ജോസഫിലെ തെറ്റ് ചൂണ്ടിക്കാട്ടി ഡോക്ടറുടെ കുറിപ്പ് വൈറല്‍

Please follow and like us:
190k

ഒരു ദൃശ്യം ആയിരം വാക്കുകളേക്കാള്‍ കൂടുതല്‍ ഗുണം ചെയ്യും എന്ന് നാം കേട്ടിട്ടുണ്ട്. ഇതു പോലെ തന്നെയാണ് സിനിമകളും. ഓരോ സിനിമയും ആളുകളിലേക്ക് പകരുന്ന സന്ദേശങ്ങള്‍ അവരില്‍ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. സിനിമയില്‍ നായകനും നായികയും പറയുന്നത് ശരിയാണെന്ന് വിശ്വസിച്ച്‌ കേവലം ആസ്വാദനം എന്നതിലുപരി അനുകരണം എന്ന തലത്തിലേക്കും പല സിനിമകളും പ്രേക്ഷകരെ എത്തിക്കാറുണ്ട്. അപ്പോള്‍ സിനിമകളിലൂടെ പുറത്തെത്തുന്ന സന്ദേശങ്ങളും കൃത്യമായിരിക്കണം.

ഈ അടുത്തിടെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ… ജോജുവിന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടികൊടുത്ത ചിത്രമായിരുന്നു എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ്. ചിത്രത്തിലൂടെ അവയവദാന രംഗത്തെ തട്ടിപ്പുകളെ തുറന്നുകാട്ടുകയും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുകയും ചെയ്തു. എന്നാല്‍ പ്രദര്‍ശനത്തിന് എത്തിയത് മുതല്‍ മെഡിക്കല്‍ രംഗത്തുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒരു ചലച്ചിത്രം നല്‍കുന്ന സന്ദേശം അത് കൃത്യവും സത്യവുമായില്ലെങ്കില്‍ സിനിമാ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായ ഫലമായിരിക്കും സമൂഹത്തില്‍ ഉണ്ടാക്കുക.

ഇപ്പോഴിതാ ഒരു ഡോക്ടര്‍ ഈ സിനിമ നല്‍കുന്ന സന്ദേശത്തിനെതിരെ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്. എല്ലാം നഷ്ടമായി ജീവിതത്തില്‍ വെളിച്ചം കാത്തിരിക്കുന്ന ചില ജീവിതങ്ങളുടെ കൊങ്ങയ്ക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ് എന്ന വിമര്‍ശനവുമായാണ് ഡോക്ടര്‍ ഷിംന അസീസ് രംഗത്തെത്തിയിരിക്കുന്നത്.
സിനിമയുടെ അവസാനഭാഗത്ത് കാണിക്കുന്നത് പോലെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാല്‍ മസ്തിഷ്‌ക മരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഡോക്ടര്‍. എങ്ങനെയാണ് മസ്തിഷ്‌ക മരണം സംഭവിക്കുക, അതിന് ശേഷം അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയാണ് ഷിംന.
ഡോക്ടറുടെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.

അവയവ ദാനത്തെ കുറിച്ചുള്ള ആളുകളുടെ ചിന്താഗതി പാടെ മാറിയിരിക്കുകയാണ്. അടുത്തിടെ തന്റെ ഒരു സുഹൃത്ത് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. എന്തോ കുറേ ടെസ്റ്റിന് ബ്ലെഡ് എടുത്തു. തൊട്ടടുത്ത നിമിഷം സുഹൃത്ത് ചോദിക്കന്നത്ിങ്ങനെയാണ് എന്തിനാണ് ഇത്രയധികം ടെസ്റ്റ് ഒക്കെ തന്റെ കിഡ്‌നിയോ മറ്റോ അടിച്ചു മാറ്റാന്‍ പോവുകയാണോ എന്ന്.

ഇവരൊക്കെ പറയുന്നത് കേട്ടാല്‍ ആകെ മൊത്തം അരിച്ചാക്കില്‍ പൂഴ്ത്തി വെച്ച നൂറിന്റെ നോട്ട് ചികഞ്ഞെടുക്കുന്ന ലാഘവമാണ് കിഡ്നിയെടുക്കാന്‍ എന്ന് തോന്നിപ്പോകും ! എന്നാല്‍ അതല്ല വസ്തുത.അവയവങ്ങള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി പുതിയ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെയധികമാണ്. വൃക്ക ലഭിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണം മാത്രം 1744 എന്നാണ് കണക്ക്. ബാക്കിയുള്ളവരെക്കൂടി കൂട്ടുമ്‌ബോഴുള്ള അവസ്ഥ ഊഹിക്കാമല്ലോ.

മസ്തിഷ്‌കമരണശേഷം അവയവങ്ങള്‍ എടുക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ പാടേ കുറഞ്ഞു. ജീവനുള്ളവരില്‍ നിന്നും അവയവം നല്‍കുന്നതില്‍ കച്ചവടം പാടില്ലെന്ന് വിലക്കുള്ളതാണ്. പക്ഷേ, അതിലൊരു വന്‍കച്ചവടസാധ്യത ഉള്ളതിനാല്‍ ആ ഇടനിലക്കാരാവണം ന്യായമായ അവയവദാനങ്ങള്‍ക്കുള്ള സാധ്യതയായ മസ്തിഷ്‌കമരണശേഷമുള്ള അവയവദാനത്തിനെതിരേ തെറ്റായ കഥകള്‍ അടിച്ചിറക്കുന്നത്. അവര്‍ക്കെതിരെയുള്ള നടപടികള്‍ക്കായി ഐ.എം.എ അടക്കമുള്ള സംഘടനകള്‍ മുന്‍കൈ എടുക്കുന്നുമുണ്ട്. അല്ലെങ്കിലേ ആശുപത്രികള്‍ ‘കിഡ്നി മോഷണകേന്ദ്രങ്ങള്‍’ എന്ന് മുദ്ര കുത്തപ്പെട്ടിരിക്കുന്നതിന്റെ ഇടേല്‍ക്കൂടിയാണ് കഷ്ടപ്പാടിന്റെ മീതേ ബുദ്ധിമുട്ട് എന്ന് പറഞ്ഞ മാതിരി ‘ജോസഫ്’ സിനിമയിറങ്ങുന്നത്.

സിനിമയും ജോജുവിന്റെ അഭിനയവുമെല്ലാം സുപ്പര്‍ തന്നെ എന്നാല്‍ മുന്നോട്ട് ജീവിക്കാന്‍ അവസാനവഴി തേടുന്ന കുറേ സാധുക്കളുടെ കൊങ്ങക്ക് പിടിക്കുന്നതാണ് സിനിമയുടെ ക്ലൈമാക്സെന്ന് മാത്രം. ഇക്കാര്യം തിരക്കഥാകൃത്ത് തന്നെ കഴിഞ്ഞ ദിവസം തിരുത്തി മാപ്പ് പറയുകയും ചെയ്തു. പക്ഷെ സത്യം ചെരുപ്പിട്ടിറങ്ങുമ്ബോഴെക്കും നുണ അഞ്ചാറ് വേള്‍ഡ് ടൂര്‍ കഴിഞ്ഞ് വരുന്ന ഇക്കാലത്ത് എല്ലാം കഴിഞ്ഞ് അതല്ല ഇതല്ല എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല എന്നാണ് ഡോക്ടറുടെ വാദം.

മസ്തിഷ്‌കമരണം എന്നാല്‍ മരണം തന്നെയാണ്. ഏതെങ്കിലും കാരണം കൊണ്ട് തലച്ചോറിലേക്കുള്ള രക്തപ്രവാഹം അല്‍പസമയത്തേക്ക് നിലച്ചാല്‍ പോലും മസ്തിഷ്‌കകോശങ്ങള്‍ സ്ഥിരമായി നശിക്കും. മസ്തിഷ്‌കമരണം സംഭവിച്ച്‌ അല്‍പസമയം കൂടി ഹൃദയം മിടിക്കാറുണ്ട്. കാരണം, ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന autonomic nervous system തലച്ചോറിന്റെ നിയന്ത്രണത്തില്‍ നിന്നും സ്വതന്ത്ര്യമാണ്. ക്രമേണ ആ മിടിപ്പും ഇല്ലാതാകും.

മസ്തിഷ്‌കമരണം സംഭവിച്ച്‌ കഴിഞ്ഞാല്‍ അതില്‍ നിന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ല. ആ വ്യക്തിക്ക് വേദനയറിയില്ല, ബോധമില്ല, ജീവന്റെ യാതൊരു പ്രത്യേകതകളുമില്ല. എന്നാല്‍ അവയവങ്ങളിലേക്ക് രക്തപ്രവാഹമുള്ളതിനാല്‍ ഹൃദയമിടിപ്പ് എന്നെന്നേക്കുമായി നിലക്കുന്നതിന് മുന്‍പുള്ള ഇത്തിരി നേരത്ത് ആ അവയവങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസ്ഥയിലാണ്. അപ്പോള്‍ അവയവ ദാനമെന്ന തീരുമാനമെടുത്താല്‍ എത്രയോ ജീവന് തുണയാകാന്‍ സാധിക്കും.

ജോസഫിലെ പോലെ ടൂവീലര്‍ പിറകീന്ന് ഇടിച്ച്‌ തള്ളിമറിച്ചിട്ട് കാറില്‍ കയറ്റി ചുറ്റിക കൊണ്ടടിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോയിട്ടാല്‍ മസ്തിഷ്‌കമരണം സാധ്യമാകുമോ?സാധിക്കില്ല. കൃത്യമായി ബ്രെയിന്‍സ്റ്റെമിലേക്ക് രക്തപ്രവാഹം തടയുന്ന അവസ്ഥ സൃഷ്ടിക്കാന്‍ മനുഷ്യനാല്‍ സാധ്യമല്ല. മസ്തിഷ്‌കമരണം പോലൊരു നൂല്‍പ്പാലം ശരീരത്തില്‍ കൃത്രിമമായി സൃഷ്ടിക്കാനാവില്ല. വല്ല്യോരു ചുറ്റികയെടുത്ത് മൂര്‍ദ്ധാവില്‍ അടിച്ചാല്‍ ആ മഹാന്റെ ശിരസ്സ് പിളര്‍ന്ന് അന്തരിക്കുമെന്നല്ലാതെ സിനിമയില്‍ സംഭവിച്ചപോലെ ഒന്നും നടക്കുകയേ ഇല്ല എന്നാണ് ഷിംന അസീസ് പറയുന്നത്.

സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റിലുള്ള രോഗിയുടെ ചികിത്സയുമായോ അവയവം ലഭിക്കേണ്ട രോഗിയുമായോ ബന്ധമില്ലാത്ത സ്വതന്ത്രരായ നാല് ഡോക്ടര്‍മാരുടെ ഒരു പാനല്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് തവണ പരിശോധിച്ച്‌ പല ടെസ്റ്റുകള്‍ ചെയ്താണ് മസ്തിഷ്‌കമരണം ഉറപ്പിക്കുന്നത്. ഈ നടപടികള്‍ അത്രയേറെ സുതാര്യമാണ്. ബ്രെയിന്‍ഡെത്ത് ഉറപ്പിക്കുന്നത് കുറ്റമറ്റ രീതിയിലാണ്. പിന്നെ എല്ലാ മേഖലകളിലും എപ്പോഴെങ്കിലുമൊക്കെ പാകപിഴകള്‍ വന്നേക്കാം എന്നു കരുതി അവിടെയൊക്കെ ചതിയും വഞ്ചനയും മാത്രമേ നടക്കുന്നുള്ളൂ എന്ന് പറയുന്നത് തെറ്റാണെന്നും ഡോക്ടര്‍ ഓര്‍മിപ്പിക്കുന്നു.

അതുപോലെ തന്നെ മൃതസഞ്ജീവനി എന്നത് മരണാനന്തര അവയവദാനപ്രക്രിയയുടെ കാര്യങ്ങള്‍ ഏകോപിപ്പിച്ച്‌ കൊണ്ടുള്ള സര്‍ക്കാരിന്റെ പദ്ധതിയാണ്. www.knos.org.in എന്ന വെബ്സൈറ്റില്‍ പോയാല്‍ നമുക്കും അവയവദാനത്തിന് രജിസ്റ്റര്‍ ചെയ്യാം. അവയവം കിട്ടാനുള്ള നടപടികളും അവിടെക്കാണും. എന്തെങ്കിലും ഒരു സാഹചര്യത്തില്‍ തനിക്ക് മസ്തിഷ്‌കമരണം സംഭവിക്കുകയാണെങ്കില്‍ സാധ്യമായ എല്ലാ അവയവങ്ങളും എടുക്കാനുള്ള മുന്‍കൂര്‍ സമ്മതം നല്‍കിയിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വീട്ടുകാരും ബന്ധുക്കളും ആ നേരത്ത് എതിര്‍ത്താല്‍ അവയവദാനം നടക്കില്ല എന്ന സാധ്യത നിലനില്‍ക്കുന്നത് കൊണ്ട്, അവയവദാനം രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും വേണ്ടപ്പെട്ടവരെയെല്ലാം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും വേണം. എല്ലാം കൊണ്ടും അനുകൂലമായ ഒരവസ്ഥ സംജാതമായാല്‍ മാത്രമേ നമുക്ക് അവയവം നല്‍കാന്‍ കഴിയൂ. അവയവ ദാനം എന്നത് വെറും തട്ടിപ്പല്ല. ഒരു ജീവന്റെ വിലയാണ് കേവലം ചില മിഥ്യാധാരണയുടെ പുറത്ത് ഇല്ലാതാകുന്നത്.

എന്തു തന്നെയായലും മണ്ണില്‍ അഴുകാനോ തീയിലെരിയാനോ ഒക്കെയുള്ള ശരീരമാണ്. അപ്പോള്‍ അത് ദാനം നല്‍കുന്നതിലൂടെ നമ്മളൊരു ജീവനാണ് പകരുന്നത്. മൃതസഞ്ജീവനി എന്നത്, മരണശേഷവും ചെയ്യുന്ന നന്മയാണ്. കുപ്രചരണങ്ങളല്ല, ബുദ്ധിയാണ് നമ്മെ നയിക്കേണ്ടതെന്നും, ആസ്വാദനത്തിനായി നാം പല ഉപാധികളും ഉപയോഗിക്കാറുണ്ട് എന്നാല്‍ അതു വഴി നാം പകരുന്ന സന്ദേശങ്ങള്‍ ഒരിക്കല്‍ പോലും മറ്റുള്ളവര്‍ക്ക് എപ്പോഴെങ്കിലും ഒരു ഉപദ്രവമായി മാറാന്‍ ഇടവരരുതെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ നല്‍കി കൊണ്ടാണ് ഡോക്ടര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

28total visits,1visits today

Enjoy this news portal? Please spread the word :)