പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം; ഇനി ഇന്ത്യയിലൊരു ആക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ലവാഷിംഗ്‍ടണ്‍: ഇനി ഇന്ത്യയിലൊരു ഭീകരാക്രമണമുണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്ന് പാകിസ്ഥാന് അമേരിക്കയുടെ അന്ത്യശാസനം. രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അത് ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുന്ന നടപടിയായിരിക്കണം. പേരിനൊരു നടപടിയില്‍ കാര്യം അവസാനിക്കില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.

”പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയ്യിബ എന്നീ ഭീകരസംഘടനകള്‍ക്ക് നേരെ, ശക്തമായ നടപടിയെടുത്തു എന്നതിന് തെളിവുകള്‍ ഞങ്ങള്‍ക്കാവശ്യമുണ്ട്. കശ്മീര്‍ മേഖലയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാതിരിക്കുകയും വേണം. ഇക്കാര്യം പാകിസ്ഥാനെ അറിയിച്ചു കഴിഞ്ഞു.” വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.

”ഇത്തരം ഒരു നടപടിയെടുക്കാതിരിക്കുകയം ഇന്ത്യയില്‍ വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാവുകയും ചെയ്താല്‍, പിന്നെ പാകിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത് അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ – പാക് സംഘര്‍ഷത്തിന് വഴി വയ്ക്കും. ഇത് ഇരുരാജ്യങ്ങള്‍ക്കും ഭീഷണിയുമാണ്.” വൈറ്റ് ഹൗസ് പ്രതിനിധി പറയുന്നതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയ്ക്ക് എതിരെ അമേരിക്ക

മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനെതിരെ ചൈന വീറ്റോ നീക്കം നടത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് അമേരിക്ക രേഖപ്പെടുത്തുന്നത്. ”മസൂദ് അസറിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് രാജ്യാന്തര സമൂഹത്തിന്‍റെ ഒപ്പം ചേര്‍ന്ന് പാകിസ്ഥാനോട് പറയാന്‍ ചൈനയ്ക്ക് ഉത്തരവാദിത്തമുണ്ട്.” വൈറ്റ് ഹൗസ് പ്രതിനിധി വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയ്ക്ക് മുമ്ബില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടുവന്നു. എന്നാല്‍ ഇതിന് ഉടക്കിട്ടത് ചൈനയാണ്. വീറ്റോ അധികാരം ഉപയോഗിച്ച്‌ ഈ നീക്കം ചൈന തടഞ്ഞു.

പാകിസ്ഥാന്‍ എത്രത്തോളം ഭീകരസംഘടനകള്‍ക്ക് നേരെ നടപടിയെടുത്തെന്ന് വിലയിരുത്താനാകില്ലെന്നാണ് ഇപ്പോള്‍ അമേരിക്ക കരുതുന്നത്. ജയ്ഷെ മുഹമ്മദിന്‍റെ സ്വത്തുക്കള്‍ മരവിപ്പിച്ചതുള്‍പ്പടെ അമേരിക്ക പരിശോധിച്ചു വരികയാണ്. ജയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളുടെ നിയന്ത്രണം പാകിസ്ഥാന്‍ ഏറ്റെടുത്തോ എന്നും അമേരിക്ക പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ഈ നടപടികളില്‍ മാത്രം തൃപ്തരാകില്ലെന്ന നിലപാടാണ് അമേരിക്ക ആവര്‍ത്തിക്കുന്നത്. ഇനിയൊരിക്കലും ഭീകരസംഘടനകള്‍ക്ക് തിരികെ വന്ന് ആക്രമണം നടത്താന്‍ കഴിയാത്ത വിധം നടപടി വേണം. പലപ്പോഴും പല ഭീകരസംഘടനകളുടെയും നേതാക്കള്‍ അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നതും രാജ്യത്ത് റാലികള്‍ നടത്തുന്നതും കണ്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ലെന്നും അമേരിക്ക പറയുന്നു

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares