ഏലയ്ക്ക വില സര്‍വകാല റെക്കോഡിലേക്ക്, ചരിത്രത്തിലാദ്യമായി ഏലയ്ക്ക വില കിലോയ്ക്ക് 3000 ആയി

പ്രളയക്കെടുതിയില്‍ ഏലം കൃഷി വ്യാപകമായി നശിച്ചതോടെ ഏലയ്ക്ക വില സര്‍വകാല റെക്കോഡിലേക്ക്.

ചരിത്രത്തിലാദ്യമായി ഏലയ്ക്ക വില കിലോയ്ക്ക് 3000 ആയി. വെള്ളിയാഴ്ച പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന വണ്ടന്‍മേട് മാസ് എന്റര്‍പ്രൈസസിന്റെ ഏലയ്ക്ക ലേലത്തിലാണ് ചരിത്രവിലയായ 3000 രേഖപ്പെടുത്തിയത്.

151 ലോട്ട്‌സിലായി 27030.4 കിലോയാണ് വിറ്റുപോയത്. ശരാശരി വില 2154.1 രൂപയാണ്. രാവിലെ നടന്ന നെടുങ്കണ്ടം ഹെഡ്ഡര്‍ സിസ്റ്റത്തിന്റെ ലേലത്തില്‍ 2400 ആയിരുന്നു ഉയര്‍ന്ന വില. 279 ലോട്ട്‌സിലായി 46168.4 കിലോ വിറ്റിരുന്നു.

2124.51 രൂപയായിരുന്നു ശരാശരി വില. രാവിലത്തെ ലേലത്തില്‍നിന്നും ഉച്ചയ്ക്കുശേഷം നടന്ന ലേലത്തില്‍ 600 രൂപയാണ് വര്‍ധിച്ചത്.

വ്യാഴാഴ്ച നടന്ന ലേലത്തില്‍ 2168, 2112 എന്നിങ്ങനെ വില ലഭിച്ചു. പ്രളയത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഏലം മേഖലയില്‍ മാത്രമുണ്ടായത്.

കൂടാതെ വേനല്‍ കടുത്തതോടെ ഉല്‍പാദനത്തില്‍ വന്‍ ഇടിവ് ഉണ്ടായി. ഈ സാഹചര്യത്തിലാണ് വിപണിയില്‍ ഏലയ്ക്ക വില ഉയര്‍ന്നത്. കൂടാതെ ആഭ്യന്തര, വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള ആവശ്യമേറിയതും വില വര്‍ധനയ്ക്ക് കാരണമായി.

കഴിഞ്ഞ സെപ്തംബറില്‍ ഏലയ്ക്ക റെക്കോഡ് വിലയായ 2227 രൂപയിലെത്തിയിരുന്നു. ആറ് വര്‍ഷംമുമ്ബ് കിലോഗ്രാമിന് 1938 വരെ എത്തിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ 1500 രൂപയാണ് ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് ആദ്യവാരത്തില്‍ ഏറ്റവും ഉയര്‍ന്ന വില 1265ഉം ശരാശരി വില 963 രൂപയുമായിരുന്നു. പ്രളയവും വരള്‍ച്ചയും കനത്ത നാശം വിതച്ചതിനാല്‍ ഏലം കര്‍ഷകര്‍ക്ക് വില ഉയര്‍ന്നതിന്റെ പ്രയോജനം ലഭിക്കില്ലെന്ന ആശങ്കയുണ്ട്. കനത്ത മഴയ്ക്കുശേഷം തോട്ടങ്ങളില്‍ രോഗങ്ങളും വ്യാപിച്ചു.

അഴുകല്‍, തട്ട ചീയല്‍, ശരം അഴുകല്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം ഹെക്ടര്‍ കണക്കിന് ഏലം കൃഷിയാണ് നശിച്ചത്. രോഗം ബാധിച്ചതോടെ ചെടികള്‍ നശിച്ച്‌ പോവുകയാണ്.

വരള്‍ച്ചയില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങി. ഏലത്തിന്റെ തട്ടകള്‍ ഒടിഞ്ഞുവീഴുകയും പൂര്‍ണമായും നശിക്കുകയും ചെയ്തിരുന്നു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares