യുഡിഎഫുമായുള്ള ചര്‍ച്ച പരാജയം; കേരള ബാങ്കില്‍ നിന്ന് അഞ്ച് ജില്ലാ ബാങ്കുകള്‍ പുറത്താകും

 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്താതെ കേരള ബാങ്ക് രൂപവത്കരണത്തിനൊരുങ്ങി സര്‍ക്കാര്‍. സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഈ ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തില്‍ ഉണ്ടാകില്ലെന്നതിനാലാണ് ഇവയെ ഒഴിവാക്കുന്നത്. കോട്ടയം, ഇടുക്കി, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലാ ബാങ്കുകളാണ് ഇത്തരത്തില്‍ ഒഴിവാകുക. രാഷ്ട്രീയ സമവായമുണ്ടാക്കാന്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. മലപ്പുറം ജില്ലാ ബാങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം യുഡിഎഫിനാണ്. കാസര്‍കോട് ജില്ലാ ബാങ്കില്‍ ബിജെപി നിലപാടും നിര്‍ണായകമാകും.
14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച്‌ കേരളബാങ്ക് രൂപവത്കരിക്കാനാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയത്. ഇതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കി. അന്തിമാനുമതിക്കായി 19 ഉപാധികള്‍ മുന്നോട്ടുവച്ചു. സംസ്ഥാന സഹകരണ നിയമവും ചട്ടവും പാലിച്ചുമാത്രമേ ലയനം നടത്താവൂ എന്നതാണ് ഇതില്‍ ആദ്യത്തേത്. നിയമത്തിലെ ഓരോ വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നും ആര്‍ബിഐ പ്രത്യേകം പരാമര്‍ശിക്കുന്നു.

ഒരു സഹകരണ സ്ഥാപനം മറ്റൊരു സഹകരണ സ്ഥാപനത്തില്‍ ലയിപ്പിക്കാന്‍ പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നാണ് ചട്ടം. കേരള ബാങ്കിനെ യുഡിഎഫ് എതിര്‍ക്കുന്നതിനാല്‍ ഈ വ്യവസ്ഥ അഞ്ച് ജില്ലാ സഹകരണ ബാങ്കുകളില്‍ പാലിക്കാനാവാത്ത സ്ഥിതിയാണ്. നിയമഭേദഗതിയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ആലോചനയുണ്ടായിരുന്നു.

എന്നാല്‍ സഹകരണ നിയമത്തിലും കമ്ബനി നിയമത്തിലുമുള്ള ഒരു നിബന്ധന സര്‍ക്കാര്‍ ഭേദഗതിയിലൂടെ കേരളബാങ്കിനായി മറികടക്കാന്‍ ശ്രമിച്ചാല്‍ റിസര്‍വ് ബാങ്ക് എതിര്‍ക്കാനിടയുണ്ട്. ഇതുസംബന്ധിച്ച്‌ പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള പരാതികള്‍ റിസര്‍വ് ബാങ്കിന് ലഭിച്ചിട്ടുമുണ്ട്. അതിനാല്‍ നിയമഭേദഗതിയെ ഏതെങ്കിലും ജില്ലാ ബാങ്ക് കോടതിയില്‍ ചോദ്യം ചെയ്താലും കേരളബാങ്ക് രൂപവത്കരണത്തെ ബാധിക്കും.

ഛത്തീസ്ഗഢില്‍ സംസ്ഥാന ബാങ്കുമായി ചേരാതെ ഒരു ജില്ലാബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ റിസര്‍വ് ബാങ്ക് എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നത് സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്നു.

ജനുവരി 15-നകം എല്ലാ ജില്ലകളിലും പ്രാഥമിക സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളാണ് ജില്ലാ ബാങ്കുകളിലെ അംഗങ്ങള്‍. അതിനാല്‍, ഇവരുടെ പിന്തുണ ഉറപ്പാക്കാനായാല്‍ പരമാവധി ജില്ലാ ബാങ്കുകളെ കൂടെനിര്‍ത്താനാകുമെന്ന്‌ സര്‍ക്കാര്‍ കരുതുന്നു. കേരളബാങ്കിന്റെ ഭാഗമാകാത്ത ജില്ലാ ബാങ്കുകള്‍ക്കും അതിലെ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും പ്രതിസന്ധിയുണ്ടാകുമെന്ന സന്ദേശവും ഈ യോഗങ്ങളില്‍ നല്‍കും.

പൊതുയോഗത്തില്‍ അവതരിപ്പിക്കാനായി ലയന രേഖ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപകരെക്കൂടി ഇത് അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ലയനത്തിന് സര്‍ക്കാര്‍- ജില്ലാ ബാങ്ക്- സംസ്ഥാന സഹകരണ ബാങ്ക് എന്നിവ സംയുക്തമായി ധാരണാപത്രം (എംഒയു) ഒപ്പുവെക്കണം. ഇതിനുള്ള രേഖയും തയ്യാറാക്കി. ഫെബ്രുവരി പകുതിയോടെ കേരളബാങ്കിന്റെ പ്രഖ്യാപനമുണ്ടാകും. 15 ഉപസമിതികളാണ് കേരളബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares