സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സ്പിരിറ്റ് കടത്തിയ കേസ്; കാറുടമയെ കുറിച്ച്‌ വിചിത്രമായ വിവരങ്ങള്‍ പുറത്ത്

പാലക്കാട് : ചിറ്റൂരിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിന്റെ നേതൃത്വത്തില്‍ സ്പിരിറ്റ് കടത്തിയ കാറിന്റെ ഉടമ ഓട്ടോഡ്രൈവര്‍. ഇരുചക്രവാഹനം പോലും കയറാത്ത ചെറിയ വീടിനുടമയായ ഇരിങ്ങാലക്കുടയിലെ ഈ ഓട്ടോ ഡ്രൈവര്‍ക്ക് ഒന്നല്ല മൂന്ന് ആഡംബരക്കാറുകള്‍ ഉണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇന്റലിജന്‍സും അന്വേഷണ സംഘവും 3 തവണ കാറുടമയുടെ വീട്ടിലെത്തിയെങ്കിലും ഒരാഴ്ചയായി ഇയാള്‍ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണു ലഭിച്ചത്.

ആര്‍സി ബുക്ക് പ്രകാരം 3 വാഹനങ്ങളുടെ ഉടമയായ ഓട്ടോഡ്രൈവര്‍ സ്പിരിറ്റ് വില്‍പനക്കാരുടെ ബെനാമിയാണെന്നു കരുതുന്നു. സ്പിരിറ്റ് പിടികൂടി രണ്ടാഴ്ച കഴിഞ്ഞിട്ടും ഉറവിടവും ലക്ഷ്യവും കണ്ടെത്താനായിട്ടില്ല. തൃശൂര്‍ ലോബിയുടെ സ്പിരിറ്റാണു സംഘം എത്തിച്ചതെന്നാണു നിഗമനം. സ്പിരിറ്റ് കന്നാസുകളിലാക്കി സൂക്ഷിക്കുന്ന കേന്ദ്രം കൊടുങ്ങല്ലൂരിലുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതികളായ ഡ്രൈവര്‍ മണികണ്ഠന്‍, അത്തിമണി അനില്‍ എന്നിവരുടെ 4 മൊബൈല്‍ ഫോണുകളിലെയും കോള്‍ വിവരങ്ങള്‍ എക്‌സൈസ് ശേഖരിച്ചു.

അത്തിമണി അനിലിനും മറ്റ് ഡീലേഴ്‌സിനുമിടയിലെ കണ്ണിയാണ് ഇയാളെന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അനില്‍ തുടര്‍ച്ചയായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാര്‍ ഉപയോഗിച്ചിരുന്നു. ജീവിതപ്രാരാബ്ധം മൂലം ഒരു വൃക്ക വിറ്റെന്ന പ്രചാരണമുണ്ടെങ്കിലും എക്‌സൈസ് അതു വിശ്വസിക്കുന്നില്ല. ഇയാളെ പിടികൂടാന്‍ സാധിച്ചാല്‍ പ്രധാന കണ്ണികളിലേക്ക് എത്താമെന്നാണു പ്രതീക്ഷ.

ഇതേ സ്പിരിറ്റ് സംഘം കൊല്ലത്തു കള്ളുഷാപ്പുകള്‍ നടത്താന്‍ ഏറ്റെടുത്തെന്ന വിവരവും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. മേയ് ഒന്നിനാണു ചിറ്റൂര്‍ തത്തമംഗലത്ത് സ്പിരിറ്റ് പിടികൂടിയത്. അതേ സമയം, കേസ് അന്വേഷിക്കുന്ന എക്‌സൈസ് സംഘത്തിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും ആരോപണമുണ്ട്. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവിലേക്ക് അന്വേഷണം തിരിയുന്ന ആശങ്കയാണത്രേ കാരണം.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares