Sat. Apr 20th, 2024

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ശ്രദ്ധയ്ക്ക്; ചിക്കൻ പോക്‌സിനെതിരെ ജാഗ്രത വേണം, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മന്ത്രി വീണാ ജോര്‍ജ്ജ്

By admin Mar 26, 2024
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ – എച്ച്‌.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ലക്ഷണങ്ങള്‍ പ്രകടമാകുന്നു

ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. വ്യക്തമായ രോഗലക്ഷണങ്ങളുള്ളതിനാല്‍ രോഗനിര്‍ണയത്തിന് കാലതാമസമുണ്ടാകുന്നില്ല. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വെരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് രോഗകാരണം.

ചര്‍മത്തില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന കുമിളകള്‍ പ്രത്യക്ഷപ്പെടുന്ന ഹെര്‍പിസ് സോസ്റ്റര്‍ രോഗത്തിനും, ചിക്കന്‍പോക്‌സിനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ തെളിയിക്കപ്പെട്ടതാണ്.

രണ്ടിനും കാരണക്കാര്‍ ഡി.എന്‍.എ. വൈറസുകളായ വെരിസെല്ലാ സോസ്റ്റര്‍ വൈറസുകള്‍തന്നെ. വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങളിലാണ് രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുന്നത്.

അഞ്ചിനും ഒമ്ബതിനും ഇടയ്ക്ക് പ്രായമായ കുട്ടികളാണ് 50 ശതമാനത്തിലേറെ ചിക്കന്‍പോക്‌സ് രോഗികളും. ഒരിക്കല്‍ രോഗബാധിതനായ വ്യക്തിക്ക് സാധാരണഗതിയില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്ക്കുന്ന പ്രതിരോധശേഷി ലഭിക്കുന്നതാണ്.

രോഗപ്പകര്‍ച്ചയുടെ വഴി

രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. ചര്‍മത്തിലെ കുമിളകളിലും, ഉമിനീരിലും വൈറസിന്റെ സജീവസാന്നിധ്യമുണ്ട്. രോ
ഗാണുക്കളടങ്ങിയ ചെറുകണികകള്‍ ശ്വസിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു.
വൈറസുകള്‍ ബാഹ്യസാഹചര്യങ്ങളില്‍ പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ രോഗി ഉപയോഗിച്ച വസ്തുക്കളിലൂടെ രോഗപകര്‍ച്ചയ്ക്ക് സാധ്യതയില്ല. ചര്‍മ്മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നുരണ്ട് ദിവസം മുമ്ബുതന്നെ രോഗം മറ്റൊരാളിലേക്ക് പകരാവുന്നതാണ്.

ഇതാണ് ചിക്കന്‍ പോക്‌സ് വ്യാപനം സംബന്ധിച്ച ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം. പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാതെ പനി മാത്രം ബാധിച്ച വ്യക്തി, മുന്‍കരുതലുകളൊന്നും സ്വീകരിക്കാത്ത നിരവധിയാളുകളിലേക്ക് രോഗം പകര്‍ത്താനിടയാകുന്നു.

ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ട് 4 മുതല്‍ 5 ദിവസം വരെ രോഗം മറ്റുള്ളവരിലേക്ക് പകരാം. കുമിളകള്‍ ഉണങ്ങി പൊറ്റയാകുമ്ബോള്‍ വൈറസുകള്‍ നശിക്കുന്നു. അതുകൊണ്ട് രോഗത്തിന്റെ അവസാനഘട്ടത്തില്‍ രോഗിയില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗാണു സംക്രമണം ഉണ്ടാകുന്നില്ല.

പനി മാറി, കുമിളകള്‍ ഉണങ്ങി രോഗി കുളിക്കുന്ന അവസരത്തിലാണ് രോഗപകര്‍ച്ചയ്ക്ക് സാധ്യത എന്ന വിശ്വാസം തെറ്റാണ്. രോഗിയുമായി സഹവസിക്കുന്ന കുടുംബാംഗങ്ങളില്‍ 70 മുതല്‍ 90 ശതമാനം വരെ രോഗം പകര്‍ന്നുകിട്ടാനിടയുണ്ട്.

മാറ്റങ്ങള്‍ അറിയുക

രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച്‌ 7 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വ്യക്തമായ രോഗലക്ഷണങ്ങളുണ്ടാകാം.
പ്രായപൂര്‍ത്തിയായ പ്രതിരോധശേഷിയുള്ള വ്യക്തിയില്‍ പനിയോടൊപ്പം ചര്‍മത്തില്‍ പാടുകള്‍ പ്രത്യക്ഷപ്പെടുമെന്നല്ലാതെ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല.

5 ശതമാനത്തോളം കുട്ടികളില്‍ ചിക്കന്‍പോക്‌സ് ഒരു ചെറിയ പനിയായി മാത്രം വന്നുപോകുന്നു. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവരില്‍ ശക്തമായ രോഗാണുബാധ, ദേഹമാസകലം കുമിളകള്‍ ഇവ പ്രത്യക്ഷപ്പെടുന്നു.

മാത്രമല്ല ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തകരാറുകള്‍ക്കും ഇടയായേക്കാം. ഇവരില്‍ 30 മുതല്‍ 50 ശതമാനത്തിന് രോഗം ഗുരുതരമാകുന്നു. 15 ശതമാനമാണ് മരണ സാധ്യത.

ദേഹത്തു പാടുകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്ബ്, ചിക്കപോക്‌സിന്റെ ലക്ഷണങ്ങള്‍ സാധാരണ പനിയുടേതില്‍നിന്നും വ്യത്യസ്തമല്ല. പനി, നടുവേദന, തലവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

കുട്ടികളില്‍ സാധാരണയായി ഒരു ദിവസം മാത്രമേ ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാറുള്ളൂ. എന്നാല്‍ പ്രായമായവരില്‍ കൂടുതല്‍ ശക്തിയോടെ പ്രത്യക്ഷപ്പെടുന്ന പ്രാരംഭലക്ഷണങ്ങള്‍ രണ്ടു മുതല്‍ മൂന്നു ദിവസംവരെ തുടരുന്നു.

രോഗം ശരീര ഭാഗങ്ങളില്‍

പ്രാരംഭലക്ഷണങ്ങളെ തുടര്‍ന്ന് ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന പാടുകളും കുമിളകളുമാണ് ചിക്കന്‍പോക്‌സിന്റെ പ്രധാനലക്ഷണം. പാടുകള്‍ നെഞ്ചത്തും വയറ്റിലുമാണ് ആദ്യമുണ്ടാകുന്നത്. തുടര്‍ന്ന് മുഖത്തും കൈകാലുകളിലും കുറഞ്ഞ അളവില്‍ പാടുകളുണ്ടാകുന്നു. കൈവെള്ളയിലും പാദത്തിന്റെ അടിഭാഗത്തും കുമിളകള്‍ ഉണ്ടാകാറില്ല.

ചുമന്നു തടിച്ച പാടുകള്‍ പെട്ടെന്നുതന്നെ ചെറിയ കുമിളകളാകുകയും ഉണങ്ങി പൊറ്റയായും മാറുന്നു. വായിലും തൊണ്ടയിലും ഗുഹ്യഭാഗങ്ങളിലും കുമിളകളുണ്ടാകാം. മഞ്ഞുതുള്ളികള്‍ വാരിയെറിഞ്ഞപോലെ കാണപ്പെടുന്ന കുമിളകളില്‍ തെളിഞ്ഞദ്രാവകം നിറഞ്ഞിരിക്കും.

വിവിധ ഘട്ടങ്ങളിലുള്ള പാടുകള്‍ ഒരേസമയത്ത് ശരീരത്തില്‍ കാണാന്‍ സാധിക്കുമെന്നത് ചിക്കന്‍പോക്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. ചര്‍മത്തിലെ പാടുകളുടെ എണ്ണവും സ്വഭാവവും ഓരോ വ്യക്തിയിലും പ്രത്യേകമായിരിക്കും.

കുറച്ചു പാടുകള്‍ മുതല്‍ 2000 വരെ കുമിളകള്‍ രോഗബാധയെ തുടര്‍ന്നുണ്ടാകാറുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരില്‍ കൂടുതല്‍ കണ്ടുവരുന്ന കുമിളകള്‍ കരിയുവാനും കൂടുതല്‍ സമയം വേണ്ടി വരുന്നു.

രോഗസങ്കീര്‍ണതകള്‍

ചര്‍മത്തിലുണ്ടാകുന്ന ബാക്ടീരിയല്‍ രോഗാണുബാധയാണ് സാധാരണയായി കണ്ടുവരുന്ന സങ്കീര്‍ണത. സെപ്‌റ്റോ കോക്കസ്, സ്റ്റഫൈലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യംമൂലം കുമിളകളില്‍ പഴുപ്പ് നിറയുന്നു.

പലപ്പോഴും കുമിളകള്‍ ചൊറിഞ്ഞുപൊട്ടുമ്ബോഴാണ് ബാക്ടീരിയല്‍ രോഗാണുബാധയുണ്ടാകുന്നത്. കുട്ടികളില്‍ തലച്ചോറിലെ വൈറസ് ബാധയെ തുടര്‍ന്ന് മെനിഞ്ചൈറ്റിസ്, എന്‍സിഫലൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം.

നാഡീഞരമ്ബുകളേയും സുഷ്മനാഡികളേയും ബാധിക്കുന്ന രോഗം കൈകാല്‍ മരവിക്കലിനും തളര്‍ച്ചയ്ക്കുമിടയാക്കുന്നു.

ചര്‍മത്തില്‍ പാടുകളുണ്ടായി 3 ആഴ്ചക്കുശേഷമായിരിക്കും ഇത്തരം സങ്കീര്‍ണതകള്‍ ഉണ്ടാകുന്നത്. ചിക്കന്‍പോക്‌സിനെ തുടര്‍ന്നുണ്ടാകുന്ന ന്യുമോണിയയാണ് പ്രായമായവരില്‍ കണ്ടുവരുന്ന ഗുരുതരമായ പ്രശ്‌നം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ പ്രത്യക്ഷപ്പെടുന്ന ന്യുമോണിയയെ തുടര്‍ന്ന് ചുമ, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, കഫത്തില്‍ രക്തം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകാം.

പ്രതിരോധശേഷിയുള്ളവരില്‍ ചര്‍മത്തിലെ പാടുകള്‍ അപ്രത്യക്ഷമാകുന്നതിനനുസരിച്ച്‌ ന്യൂമോണിയയും ഭേദമാകുന്നു. എന്നാല്‍ ദുര്‍ബലമായ ശരീരപ്രകൃതിയുള്ളവരില്‍ ന്യുമോണിയ ലക്ഷണങ്ങള്‍ ആഴ്ചകള്‍ നീണ്ടുനില്ക്കാം.

ഗുരുതരമാകുന്ന ചിക്കന്‍പോക്‌സ് ഹൃദയം, വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തകരാറുകള്‍ക്ക് കാരണമാകാം. സന്ധിവാതരോഗങ്ങള്‍ക്കും, ഗുരുതരമായ ആന്തരിക രക്തസ്രാവത്തിനും ഇടയാക്കാമെന്നതാണ് മറ്റൊരു സങ്കീര്‍ണത.

ഗര്‍ഭിണികളില്‍

ഗര്‍ഭിണികളിലെ ചിക്കന്‍പോക്‌സ് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. രോഗിയായ അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് രോഗം പകരാവുന്നതാണ്. പ്രസവസമയത്തും, രോഗം ബാധിച്ച അമ്മയില്‍നിന്നും രോഗം പകരാം.
ഗര്‍ഭസ്ഥശിശുവിനെ ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ശാരീരിക വൈകല്യങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്. ചിക്കന്‍പോക്‌സ് ബാധിച്ച ചിലരില്‍ രോഗം ഭേദമായാലും രോഗാണുക്കള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്നില്ല.

നാഡീഞരമ്ബുകളില്‍ ദീര്‍ഘനാള്‍ കഴിയുന്ന വൈറസുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന അവസരങ്ങളില്‍ വീണ്ടും സജീവമാകുന്നു. ഇതിനെ തുടര്‍ന്ന് ദേഹത്ത് അസഹനീയമായ വേദനയോടുകൂടി ചെറുകുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. ഈ അവസ്ഥയ്ക്കാണ് ഹെര്‍പിസ് സോസ്റ്റര്‍ എന്നു പറയുന്നത്.

സാധാരണയായി മുഖത്തോ നെഞ്ചിലോ വയറിലോ ഒരു വശത്തു മാത്രമായി ഒരു പ്രത്യേക നാഡീഞരമ്ബിന്റെ ഭാഗത്തായിരിക്കും കുമിളകളുണ്ടാകുന്നത്. കുമിളകളുണ്ടാകുന്നതിനു മുമ്ബും അപ്രത്യക്ഷമായതിനുശേഷവും നാഡീഞരമ്ബുകളില്‍ ദുഃസഹമായ വേദനയുണ്ടാകാറുണ്ട്. പ്രായമേറിയവരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്.

രോഗനിര്‍ണയവും ചികിത്സയും

വിശദമായ ദേഹപരിശോധന മാത്രം മതിയാകും രോഗനിര്‍ണയത്തിന്. രോഗാണുക്കള്‍ക്കെതിരായി ശരീരം ഉല്പാദിപ്പിച്ച ആന്റി ബോഡികളെ കണ്ടെത്തിയും പോളീമറൈസ് ചെയിന്‍ റിയാക്ഷനിലൂടെ വൈറസ് ഡി.എന്‍.എ വേര്‍തിരിച്ചും രോഗം ഉറപ്പിക്കാവുന്നതാണ്. ചിക്കന്‍പോക്‌സ് സാധാരണയായി ഗുരുതരമാകാറില്ല.

രോഗിക്ക് ആവശ്യത്തിന് വിശ്രമം നല്‍കുക. പനിയും തലവേദനയും കുറയാനുള്ള മരുന്നുകള്‍ നല്‍കിയാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ രോഗം അപ്രത്യക്ഷമാകുന്നതാണ്.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് 24 മണിക്കൂറിനകം ആന്റി വൈറല്‍ മരുന്നുകള്‍ നല്‍കിയാല്‍ രോഗത്തിന്റെ തീവ്രതയിലും അസ്വസ്ഥതകളിലും കുറവുണ്ടാകും. രോഗിക്ക് കര്‍ശനമായ ഭക്ഷണ നിയന്ത്രണങ്ങളുടെ ആവശ്യമില്ല.

ഗര്‍ഭിണികള്‍ക്കും പ്രസവസമയത്ത് രോഗാണുബാധയുണ്ടായ അമ്മമാരുടെ നവജാതശിശുക്കള്‍ക്കും ഇമ്മ്യൂണോ ഗ്ലോബിനുകള്‍ നല്കാവുന്നതാണ്.

Facebook Comments Box

By admin

Related Post