ഏജന്‍സി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ 15 വെള്ളിയാഴ്ചയായിരുന്നു ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി അറസ്റ്റ് ചെയ്തത്. കവിതയുടെ ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇഡി നല്‍കിയ സമന്‍സുകള്‍ കവിത അവഗണിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. കവിതയുടെ അഞ്ച് ഫോണുകളും ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര്‍ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ കൈക്കൂലി ഇനത്തില്‍ നല്‍കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിച്ചിരുന്നു.

Facebook Comments Box

By admin

Related Post