തലശ്ശേരിയുടെ ഇശല്‍ തേന്‍കണം; എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്

തലശ്ശേരി : മാപ്പിളപ്പാട്ടിനെ മലബാറില്‍ ജനകീയമാക്കിയ ഗായകന്‍ എരഞ്ഞോളി മൂസയുടെ കബറടക്കം ഇന്ന്. രാവിലെ 9 മുതല്‍ 11വരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ കബറടക്കം 12.30നു മട്ടാമ്ബ്രം പള്ളിയില്‍ നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നു. മട്ടാമ്ബ്രം പള്ളിക്കടുത്ത് സ്വവസതിയായ ‘ഐഷു’വില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ഗായകന്‍ എരഞ്ഞോളി മൂസയുടെ അന്ത്യം. കേരള ഫോക്ലോര്‍ അക്കാദമി ഉപാധ്യക്ഷനായിരുന്നു.

എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായി ജനിച്ച മൂസ ഗ്രാമീണ കലാസമിതികളിലൂടെയാണ് ഗായകനായി വളര്‍ന്നത്. ശരത്ചന്ദ്ര മറാഠേയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം അഭ്യസിച്ച മൂസയെ സംഗീത സംവിധായകന്‍ കെ.രാഘവനാണു മാപ്പിളപ്പാട്ടില്‍ പ്രോത്സാഹിപ്പിച്ചത്. ആകാശവാണിയില്‍ പാടാന്‍ അവസരമൊരുക്കിക്കൊടുത്തതും അദ്ദേഹം തന്നെ. ‘മിഹ്‌റാജ് രാവിലെ കാറ്റേ…മരുഭൂ തണുപ്പിച്ച കാറ്റേ’, ‘മാണിക്യമലരായ പൂവി…’, കെട്ടുകള്‍ മൂന്നും കെട്ടി …കട്ടിലില്‍ ഏറ്റി നിന്നെ..’, ‘മിസ്‌റിലെ രാജന്‍ അസീസിന്റെ ..ആരംഭ സൗജത്ത്…’ എന്നിങ്ങനെ നൂറുകണക്കിനു മാപ്പിളപ്പാട്ടുകള്‍ മൂസയുടെ ശബ്ദത്തില്‍ ഹിറ്റ് ആയി. കമല്‍ സംവിധാനം ചെയ്ത ‘ഗ്രാമഫോണ്‍’ എന്ന സിനിമയില്‍ വേഷമിട്ടു. ‘പതിനാലാം രാവ് ‘ എന്ന സിനിമയില്‍ കെ.രാഘവന്റെ സംഗീതസംവിധാനത്തില്‍ വിളയില്‍ ഫസീലയ്‌ക്കൊപ്പം ‘മണവാട്ടി കരംകൊണ്ടു മുഖം മറച്ച്‌…’ എന്ന ഗാനം പാടിയിട്ടുണ്ട്.

ഇന്ത്യയ്ക്കകത്തും പുറത്തും 1500ലധികം വേദികളില്‍ മാപ്പിളപ്പാട്ട് പാടി. ഗള്‍ഫ് നാടുകളില്‍ അഞ്ഞൂറോളം സ്റ്റേജ് ഷോ അവതരിപ്പിച്ചു. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വേദികളില്‍ പാടിയ ഇന്ത്യന്‍ ഗായകനായും അറിയപ്പെടുന്നു. ഭാര്യ: കുഞ്ഞാമിന. മക്കള്‍: നസീര്‍, നിസാര്‍, നസീറ, സമീറ, സാജിദ, സാദിഖ്. മരുമക്കള്‍: എം.കെ. ഉസ്മാന്‍, അഷ്‌ക്കര്‍, ഷമീം, റൗസീന, ഷഹനാസ്, സീനത്ത്. സഹോദരങ്ങള്‍: അലി, ഉമ്മര്‍, അസീസ്, നബീസ, പാത്തൂട്ടി, സഫിയ.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares