മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയില്‍

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ വസതിയില്‍ ആയിരുന്നു അന്ത്യം. ഏറെക്കാലമായി അല്‍ഷിമേഴ്‌സ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. പാര്‍ക്കിന്‍സണ്‍സ് രോഗവും അദ്ദേഹത്തിനുണ്ടായിരുന്നു. രോഗബാധയെ തുടര്‍ന്നാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് 2010ല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ട് നിന്നത്.

എന്‍ഡിഎ കണ്‍വീനര്‍ ആയിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്താണ് തീപ്പൊരി നേതാവായി ദേശീയ രാഷ്ട്രീയത്തില്‍ വളര്‍ന്നത്. സമതാ പാര്‍ട്ടി സ്ഥാപിച്ചത് ജോര്‍ജ് ഫെര്‍ണാണ്ടസ് ആണ്. അടിയന്തരാവസ്ഥക്കാലത്ത് ഏറെനാള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ജനിച്ച്‌ വളര്‍ന്ന് ദേശീയ രാഷ്ട്രീയത്തിലെ അതികായനിലേക്കുളള ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്. 1930 ജൂണ്‍ ഒന്നിന് മംഗലാപുരത്താണ് ജോര്‍ജ് ഫെര്‍ണാണ്ടസ് ജനിച്ചത്. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് രാഷ്ട്രീയം പഠിക്കുന്നത് മുംബൈയില്‍ വെച്ചാണ്. ട്രേഡ് യൂണിയന്‍ സമരങ്ങളിലൂടെ ഇന്ദിര ഗാന്ധിയെ പോലും വിറപ്പിച്ച നേതാവെന്നാണ് ചരിത്രം ജോര്‍ജ് ഫെര്‍ണാണ്ടസിനെ രേഖപ്പെടുത്തുന്നത്. ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്ക് എതിരെ ശബ്ദമുയര്‍ത്തി പോരാടിയ മുന്‍നിര നേതാക്കളിലൊരാള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares