കത്വ പീഡനക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ ഒഴിവായത് രണ്ട് കാരണങ്ങളാല്‍, വിധിയില്‍ തൃപ്തരല്ലെന്ന് പ്രോസിക്യൂഷന്‍

Please follow and like us:
190k

പത്താന്‍കോട്ട്: ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ മുന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം തടവിനും കോടതി വിധിച്ചു. എന്നാല്‍ ശിക്ഷയില്‍ തൃപ്തരല്ലെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച്‌ പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ രണ്ട് കാരണങ്ങള്‍ പരിഗണിച്ച്‌ കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. അതില്‍ പ്രധാനമായും പ്രതികള്‍ ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളി‍ല്‍ പ്രതികളായിട്ടില്ലെന്നായിരുന്നു. ഇതോടൊപ്പം ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

എന്നാല്‍ ശിക്ഷയില്‍ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എസ്‌.ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും വിധിച്ചു. പത്താന്‍കോട്ട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേസമയം, തെളിവുകളുടെ അഭാവത്തില്‍ ഒരു പ്രതിയെ വെറുതെ വിട്ടു. മുഖ്യപ്രതി സാഞ്ചിറാമിന്റെ മകന്‍ വിശാലിനെയാണ് വെറുതെവിട്ടത്.

നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ജമ്മു കാശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസുകാരിയുടെ മൃതദേഹം 17ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. സംഭവത്തിനു പിന്നാലെ കാശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

എട്ട് പ്രതികളാണ് കേസിലുള്ളത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.എന്നാല്‍ ആരുടെയും സ്വാധീനത്തിന് വഴങ്ങാത്ത കുറച്ച്‌ പൊലീസ് ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യമാണ്. കൊലപാതകത്തിന്റെ ചുരുളഴിച്ചത് പൊലീസ് സമര്‍പ്പിച്ച ശക്തമായ ചാര്‍ജ് ഷീറ്റിലൂടെയായിരുന്നു സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത് വന്നത്. ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടായ രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തില്‍ ഹൈക്കോടതി അനുവദിച്ച 90 ദിവസത്തിന് 10 ദിവസം മാത്രം ശേഷിക്കേ ഏപ്രില്‍ 9 നാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാല് പൊലീസ് ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നു എന്നതിനെപ്പറ്റി അന്വേഷണം ആരംഭിക്കുന്ന ഘട്ടത്തില്‍ ജല്ലയ്ക്കും അറിവില്ലായിരുന്നു. പ്രതികള്‍ കസ്റ്റഡിയിലുണ്ടായിരുന്നുവെങ്കിലും പൊലീസുകാരുടെ പങ്കിനെക്കുറിച്ച്‌ ഇവര്‍ ഒന്നും പറഞ്ഞിരുന്നില്ല. ഒരു പയ്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്ന് മാത്രമായിരുന്നു ഇവരുടെ ആദ്യമൊഴി.മൃദേഹം ലഭിച്ച സ്ഥലത്ത് ചെളിയുടെ അംശം ഇല്ലായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തിലെ ചെളി മറ്റൊരു പ്രദേശത്തുവച്ചാണ് കൊല്ലപ്പെട്ടത് എന്നതിന്റെ തെളിവായിരുന്നു. അന്വേഷണം പുരോഗമിക്കവേ ഫോട്ടോയിലെ ചെളി അപ്രത്യക്ഷമായതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കേസില്‍ ഇടപെടുന്നുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കിയത്.

പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി അലക്കി വച്ചിരുന്നു എന്നുകൂടി വെളിവായതോടെ പ്രതികളായ പൊലീസുകാരിലേയ്ക്ക് അന്വേഷണമെത്തി. ജല്ലയും സംഘവും സംഭവം നടന്ന ക്ഷേത്രത്തിലെത്തി കേസിലെ മുഖ്യപ്രതിയായ സഞ്ജി റാമിന്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി ക്ഷേത്രം തുറന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മുടി കണ്ടെത്താനായത്. ഡി.എന്‍.എ ടെസ്റ്റില്‍ ഇത് പെണ്‍കുട്ടിയുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് സംഭവം ചുരുളഴിയുന്നത്. കേസ് ഒതുക്കിത്തീര്‍ക്കാനായി പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥന് 1,50,000 രൂപ നല്‍കിയതായി കുറ്റപത്രത്തിലുണ്ട്. ജമ്മു കാശ്മീരിലെ ബി.ജെ.പി എം.എല്‍.എമാരായ ചൗധരി ലാല്‍ സിംഗും ചന്ദര്‍ പ്രകാശ് ഗംഗയും കുറ്റവാളികളെ അനുകൂലിച്ച്‌ റാലികളില്‍ പങ്കെടുത്തിട്ടും ബാര്‍ അസോസിയേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിട്ടും അതിനെയൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് ജല്ലയുടെ നേതൃത്വത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)