കാനറ ബാങ്കില്‍ നിന്നു 5 ലക്ഷം രൂപ വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് : അടച്ചത് 8 ലക്ഷം രൂപ : നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : ബാങ്കിന്റെ ജപ്തി നീക്കത്തിനിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച മകള്‍ മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നെയ്യാറ്റിന്‍കരയിലെ കുടുംബം കാനറ ബാങ്കില്‍ നിന്നു വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന്‍ പറയുന്നത്. 2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഇതിനെത്തുടര്‍ന്നു ബാങ്ക് തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് നല്‍കി. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ഈ മാസം 10-ാം തീയതി അഭിഭാഷക കമ്മിഷനും പൊലീസും ജപ്തി നടപടികള്‍ക്ക് വീട്ടിലെത്തി. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കുകയും ചെയ്തു.

എന്നാല്‍ നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച്‌ ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നു ലേഖയും വൈഷ്ണവിയും മാനസികമായി തളര്‍ന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാര്‍ഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Facebook Comments

 

Did you enjoy the blog?
Like me!

Get the latest.

Shares