കര്‍ണാടകയില്‍ 10 ഭരണകക്ഷി എംഎല്‍എമാര്‍ രാജിക്കൊരുങ്ങി; അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

Please follow and like us:
190k

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നു. ഏഴ് കോണ്‍ഗ്രസ് എംല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുള്‍പ്പെടെ 10 ഭരണ കക്ഷി പ്രതിനിധികള്‍ രാജിക്കൊരുങ്ങി സ്പീക്കറെ കാണാനെത്തി. അതേ സമയം, ഇവരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശക്തമായ നീക്കങ്ങളുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡി, എച്ച്‌ വിശ്വനാഥ്, പ്രതാപ് ഗൗഡ പാട്ടീല്‍, ബി സി പാട്ടീല്‍, സൗമ്യ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കര്‍ ചേംബറില്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ഇതുവരെ രാജിക്കത്ത് സമര്‍പ്പിക്കാനായിട്ടില്ല.

പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്നും രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുകയും ഒരാഴ്ച മുമ്ബ് കോണ്‍ഗ്രസില്‍ നിന്ന രാജിവയ്ക്കുകയും ചെയ്ത രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ട്. ആനന്ദ് സിങ് എന്ന എംഎല്‍എയും നേരത്തെ രാജിവച്ചിരുന്നു.

എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മന്ത്രി ഡി കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. രാജിക്കൊരുങ്ങിയ എംഎല്‍എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തി. ആരും രാജിവയ്ക്കില്ലെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാവുമെന്നും യോഗത്തിനു മുമ്ബ് ശിവകുമാര്‍ പറഞ്ഞു.

സമവായ ചര്‍ച്ചകള്‍ക്കായി കര്‍ണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിലെ സിദ്ധരാമയ്യ പക്ഷക്കാരായ എംഎല്‍എമാരാണ് സ്പീക്കറെ കാണാനെത്തിയിരിക്കുന്നത്. രാജിവച്ച്‌ സര്‍ക്കാരിനെ വീഴ്ത്തുന്നതിന് പകരം മന്ത്രിസ്ഥാനം നേടിയെടുക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്നും സൂചനകളുണ്ട്.

10 എംഎല്‍എമാരും രാജിവച്ചാല്‍ ഭരണസഖ്യത്തിന്റെ ശക്തി 107 ആയി ചുരുങ്ങും. 105 സീറ്റുകളുള്ള ബിജെപിക്ക് ഭരണം പിടിക്കണമെങ്കില്‍ 15 എംഎല്‍എമാര്‍ രാജിവയ്ക്കണം. ഇവര്‍ കൂടി രാജിവച്ചാല്‍ അഞ്ച് എംഎല്‍എമാരെ കൂടി ബിജെപി ചാക്കിട്ടുപിടിക്കേണ്ടി വരും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)