തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ട്രൗസര്‍ അഴിപ്പിക്കുമെന്ന് ഭീഷണി; ബംഗാള്‍ ബിജെപി അധ്യക്ഷന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്‍ക്കൊത്ത: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവിന് എട്ടിന്റെ പണി. പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷനും മെഡിനിപുര്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ ദിലീപ് ഘോഷിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.

രാമ നവമിയുമായി ബന്ധപ്പെട്ട് തന്റെ ചിത്രം ഉള്‍പ്പെടുത്തി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്തതിന്റെ പേരിലാണ് ദിലീപ് ഘോഷ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ബോര്‍ഡ് മാറ്റിയ ഉദ്യോഗസ്ഥരുടെ ട്രൗസര്‍ അഴിപ്പിക്കുമെന്നായിരുന്നു ഭീഷണി. ദിലീപ് ഘോഷിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടതായും അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പശ്ചിമ മെഡിനിപുര്‍ ജില്ലയില്‍ സ്ഥാപിച്ചിരുന്ന ദിലീപ് ഘോഷിന്റെ ബോര്‍ഡ് ആണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതില്‍ പ്രകോപിതനായ ദിലീപ് കുമാര്‍, ‘തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തന്റെ കണ്‍മുന്‍പില്‍ വച്ചായിരുന്നുവെങ്കില്‍ അവരുടെ ട്രൗസര്‍ താന്‍ അഴിപ്പിച്ചേനെ’ എന്ന് പറഞ്ഞു.

മുന്‍പും വിവാദ പ്രസ്താവനയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ് ദിലീപ് ഘോഷ്.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares