മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു; വിട പറഞ്ഞത് ബിജെപിയെ ആദ്യമായി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറ്റിയ കരുത്തനായി നേതാവ്;

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവുമായ എ ബി വാജ്പേയി (94)അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൂത്രനാളി, ശ്വാസനാളിയിലെ അണുബാധ വൃക്കരോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. വിയോഗവേളയില്‍ ബിജെപി നേതാക്കളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.
1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, രോഗം കാരണം 2009 മുതല്‍ പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഒരു പതിറ്റാണ്ടായി മറവി രോഗം ബാധിച്ചു കിടക്കയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. രാജ്യം ഭാരതരത്നം നല്‍കി ആദരിച്ച മഹാനായ നേതാവിന്റെ വിയോഗത്തിന്റെ തേങ്ങലിലാണ് ഭാരതം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും പ്രിയങ്കരനായിരുനന്നു വാജ്പേയി. ഏറെക്കാലമായി മറവിരോഗത്തിന്റെ പിടിയിലാണ് മുന്‍ പ്രധാനമന്ത്രി.

വിദ്യാര്‍ത്ഥി നേതാവ്, പത്രാധിപര്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, കവി, പ്രഗത്ഭനായ വാഗ്മി, നയതന്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം മികവ് പ്രകടിപ്പിച്ച നേതാവാണ് വാജ്‌പേയി. അമ്ബതു വര്‍ഷം പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരു സഭയില്‍ അംഗമായി തുടരാന്‍ ഭാഗ്യം സിദ്ധിച്ച ഏക വ്യക്തിയും അടല്‍ബിഹാരി വാജ്‌പേയിയാണ്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവി വഹിക്കാന്‍ ഭാഗ്യമുണ്ടായ കോണ്‍ഗ്രസ്സിതര നേതാവും വാജ്‌പേയി മാത്രമാണ്. കൃഷ്ണ ബിഹാരിക്കും കൃഷ്ണാ ദേവിക്കും മകനായി 1924 ഡിസംബര്‍ 25ന് അടല്‍ ബിഹാരി ജനിച്ചു. വളര്‍ന്ന് വിദ്യാഭ്യാസം നേടി രാഷ്ട്രമീമാംസ, ചരിത്രം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അടല്‍ബിഹാരി പത്രപ്രവര്‍ത്തനത്തിലും സജീവമായി പങ്കാളിയായി. രാഷ്ട്രധര്‍മ്മ, പാഞ്ചജന്യ, സ്വദേശ്, വീര അര്‍ജ്ജുന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. മുത്തച്ഛന്‍ ശ്യാംലാല്‍ ഹിന്ദിയില്‍ നല്ലൊരു കവിയായിരുന്നു. ആ പാരമ്ബര്യം ലഭിച്ചത് അടല്‍ജിക്ക്.

1951ല്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച്‌ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഒരു ദേശീയ പ്രതിപക്ഷ കക്ഷിയുടെ രൂപീകരണത്തിനുവേണ്ടി പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി ഒപ്പമുണ്ടായിരുന്നതും അടല്‍ബിഹാരി വാജ്‌പേയിയാണ്. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകാംഗമായും സ്ഥാപകാദ്ധ്യക്ഷന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1957ല്‍ അടല്‍ജി ലോക്‌സഭാംഗമായി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ ഉടന്‍ 1977ല്‍ ജനതാഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ അതില്‍ വിദേശകാര്യമന്ത്രിയായി. 1980ല്‍ ജനതാപാര്‍ട്ടി തകര്‍ന്നു. ബിജെപി രൂപമെടുത്തു. അതിന്റെയും ആദ്യത്തെ അധ്യക്ഷനായി വാജ്‌പേയി തന്നെ തിരഞ്ഞെടുക്കപ്പെട്ടു.

1996ല്‍ പതിമൂന്ന് ദിവസത്തെ ഭരണത്തിനുശേഷം ഭൂരിപക്ഷം നേടാനാവാതെ രാജിവച്ചിറങ്ങിപ്പോരുമ്ബോള്‍ ആത്മവിശ്വാസത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു. 1998 ഫെബ്രുവരിയില്‍ ആരും ഭരണമേറ്റെടുക്കാനില്ലാത്ത സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തി. ബിജെപിക്കു 179 സീറ്റും കോണ്‍ഗ്രസിനു 139 സീറ്റും കിട്ടി. രാജ്യം അനാഥമാകരുതെന്നാഗ്രഹിച്ച 13 പാര്‍ട്ടികള്‍ ബിജെപിക്കു പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്നു. അങ്ങനെ 1998 മാര്‍ച്ച്‌ 13ന് വാജ്‌പേയി വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1999 സെപ്റ്റംബറില്‍ വീണ്ടും തെരഞ്ഞെടുപ്പുനടന്നു. അപ്പോഴും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഘടകകക്ഷികളുടെ പിന്തുണയില്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ ദേശീയജനാധിപത്യസഖ്യം നിലവില്‍ വന്നു. മന്ത്രിസഭയും രൂപീകരിച്ചു. ആ സര്‍ക്കാര്‍ 2004 മെയ് 13 വരെ നിലനിന്നു. പൊഖ്‌റാന്‍ ആണവ സ്‌ഫോടനം, കാര്‍ഗില്‍ യുദ്ധം, വിദേശരാജ്യങ്ങളുമായുള്ള മികച്ച ബന്ധം എന്നിവയില്‍ വാജ്‌പേയി പ്രകടിപ്പിച്ച മിടുക്ക് അനുകരണീയമായിരുന്നു

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.

Shares