നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കേസില്‍ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തു വരാന്‍ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.

ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുന്നത് വരെ സിബിഐ പ്രത്യേക കോടതിയില്‍ തുടങ്ങിയ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍ ഇന്നലെ, ആക്രമണം നേരിട്ട നടിയുടെ പേര് പറഞ്ഞുള്ള അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പി സി ജോര്‍ജ് എംഎല്‍എയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വന്തം കുടുംബത്തിലുള്ളവരെ കുറിച്ച്‌ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് കോടതി ചോദിച്ചു. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പി സി ജോര്‍ജ് കരുതിയത് എന്ന് രൂക്ഷ ഭാഷയില്‍ ചോദിച്ച കോടതി പുരുഷ മേധാവിത്വം അവസാനിക്കണമെന്നും വ്യക്തമാക്കി.

പാഞ്ചാലിമാരുടെ കാലം കഴിഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ചതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് റദ്ദാക്കണമെന്ന ഹര്‍ജി പിന്നീട് പി സി ജോര്‍ജിന് പിന്‍വലിക്കേണ്ടി വരികയായിരുന്നു.

നേരത്തേ കേസില്‍ വനിതാ ജഡ്‍ജി വേണ്ട എന്നും, കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി ആവശ്യമില്ല എന്നും കാണിച്ച്‌ ദിലീപ് നല്‍കിയ ഹ‍ര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. നടിയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി അനുവദിച്ച ഹൈക്കോടതി, വിചാരണയ്ക്ക് വനിതാ ജഡ്ജിയെയും നിയോഗിച്ചു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares