ബെന്നി ബെഹനാന് പകരം പ്രചാരണം ഏറ്റെടുത്ത്‌ എംഎല്‍എമാര്‍; ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച്‌ സ്ഥാനാര്‍ത്ഥി

Please follow and like us:
190k

കൊച്ചി; ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ച സാഹചര്യത്തില്‍ എംഎല്‍എമാര്‍ പ്രചാരണത്തിന് ഇറങ്ങും. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ചാലക്കുടിയില്‍ ഇറങ്ങുക. റോഡ് ഷോ അടക്കം നടത്തുന്നതിലൂടെ ബെന്നി ബെഹനാന്റെ കുറവ് നികത്താനാവുമെന്നാണ് പ്രതീക്ഷ.

ഇന്ന് രാവിലെ പെരുമ്ബാവൂര്‍ കുറുപ്പുംപടിയില്‍ നിന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രചാരണം ആരംഭിക്കും. അതിനിടെ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ബഹനാന്‍ ആരോഗ്യനിലയെക്കുറിച്ച്‌ വിശദീകരിച്ച്‌ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഒന്നര ആഴ്ചയാണ് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്. മകനും ഭാര്യയ്ക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ബെന്നി ബെഹനാന്റെ പോസ്റ്റ്. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തിരികെ എത്തുമെന്നും പ്രാര്‍ത്ഥനയും അനുഗ്രഹവും എപ്പോഴും വേണമെന്നും അദ്ദേഹം കുറിച്ചു.

രണ്ടാം ഘട്ടം പുരോഗമിക്കവേയാണ് ബെന്നി ബെഹനാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലാകുന്നത്. വളരെ പ്രതീക്ഷയോടെ കാണുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ അഭാവം തിരിച്ചടിയാവുമെന്ന് ഭയന്നാണ് യുഡിഎഫ് എംഎല്‍എമാര്‍ ഒന്നടങ്കം കളത്തിലിറങ്ങുന്നത്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍, വി പി സജീന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. കൂടാതെ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ മണ്ഡലത്തില്‍ സജീവ പ്രചാരണം നടത്തും. എറണാകുളം ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ എംഎല്‍എ മാരായ വി ഡി സതീശന്‍, പി ടി തോമസ് എന്നിവരും പ്രചാരണത്തിന് ഊര്‍ജം പകരാന്‍ എത്തും. ആലുവയില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ബെന്നി ബെഹനാന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌

പ്രിയമുള്ളവരെ,

ഇന്ന് വെളുപ്പിന് 3.30 മണിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കാക്കനാട് സണ്‍ റൈസ് ഹോസ്പിറ്റലില്‍ എന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു പര്യടന പരിപാടികള്‍. ഇന്ന് അങ്കമാലി നിയോജക മണ്ഡലത്തില്‍ ആയിരുന്നു പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്.

നിങ്ങളോടൊപ്പം ഇന്നും പ്രചാരണ പരിപാടികളില്‍ മുന്നിട്ടിറങ്ങാന്‍ ആഗ്രഹമുണ്ട് എന്നാല്‍ എന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഒന്നരയാഴ്ചയോളം വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. ആദ്യഘട്ടത്തിലും, തുടര്‍ന്നും ആവേശോജ്വലമായ സ്വീകരണമാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എല്ലാ ഇടങ്ങളില്‍ നിന്നും ലഭിച്ചത്, അതിന് ഒരുപാട് നന്ദിയുണ്ട് നിങ്ങള്‍ ഓരോരുത്തരോടും.

ഇന്ന് അസുഖവിവരം അന്വേഷിക്കാന്‍ സമൂഹത്തിലെ ഒട്ടനവധി സുമനസ്സുകള്‍ സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിയിരുന്നു . ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ എന്നോടെപ്പം മത്സരിക്കുന്ന സുഹൃത്ത് ശ്രീ.ഇന്നസെന്റ്, കോണ്‍ഗ്രസ്സിന്റെ സമ്മുന്നതനായ നേതാവ് വയലാര്‍ രവി ഉള്‍പ്പെടെയുള്ള ഒട്ടനവധി യു.ഡി.എഫ് നേതാക്കളും, നൂറു കണക്കിന് പ്രവര്‍ത്തകരും എത്തിയിരുന്നു.എല്ലാവര്‍ക്കും നന്ദി, സന്തോഷം.

എത്രയും പെട്ടെന്ന് ഞാന്‍ നിങ്ങളോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാലക്കുടി ലോക്സഭാ UDF തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ തുടര്‍ന്നും ഉണ്ടായിരിക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കേരളത്തിലെ യു.ഡി.എഫ്‌ ഉണര്‍ന്നിരിക്കുകയാണ്. നാളിതുവരെ നമ്മള്‍ കാണാത്തൊരു ആവേശ കൊടുമുടിയിലാണ് UDF പ്രവര്‍ത്തകര്‍ . ചാലക്കുടിയിലും നമ്മള്‍ ആവേശം അണയാതെ സുക്ഷിക്കും. വിജയം നമ്മള്‍ക്കൊപ്പമായിരിക്കും.

നിങ്ങളുടെ പ്രാര്‍ത്ഥനയും, അനുഗ്രഹവും എപ്പോഴും ഉണ്ടാകണം.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)