“കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡണ്ട്മാരെ നീക്കം ചെയ്തത് പ്രകോപനം സൃഷ്ടിച്ച് യോജിപ്പിന്റെ സാധ്യത കളെ അട്ടിമറിക്കാൻ” .ഡോ.എൻ ജയരാജ് എംഎൽഎ

Please follow and like us:
190k

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡണ്ട് മാരായ കെജെ ദേവസ്യ (വയനാട്) ടി എം.ജോസഫ്(കോഴിക്കോട്) എന്നിവരെ പുറത്താക്കിയെന്ന വാർത്ത ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്നും ഒരാളെ നീക്കം ചെയ്യുവാൻ ഭരണഘടനാപരമായ നടപടിക്രമങ്ങളുണ്ട് ഇതൊന്നും പാലിക്കാതെ ഗ്രൂപ്പ് രാഷ്ട്രീയത്തിൻറെ പേരിൽ ചിലരുടെ ഒത്താശയോടെ മാണി ഗ്രൂപ്പിൻറെ ജില്ലാ പ്രസിഡൻറ് മാരെ പുറത്താക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് കേരള കോൺഗ്രസ് പാർട്ടിയെ പൊതുജനമധ്യത്തിൽ പരിഹാസ്യമാക്കുന്നതിനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ്.ഇത്തരം പ്രവർത്തിയെ അത്തരത്തിൽ മാത്രമെ കാണുവാൻ കഴിയൂ. യോജിപ്പിന്റെ അന്തരീക്ഷത്തിലേക്ക് എത്തുവാൻ പരമാവധി ശ്രമിക്കണമെന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന വന്ന സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ സമീപനം സ്വീകരിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളോടെയാണെന്ന് വ്യക്തം. കേരള കോൺഗ്രസ് പാർട്ടി ഇതിലും വലിയ പ്രതിസന്ധികളെ അതിജീവിച്ച് കരുത്ത് തെളിയിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. 1969 ൽ കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ശ്രീമതി ഇന്ദിരാഗാന്ധി യോടൊപ്പം കോൺഗ്രസ് പ്രവർത്തകരായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. അന്നത്തെ മുതിർന്ന നേതാക്കൾ മറ്റൊരു ചേരിയിൽ ആയിരുന്നു. പിന്നീട് നടന്ന സംഭവങ്ങൾ ചരിത്രത്തിൻറെ ഭാഗമായി മാറിയത് ഇപ്പോഴത്തെ കേരള കോൺഗ്രസിലെ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏവരും ഓർക്കുന്നത് നന്നായിരിക്കും. കേരള കോൺഗ്രസ് പാർട്ടിയെ ഇന്നത്തെ നിലയിൽ ബഹുജനാംഗീകാരമുള്ള രാഷ്ട്രീയ പ്രസ്ഥാനമാക്കി വളർത്തുന്നതിൽ ആദരണീയനായ നേതാവ് മാണിസാർ വഹിച്ച നേതൃത്വവും പങ്കും കേരളരാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഒരാൾക്കും അവഗണിക്കാനോ വിസ്മരിക്കാനൊ കഴിയുന്നതല്ല. അദ്ദേഹം തന്റെ പുരുഷായുസ്സ് സമർപ്പിച്ച ഈ പ്രസ്ഥാനത്തെ തെരുവിൽ അധിക്ഷേപിക്കുന്നതിനാണ്. അധികാരം സ്വപ്നം കണ്ടുകൊണ്ട് വിരുന്നുകാരായി വന്നു കേറിയവർക്ക് ഈ പാർട്ടിയെ വിട്ടു നൽകില്ലായന്നുംഡോ. ജയരാജ് എംഎൽഎ പറഞ്ഞു. നാഴികയ്ക്ക് നാല്പത് വട്ടം ഭരണഘടനയേയും സമവായത്തേയും കുറിച്ച് പറയുകയും പ്രകോപനപരമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നവരുടെ ഇരട്ടത്താപ്പ് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നതിനും വ്യക്തിഹത്യ ചെയ്യുന്നതിനും ചിലർ പരിശ്രമിക്കുന്നുണ്ട് അത് ഞാൻ സ്വീകരിച്ച രാഷ്ട്രീയ നിലപാട് മൂലമാണ്. അതിൽ വിട്ടുവീഴ്ച വരുത്തുവാനോ പുനർ ആലോചിക്കുവാനോ യാതൊരു ഉദ്ദേശവും ഇല്ല. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉയർച്ച താഴ്ചകളിൽ എന്നും തനിക്ക് ഒരുപക്ഷമെ ഉണ്ടായിരുന്നുള്ളൂ. അത് മാണി സാർ സ്വീകരിക്കുന്ന നിലപാടുകളുടെ പക്ഷമായിരുന്നു. അതിനിയും തുടരും.അധികാരകേന്ദ്രങ്ങളിൽ നിന്നും അകന്നു നിൽക്കുവാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസാണ് യഥാർത്ഥ കേരളകോൺഗ്രസും പാർട്ടിയിലെ ഭൂരിപക്ഷം അണികൾ ഉൾക്കൊള്ളുന്ന പ്രസ്ഥാനവും. എന്റെ നിലപാടും പിന്തുണയും അതിനൊപ്പം ആയിരിക്കും. നവ മാധ്യമങ്ങൾ വഴി യാതൊരു അടിസ്ഥാനവുമില്ലാതെ ആർക്കെതിരെയും എന്തും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാമെന്ന വിചാരം ശരിയല്ല. തനിക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ ചില കേന്ദ്രങ്ങളുടെ ബോധപൂർവ്വമായ ആസൂത്രണത്തിന്റെ ഫലമാണ്. അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്നും ഡോ.എൻ ജയരാജ് എംഎൽഎ പറഞ്ഞു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)