സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ; മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ സാധ്യത

Please follow and like us:
190k

ബര്‍മിങ്ങാം: അതെല്ലാം മറന്നേക്കാം, ചൊവ്വാഴ്ച ജയിക്കാം, സെമിയിലേക്ക് കുതിക്കാം. ലോകകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച ഇന്ത്യ ബംഗ്ലാദേശിനെതിരേ. ഞായറാഴ്ച ഇംഗ്ലണ്ടിനോട് 31 റണ്‍സിന് തോറ്റ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ് ചൊവ്വാഴ്ചയും മത്സരം. ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. പക്ഷേ, ഇന്ത്യയോട് തോറ്റാല്‍ ബംഗ്ലാദേശ് സെമി കാണാതെ പുറത്താകും. അഞ്ച് തുടര്‍വിജയങ്ങളുമായി ലോകകപ്പ് സെമിയുടെ വക്കിലെത്തിനില്‍ക്കേ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് ഇനിയൊരു തോല്‍വി ഉള്‍ക്കൊള്ളാനാകില്ല. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ വന്ന്, അതിനനുസരിച്ച കളി കാഴ്ചവെച്ച ബംഗ്ലാദേശിനും വിട്ടുകൊടുക്കാന്‍ വയ്യ.

ചതിക്കല്ലേ

എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിന്റെ പ്രത്യേകതയും ടോസും ഇംഗ്ലണ്ടിനെതിരായ തോല്‍വിയില്‍ ഒരു കാരണമായതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരുന്നു. ചൊവ്വാഴ്ച ടോസ് തിരിഞ്ഞുവീഴണേയെന്ന് ടീം പ്രാര്‍ഥിക്കുന്നുണ്ടാകും. ഒരു ഭാഗത്ത് ബൗണ്ടറിയിലേക്ക് 59 മീറ്ററും മറുഭാഗത്ത് 82 മീറ്ററും ദൂരമുള്ള ഗ്രൗണ്ടില്‍, ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് അടിച്ചതുപോലെ ഉയര്‍ത്തിയടിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. അവസാന ഘട്ടത്തില്‍ വിക്കറ്റ് അല്‍പ്പം സ്ലോ ആയി. സ്പിന്നര്‍മാര്‍ക്ക് ഒട്ടും ആനുകൂല്യം കിട്ടിയതുമില്ല. ഇതെല്ലാം പരിഹരിച്ചുകൊണ്ടുവേണം ചൊവ്വാഴ്ച ഇറങ്ങാന്‍. ഒരൊറ്റ ദിവസത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പില്‍ ഇന്ത്യ അടുത്ത മത്സരത്തിനിറങ്ങുന്നതും ആദ്യം.

മാറ്റത്തിന് സാധ്യത

ഞായറാഴ്ച എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ ഇന്ത്യയുടെ രണ്ട് സ്പിന്നര്‍മാര്‍ വഴങ്ങിയത് 160 റണ്‍സ്. ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ ആദില്‍ റഷീദ് എറിഞ്ഞത് ആറ് ഓവര്‍ മാത്രം. 44 ഓവറും ഇംഗ്ലണ്ട് പേസര്‍മാരെക്കൊണ്ട് എറിയിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കുപുറമേ മറ്റൊരു പേസറെ പരീക്ഷിക്കാനില്ലാത്തത് കോലിക്ക് തിരിച്ചടിയായി. ഇതുകൂടി പരിഗണിച്ചാകും ചൊവ്വാഴ്ച ഇലവനെ ഇറക്കുക. പരിക്കുമാറിയ ഭുവനേശ്വര്‍ കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേസര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്.

അങ്ങനെയെങ്കില്‍ സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹല്‍ കുല്‍ദീപ് യാദവ് എന്നിവരിലൊരാളെ മാറ്റിനിര്‍ത്തും. രണ്ടാം സ്പിന്നറായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിച്ചേക്കാം. അങ്ങനെയെങ്കില്‍ ആറാമനായ കേദാര്‍ ജാദവും പുറത്താകും. ഇംഗ്ലണ്ടിനെതിരേ നാലാമനായി പരീക്ഷണാടിസ്ഥാനത്തില്‍ ഇറങ്ങിയ ഋഷഭ് പന്തിനെ നിലനിര്‍ത്തുമെന്ന് സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ സൂചന നല്‍കി. ഇംഗ്ലണ്ടിനെതിരേ പൂജ്യത്തിന് പുറത്തായ ലോകേഷ് രാഹുലിനും ചെറിയ അസ്വാസ്ഥ്യമുണ്ട്. ഓപ്പണര്‍ സ്ഥാനത്ത് രാഹുല്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അടുത്ത മത്സരങ്ങളില്‍ മായങ്കിന് നറുക്കുവീഴും.

ബൗളിങ് കരുത്തില്‍ ബംഗ്ലാദേശ്

ഇടംകൈയന്‍ മുസ്താഫിസുര്‍ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനുമാണ് ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന്റെ ചുമതല. ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍, മൊസദേക് ഹുസൈന്‍ എന്നീ മികച്ച സ്പിന്നര്‍മാരുമുണ്ട്. ഇന്ത്യയുടെ പേസര്‍മാരായ ബുംറയും ഷമിയും മികച്ച ഫോമിലാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)