സംസ്ഥാനത്ത് കനത്തപോളിങ്, രണ്ടുമണിയോടെ പകുതിപ്പേര്‍ വിധിയെഴുതി

Please follow and like us:
190k

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാഘട്ട വോട്ടെടുപ്പ് തുടങ്ങി എട്ടുമണിക്കൂര്‍ പിന്നിടുമ്ബോള്‍ സംസ്ഥാനത്ത് കനത്ത പോളിങ്. 
ഇതുവരെ 50 ശതമാനത്തിലധികം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍, കണ്ണൂര്‍ വയനാട് , ചാലക്കുടി, കോട്ടയം മണ്ഡലങ്ങളാണ് മുന്നില്‍. 61 ശതമാനം പോളിങ് രേഖപ്പെടുത്തി കണ്ണൂരാണ് മുന്നില്‍.ചാലക്കുടി,കോട്ടയം, വയനാട് മണ്ഡലങ്ങള്‍ യഥാക്രമം 53 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം( 43), ആറ്റിങ്ങള്‍( 46), കൊല്ലം (46), മാവേലിക്കര( 46), പത്തനംതിട്ട( 52) . ഇടുക്കി (54), എറണാകുളം( 47), ആലത്തൂര്‍ (49), പാലക്കാട് (48), പൊന്നാനി (48), മലപ്പുറം( 50), കോഴിക്കോട് (46), വടകര (49) , കാസര്‍കോഡ്( 50) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ പോളിങ് ശതമാനം.സ്ത്രീകളടക്കമുള്ള ആളുകള്‍ രാവിലെ മുതല്‍ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയിരുന്നു. കനത്ത ചൂടിനെ വകവെക്കാതെ പോളിങ് ബൂത്തുകളില്‍ നീണ്ടക്യൂവാണ് അനുഭവപ്പെടുന്നത്.

വ്യാപകമായി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതും വിവിപാറ്റ് മെഷീനുകള്‍ പണിമുടക്കിയതും ആശങ്ക ഉണ്ടാക്കിയെങ്കിലും വളരെ വേഗത്തില്‍ പരിഹരിച്ച്‌ വോട്ടിങ് തുടരുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറില്‍ ആയിരുന്നു. തിരുവനന്തപുരത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിങ് മെഷീനുകളില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പുതിയ വോട്ടിങ് യന്ത്രങ്ങളെത്തിച്ചാണ് വോട്ടെടുപ്പ് പുനനാരംഭിച്ചത്.

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആറ് പേര്‍ കുഴഞ്ഞ് വീണു മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തളിപ്പറമ്ബ് സ്വദേശി വേണുഗോപാല മാരാര്‍, കൊല്ലം കല്ലുംതാഴം സ്വദേശി പുരുഷന്‍ (63),പനമരം സ്വദേശി ബാലന്‍ (64),കാഞ്ഞൂര്‍ സ്വദേശി ത്രേസ്യാക്കുട്ടി(87),കൂത്തുപറമ്ബ് സ്വദേശി വിജയി(65),റാന്നി സ്വദേശി പാപ്പച്ചന്‍ (66) എന്നിവരാണ് മരിച്ചത്.

വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയും ഗാന്ധിനഗറില്‍ അമിത്ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നുണ്ട്. കേരളത്തിലെയും ഗുജറാത്തിലെയും ഉള്‍പ്പടെ രാജ്യത്തെ 116 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ തന്നെ വോട്ട് ചെയ്യുകയും റെക്കോര്‍ഡ് പോളിങ് സൃഷ്ടിക്കാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും മെച്ചപ്പെട്ട പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 52 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ അസമില്‍ 46 ശതമാനവും ഛത്തീസ്ഗഡില്‍ 42 ശതമാനവും ഗോവയില്‍ 45 ശതമാനവും ത്രിപുരയില്‍ 44 ശതമാനവുമാണ് യഥാക്രമം പോളിങ്. മറ്റു സംസ്ഥാനങ്ങളിലെ ഉച്ചവരെയുളള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം മോദിയുടെ നാടായ ഗുജറാത്തില്‍ ഉച്ചവരെ 39 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)