സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനു വിലക്ക്, ഗുണ്ടകളുമായി നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി അക്രമം കാട്ടിയെന്നു പരാതി

കൊച്ചി : ഗുണ്ടകളുമായി ചലച്ചിത്ര നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി അക്രമം കാട്ടിയെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി.
റോഷന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാതാക്കള്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.

പതിനഞ്ചോളം വരുന്ന സംഘവുമായി കഴിഞ്ഞ രാത്രിയിലാണ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ റോഷന്‍ എത്തിയത്. സംഭവത്തെക്കുറിച്ച്‌ ആനല്‍വിന്‍ ആന്റണിയും റോഷനും പറയുന്നത് രണ്ടു തരത്തിലാണ്.

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി നേരത്തേ റോഷന്റെ സഹസംവിധായകനായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു, മുംബയ് പൊലീസ് എന്നീ റോഷന്‍ ചിത്രങ്ങളില്‍ ആല്‍വിന്‍ ജോണ്‍ സഹകരിച്ചിരുന്നു. ഈ ചിത്രങ്ങളില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച പെണ്‍കുട്ടിയുമായി ആല്‍വിന്‍ ജോണിനു സൗഹൃദമുണ്ടായിരുന്നു. ഇതു റോഷന് ഇഷ്ടപ്പെട്ടില്ല. ഈ അടുപ്പം അവസാനിപ്പിക്കണമെന്നു പറഞ്ഞിട്ടും അനുസരിക്കാതിരുന്നതിന് റോഷന്‍ തനിക്കെതിരേതിരിയുകയായിരുന്നുവെന്ന് ആല്‍വിന്‍ ജോണ്‍ പറയുന്നു.

ഞാന്‍ മയക്കുമരുന്നിന് അടിമയെന്നാണ് എന്നെക്കുറിച്ച്‌ റോഷന്‍ പറയുന്നത്. എന്നെ അറിയുന്ന ആരും അങ്ങനെ പറയില്ല. പെണ്ണുകേസാണ് ഇതിനെല്ലാം കാരണം. ഞാന്‍ ഇന്നുവരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. മയക്കു മരുന്നു ഉപയോഗിച്ചാല്‍ എന്നെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയേനേ.

നാല്പതോളം ഗുണ്ടകളുമായാണ് റോഷന്‍ ആന്‍ഡ്രൂസ് വീട്ടിലേക്ക് വന്നത്. അപ്പോള്‍ ഞാന്‍ വീട്ടിലില്ലായിരുന്നു. മമ്മിയും ഡാഡിയും ഏഴാം കഌസില്‍ പഠിക്കുന്ന കുഞ്ഞനുജത്തിയും എന്റെ സുഹൃത്ത് ഡോ ബിനോയുമാണ് അവിടെ ഉണ്ടായിരുന്നത്. ഡോക്ടറെയാണ് അവര്‍ കൂടുതല്‍ ആക്രമിച്ചത്. മമ്മിയെ അവര്‍ തള്ളിയിട്ടു. ഭീകരാന്തരീക്ഷമാണ് വീട്ടില്‍ സൃഷ്ടിച്ചത്. ഡോ. ബിനോയ് ആശുപത്രിയില്‍ ചികിത്സയിലാണ്, ആല്‍വിന്‍ പറഞ്ഞു.

എന്നാല്‍, റോഷന്‍ പറയുന്നത് മറ്റൊന്നാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് ആല്‍വിന്‍ ജോണിനെ സെറ്റില്‍ നിന്നു പുറത്താക്കിയതിലുള്ള വൈരാഗ്യമാണ് പരാതിക്ക് കാരണം. വിഷയം സംസാരിച്ചു പരിഹരിക്കാന്‍ പോയ എന്നെയും സുഹൃത്തിനെയും ആല്‍വിന്‍ ആന്റണി ആക്രമിച്ചു, റോഷന്‍ പറയുന്നു.
എന്നാല്‍, കേസില്‍ റോഷന്‍ കുരുങ്ങുമെന്നാണ് സൂചന. വീട്ടില്‍ നിരവധി പേരയും കൂട്ടി പോയി അക്രമമുണ്ടാക്കിയെന്നതു തന്നെയാണ് റോഷനെ പ്രതിക്കൂട്ടിലാക്കുന്നത്. റോഷനും സംഘവും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ആല്‍വിന്‍ ആന്റണി പൊലീസിന് കൈമാറി.

ആല്‍വിനെതിരേ റോഷനും എറണാകുളം സൗത്ത് പൊലീസില്‍ പരാതിപ്പെട്ടു. അന്വേഷണം മരവിപ്പിക്കാന്‍ വിവിധ കോണുകളില്‍ നിന്നു സമ്മര്‍ദ്ദമുണ്ടെന്ന് ആക്ഷേപമുണ്ട്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares