ചെന്നൈയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചത് പട്ടിയിറച്ചിയല്ലെന്ന് റിപ്പോര്‍ട്ട് ; ആടിന്റെയോ ചെമ്മരിയാടിന്റേയോ ആകാമെന്ന് പരിശോധനാ ഫലം; പരിശോധന നടത്തിയത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്നാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്

Please follow and like us:
190k

ചെന്നൈ: പട്ടിയിറച്ചിയെന്ന് പറഞ്ഞ് സംശയിച്ചത് ആട്ടിറച്ചി തന്നെയെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയ 2,196 കിലോ പഴകിയ ഇറച്ചി പട്ടിയുടേതാണെന്ന് സംശയം ഉയര്‍ന്നിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ഏറെ പരിഭ്രാന്തിയാണ് പരത്തിയത്. എന്നാല്‍ ഇത് പട്ടിയിറച്ചിയല്ലെന്നും ആടിന്റേയോ ചെമ്മരിയാടിന്റേയോ ആകാമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

തമിഴ്‌നാട് വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയാണ് പരിശോധനാഫലം പുറത്ത് വിട്ടത്. ചില ചെമ്മരിയാടുകളുടെ വാലിന് നീളം കൂടുതലാണ്. ഇതു കൊണ്ട് തന്നെ പട്ടിയിറച്ചിയാണെന്ന് സംശയിച്ചതാകാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജസ്ഥാനില്‍ നിന്നാണ് ചെന്നൈയിലേക്ക് ഇറച്ചി എത്തിച്ചത്. ഇവയില്‍ നിന്നും അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിന് പിന്നാലെയാണ് ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പരിശോധന നടത്തിയത്.

ആദ്യം പിടിച്ചത് പട്ടിയിറച്ചിയാണെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും ആഹാരം കഴിക്കുന്നവര്‍ ആശങ്കയിലായിരുന്നു. സംഭവത്തില്‍ പൊലീസും ഭക്ഷ്യവകുപ്പും കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പിടിച്ചെടുത്ത ഇറച്ചി നഗരത്തിലെ ഹോട്ടലുകളില്‍ വിതരണം ചെയ്യാനായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് എത്തിച്ചിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. രാജസ്ഥാനില്‍നിന്നുള്ള ജോധ്പുര്‍ എക്സ്‌പ്രസ് തീവണ്ടിയിലാണ് തോലുരിഞ്ഞ് വൃത്തിയാക്കി തെര്‍മോകോള്‍ പെട്ടികളില്‍ നിറച്ച നിലയില്‍ ഇറച്ചി കണ്ടെടുത്തത്.

എഗ്മൂര്‍ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഇത്. ആദ്യം തന്നെ സംശയം തോന്നിയതിനാല്‍ ഇറച്ചിയുടെ സാമ്ബിള്‍ ലാബിലേക്ക് അയച്ചു. ജോധ്പുരില്‍ നിന്ന് മുഹമ്മദ് ഉമര്‍ എന്ന പേരിലാണ് പാര്‍സല്‍ അയച്ചിട്ടുള്ളത്. എന്നാല്‍, സ്വീകര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് എ ഇസെഡ് എന്നു മാത്രമാണ് ഉണ്ടായിരുന്നത്. പാര്‍സല്‍ അന്വേഷിച്ച്‌ ഏതാനും ഇറച്ചിക്കച്ചവടക്കാര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പൊലീസിന് സംശയം കനത്തത്. ഇതിനു പിന്നില്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)