യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല; അയഞ്ഞില്ലെന്ന് മാണി, ചൊവ്വാഴ്ച ആലുവയില്‍ വീണ്ടും ചര്‍ച്ച

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച ഇനിയും നടത്തും. ചൊവ്വാഴ്ച ആലുവയില്‍ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ടു സീറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് ഇതിന് തയ്യാറല്ല. ഇന്നത്തെ യോഗത്തില്‍ തങ്ങളുടെ ആവശ്യം മാണി വ്യക്തമാക്കി. വിശദമായ ചര്‍ച്ച നടത്തിയ ശേഷം ചൊവ്വാഴ്ച തീരുമാനം അറിയിക്കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. കോണ്‍ഗ്രസ് പുതിയ ഫോര്‍മുല മുന്നോട്ട് വെക്കുമെന്നാണ് വിവരം.

പാര്‍ട്ടി അയഞ്ഞെന്ന് കരുതേണ്ടെന്ന് മാണി പറഞ്ഞു. അടുത്ത യോഗത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറയുന്ന സീറ്റില്‍ മല്‍സരിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. രണ്ടു സീറ്റ് കിട്ടാന്‍ കേരളാ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് നോട്ടമിടുന്നത്. രണ്ട് സീറ്റ് വേണമെന്നാണ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. എന്നാല്‍ താന്‍ മല്‍സരിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മാണിയാണ്.

പിജെ ജോസഫിനെ മല്‍സരിപ്പിക്കേണ്ട എന്നാണ് മാണിയുടെ തീരുമാനം എന്നറിയുന്നു. ജോസഫുമായി ഇക്കാര്യം അദ്ദേഹം ചര്‍ച്ച നടത്തിയതുമില്ല. സീറ്റ് കിട്ടിയില്ലെങ്കില്‍ പിജെ ജോസഫ് പുറത്തേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പോലും ജോസഫിനെ മല്‍സരിപ്പിക്കേണ്ട എന്നാണ് മാണി തീരുമാനിച്ചതത്രെ

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares