പാര്‍വതി വളരെ ശക്തമായ ഭാഷയിലാണ് സംസാരിക്കുക; വിധേയത്വത്തിന്റെ സൂചന പോലും ഉണ്ടാകാറില്ല; അതുകൊണ്ടാണ് ചിലര്‍ അവരെ ഫെമിനിച്ചി എന്ന് വിളിക്കുന്നത്; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Please follow and like us:
190k

എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേത്രിയാണ് പാര്‍വ്വതി തിരുവോത്ത്. ഇപ്പോള്‍ അവരോടുള്ള സ്‌നേഹവും ബഹുമാനവും വര്‍ദ്ധിച്ചിരിക്കുന്നു. നിപ വൈറസിനോട് പടപൊരുതി മരണംവരിച്ച ലിനി സിസ്റ്ററുടെ ഭര്‍ത്താവ് സജീഷ്, പാര്‍വ്വതിയെക്കുറിച്ച്‌ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

ലിനി മരിച്ചതിന്റെ മൂന്നാം ദിവസം പാര്‍വ്വതി ഫോണില്‍ വിളിച്ച്‌ ആശ്വസിപ്പിച്ചുവെന്നും, മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുവെന്നും സജീഷ് പറയുന്നു. എന്നാല്‍ ചില സൈബര്‍ ഗുണ്ടകള്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ തെറിവിളി തുടരുകയാണ്. പാര്‍വ്വതിയുടെ ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെത്രേ !

ഇങ്ങനെയൊരു നന്മ ചെയ്തുവെന്ന് പാര്‍വ്വതി എവിടെയും വെളിപ്പെടുത്തിയിട്ടില്ല. സജീഷ് പറഞ്ഞപ്പോഴാണ് അക്കാര്യം ലോകം അറിഞ്ഞതുതന്നെ. എന്നിട്ടും പാര്‍വ്വതിയെ പരിഹസിക്കുന്നവരെ വിഡ്ഢികള്‍ എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാര്‍വ്വതി നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണത്തിന് സമാനതകളില്ല. അതിന്റെ കാരണം ലളിതമാണ്. നട്ടെല്ലുള്ള ഒരു സ്ത്രീയാണ് അവര്‍. വ്യക്തമായ നിലപാടുകളുള്ള ഒരു പെണ്ണിനെ സമൂഹത്തിന് എപ്പോഴും ഭയമാണ്.

പാര്‍വ്വതിയുടെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വളരെ ശക്തമായ ഭാഷയിലാണ് അവര്‍ സംസാരിക്കുക. ആ സ്വരത്തില്‍ വിധേയത്വത്തിന്റെ സൂചന പോലും ഉണ്ടാകാറില്ല. അതുകൊണ്ടാണ് ചിലര്‍ അവരെ ‘ഫെമിനിച്ചി ‘ എന്ന് വിളിച്ച്‌ നിര്‍വൃതിയടയുന്നത്.

പൊതുവെ സിനിമാക്കാര്‍ക്ക് അത്ര വലിയ സാമൂഹികപ്രതിബദ്ധതയൊന്നും ഉണ്ടാകാറില്ല. അതീവ പ്രധാനമായ വിഷയങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ പോലും അവരില്‍ പലരും തയ്യാറാകാറില്ല. പാര്‍വ്വതി അങ്ങനെയല്ല. വിഷയം ഏതായാലും അവര്‍ക്ക് കൃത്യമായ അഭിപ്രായമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം, ‘The worst illiterate is the political illiterate…’ എന്ന വരി പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുപോലെയൊ­ക്കെ ചിന്തിക്കുന്ന എത്ര നടിമാരെ നാം കണ്ടിട്ടുണ്ട്?

ഇന്ന് മലയാളസിനിമയില്‍ പാര്‍വ്വതിയ്ക്കുള്ള സ്ഥാനം ആരും തങ്കത്തളികയില്‍ വെച്ചുനല്‍കിയതല്ല.അവര്‍ക്ക് സിനിമാ പാരമ്ബര്യമൊന്നുമില്ല. 2006ലായിരുന്നു പാര്‍വ്വതിയുടെ അരങ്ങേറ്റം. നോട്ട്ബുക്ക്, വിനോദയാത്ര തുടങ്ങിയ സിനിമകളില്‍ വേഷമിട്ടുവെങ്കിലും അക്കാലത്തൊന്നും പാര്‍വ്വതി എന്ന നടിയെ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.

2014ല്‍ പുറത്തിറങ്ങിയ ‘ബാംഗ്ലൂര്‍ ഡെയ്‌സ് ‘ എന്ന സിനിമയാണ് പാര്‍വ്വതിയ്ക്ക് മലയാള സിനിമയില്‍ ഒരു മേല്‍വിലാസമുണ്ടാക്കിയത്. താന്‍ ആഗ്രഹിച്ചത് സ്വന്തമാക്കാന്‍ അവര്‍ കാത്തിരുന്നത് എട്ടുവര്‍ഷങ്ങളാണ് ! പാര്‍വ്വതിയുടെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍, കഷ്ടപ്പെട്ടുനേടിയ സിംഹാസനം ഏതുവിധേനയും നിലനിര്‍ത്താനുള്ള വഴികള്‍ സ്വീകരിക്കുമായിരുന്നു. പക്ഷേ മനുഷ്യത്വം ഉള്ളതുകൊണ്ടും തലച്ചോറ് ആര്‍ക്കും പണയംവെച്ചിട്ടില്ലാത്തതുകൊണ്ടും പാര്‍വ്വതി സേഫ് സോണ്‍ വിട്ട് പുറത്തിറങ്ങി.

വിമര്‍ശിച്ചവരെയെല്ലാം ഒതുക്കിയ ചരിത്രമാണ് ‘അമ്മ’ എന്ന സംഘടനയ്ക്കുള്ളത്. എന്നിട്ടും മലയാളസിനിമയിലെ ദുഷ്പ്രവണതകളെ പാര്‍വ്വതി ശക്തമായി എതിര്‍ത്തു. സ്വന്തം കരിയര്‍ പണയം വെച്ച്‌ സുഹൃത്തുക്കളോടൊപ്പം നിന്നു !നമ്മളില്‍ എത്ര പേര്‍ക്ക് സാധിക്കും ഇതെല്ലാം?

‘കസബ’ എന്ന സിനിമയെ വിമര്‍ശിച്ചതിനാണ് പാര്‍വ്വതി ഏറ്റവും കൂടുതല്‍ തെറികള്‍ കേട്ടത്. സ്ത്രീവിരുദ്ധത ആഘോഷമാക്കുന്ന സീനുകളെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. മമ്മൂട്ടി എന്ന നടനെ അധിക്ഷേപിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് പാര്‍വ്വതി പലതവണ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയാണെങ്കില്‍ വളരെയേറെ സ്‌നേഹത്തോടെയാണ് പാര്‍വ്വതിയോട് ഇടപെടുന്നതും. എന്നിട്ടും ചില ആരാധകരുടെ രോഷം തീരുന്നില്ല.

മലയാളസിനിമയില്‍ നടിമാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കുമറിയാം. താരസംഘടനയുടെ പത്രസമ്മേളനം നടക്കുമ്ബോള്‍ ഒരു കസേര പോലും കിട്ടാതെ, മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്ന അഭിനേത്രിമാരെ നാം ഒത്തിരി കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഡബ്ല്യു.സി.സി രൂപം കൊള്ളുന്നത്. പൈശാചികമായ രീതിയില്‍ ആക്രമിക്കപ്പെട്ട യുവനടിയെ ആത്മാര്‍ത്ഥമായി പിന്തുണച്ചത് അവര്‍ മാത്രമാണ്.

സ്ത്രീകളെ മാത്രമല്ല, ട്രാന്‍സ്‌ജെന്റേഴ്‌സിനെയും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു സംഘടനയാണ് ഡബ്ല്യു.സി.സി. മലയാള സിനിമ ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിയോട് വലിയ ദ്രോഹം ചെയ്തിട്ടുണ്ട്. ‘ആണും പെണ്ണും കെട്ടവന്‍’ എന്ന പ്രയോഗം ഈയടുത്ത കാലം വരെ മലയാളസിനിമയിലെ മാസ് ഡയലോഗായിരുന്നു. അവരോട് ചെയ്ത തെറ്റുകള്‍ക്ക് പാര്‍വ്വതിയെപ്പോലുള്ളവര്‍ പ്രായശ്ചിത്തം ചെയ്യുമ്ബോള്‍, അതിനെ മനസ്സുനിറഞ്ഞ് അഭിനന്ദിക്കേണ്ടതല്ലേ?

ഇന്ന് മലയാള സിനിമയിലെ സ്ത്രീവിരുദ്ധത നല്ലതുപോലെ കുറഞ്ഞിട്ടുണ്ട്. സ്ത്രീകളെ ഇടിച്ചുതാഴ്ത്തുന്ന ഡയലോഗുകള്‍ എഴുതിയ തിരക്കഥാകൃത്തുക്കള്‍ ഖേദം പ്രകടിപ്പിച്ചുതുടങ്ങി. ഇത്തരം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത് പാര്‍വ്വതിമാരുടെ പോരാട്ടങ്ങളാണ്.

‘മമ്മൂട്ടിയേയാണോ മോഹന്‍ലാലിനെയാണോ കൂടുതല്‍ ഇഷ്ടം’ എന്ന ചോദ്യത്തിന് ‘അയ്യോ എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്…’ എന്ന മട്ടിലുള്ള ക്ലീഷേ മറുപടികള്‍ നല്‍കി ഒതുങ്ങിക്കൂടിയിരുന്നുവെങ്കില്‍ പാര്‍വ്വതിയ്ക്ക് വിരോധികള്‍ ഉണ്ടാവുകയില്ലായിരുന്നു. പക്ഷേ അങ്ങനെ സകലരെയും പ്രീതിപ്പെടുത്തുന്ന നയതന്ത്രജ്ഞത പാര്‍വ്വതിയില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല.അതുകൊണ്ടാണല്ലോ അവര്‍ വേറിട്ടുനില്‍ക്കുന്നതും.

താന്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണം എന്ന പിടിവാശി പാര്‍വ്വതിയ്ക്കില്ല. വിയോജിപ്പുകളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് അവര്‍. എന്നാല്‍ സൈബര്‍ പോരാളികള്‍ക്ക് മാന്യമായ സംവാദത്തിന് താത്പര്യമില്ലല്ലോ ! പാര്‍വ്വതിയ്ക്കുവേണ്ടി പുതിയ തെറിവാക്കുകള്‍ വരെ കണ്ടുപിടിക്കപ്പെട്ടു.

ഇത്രയൊക്കെയായിട്ടും അവര്‍ മാപ്പ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോയിട്ടില്ല. ഫേസ്ബുക്ക് ലൈവില്‍ വന്ന് കണ്ണുനീര്‍ പൊഴിച്ചിട്ടില്ല. ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുമില്ല. പാര്‍വ്വതി പറഞ്ഞത് ഇങ്ങനെയാണ്-

‘ഫെമിനിച്ചി എന്ന വിളി എനിക്കിഷ്ടമാണ്. കാരണം അതൊരു സത്യമാണ്….! ‘

ഇതല്ലേ പെണ്ണ് ! തെറിവിളിച്ചും വ്യക്തിഹത്യ നടത്തിയും അടക്കിനിര്‍ത്താവുന്ന കാലമൊക്കെ കഴിഞ്ഞു.

പാര്‍വ്വതി എന്ന അഭിനേത്രിയെക്കുറിച്ച്‌ കൂടുതലൊന്നും പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കസബ വിവാദമുണ്ടായ സമയത്ത് പാര്‍വ്വതിയുടെ എതിര്‍പക്ഷത്ത് നിന്ന ഒരാളായിരുന്നു നടന്‍ സിദ്ദിഖ്. ആ സിദ്ദിഖ് പോലും പറയുന്നത് മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വ്വതി എന്നാണ് ! വിമര്‍ശകരെക്കൊണ്ട് കൈയ്യടിപ്പിക്കുമ്ബോഴാണ് ഒരു കലാകാരിയ്ക്ക് മഹത്വം കൈവരുന്നത്.

നമ്മുടെ നാട്ടിലെ പല പെണ്‍കുട്ടികളും ഇളംപ്രായത്തില്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്യപ്പെടാറുണ്ട്. അതില്‍ നിന്ന് പൂര്‍ണ്ണമായും കരകയറാന്‍ പലര്‍ക്കും സാധിക്കാറില്ല. മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ ഒരാളാണ് പാര്‍വ്വതി. പക്ഷേ ഇന്ന് അവര്‍ ഏറ്റവും സക്‌സസ്ഫുള്‍ ആയ ഒരു വനിതയാണ്. ഇതല്ലേ യഥാര്‍ത്ഥ പ്രചോദനം?

ഒരു അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു-‘ഒരുപാട് പേര്‍ എന്നെ തെറിവിളിക്കുന്നുണ്ട്.പക്ഷേ എന്നെ നേരില്‍ക്കണ്ടാല്‍ അവര്‍ അത് ചെയ്യുമോ? എന്റെ മുഖത്ത് നോക്കി തെറിവിളിക്കാനുള്ള ധൈര്യം അവര്‍ക്കുണ്ടോ? സംശയമാണ്….’

അവര്‍ പറഞ്ഞത് സത്യമാണ്. പാര്‍വ്വതിയെപ്പോലൊരു പെണ്ണിന്റെ നേര്‍ക്കുനേരെ നിന്ന് തെറിപറയാനുള്ള കരളുറപ്പൊന്നും ഈ ഓണ്‍ലൈന്‍ ആക്രമണകാരികള്‍ക്കില്ല. ഒരു പെണ്ണ് ആരെയും കൂസാതെ നിവര്‍ന്നുനിന്നാല്‍ തീര്‍ന്നുപോകുന്ന ആത്മവിശ്വാസമേയുള്ളൂ അവര്‍ക്ക്..

അതുകൊണ്ട് അവര്‍ അദൃശ്യരായി നിന്ന് അന്ധകാരം പരത്തും. കൂരിരുട്ടില്‍ ഒരു പ്രകാശനാളമായി പാര്‍വ്വതിമാര്‍ പ്രയാണം തുടരും…

Written by-Sandeep Das

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)