അന്യഗ്രഹജീവികളുടെ നിഗൂഢകേന്ദ്രം റെഡിയ് ചെയ്യാന്‍ 15 ലക്ഷം പേര്‍, തീക്കളിയെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ സൈന്യം

Please follow and like us:
190k

വാഷിംഗ്‌ടണ്‍: ‘എലിയന്‍സ്’ അല്ലെങ്കില്‍ ‘എക്‌സ്ട്രാ ടെറസ്ട്രിയല്‍’ എന്ന പേരില്‍ അറിപ്പെടുന്ന അന്യഗ്രഹ ജീവികള്‍ എന്നും ശാസ്ത്ര കുതുകികളുടേയും സയന്‍സ് ഫിക്ഷന്‍ ആരാധകരുടെയും ഇഷ്ടവിഷയമായിരുന്നു. അമേരിക്കന്‍ സാഹിത്യത്തിലൂടെയും ചലച്ചിത്രങ്ങളിലൂടെയുമാണ് ഈ അന്യഗ്രഹവാസികള്‍ ആദ്യം നമ്മുടെ ഭാവനകളിലേക്ക് എത്തുന്നത്. ചിലപ്പോള്‍ സൗഹൃദശീലരും, മിക്കപ്പോഴും ദുഷ്ട ജീവികളുമായാണ് സാഹിത്യവും സിനിമയും ഇവയെ ചിത്രീകരിച്ചത്. ഒരുപക്ഷേ, മുഖ്യധാരാ സിനിമയില്‍ അന്യഗ്രഹജീവിയെന്ന സങ്കല്പത്തെ(അതൊരു സങ്കല്പം മാത്രമാണെന്ന് തത്കാലം കരുതാം) ഊട്ടിയുറപ്പിച്ചത് സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ ‘ഇ.ടി, ദ എക്‌സ്ട്രാ ടെറെസ്ട്രിയല്‍’ എന്ന 1982ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. ഇതിന് മുന്‍പും ഈ മട്ടിലുള്ള ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്രയും സാങ്കേതിക തികവോടെ, ഒരു ചിത്രം പുറത്തിറങ്ങിയത് അന്നത്തെ കാലത്ത് വലിയ സംഭവം തന്നെയായിരുന്നു. ഒരു പക്ഷെ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിന്റെ തന്നെ, കൊലയാളി സ്രാവിന്റെ കഥ പറഞ്ഞ, ആദ്യത്തെ അമേരിക്കന്‍ സമ്മര്‍ ബ്ലോക്ക് ബസ്റ്റര്‍ ‘ജാസി’ന് ശേഷം ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. ഈ കാരണം കൊണ്ടുതന്നെയാകണം, സയന്‍സ് ഫിക്ഷന്‍നെന്നും, അന്യഗ്രഹജീവികളെന്നും കേള്‍ക്കുമ്ബോള്‍ ആദ്യം നമ്മുക്ക് ഓര്‍മ വരിക ഇ.ടിയെയാണ്.

എന്നാല്‍ കാര്യങ്ങള്‍ ഫിക്ഷനില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് കരുതാന്‍ വരട്ടെ. ഭൂമിയില്‍ യഥാര്‍ത്ഥത്തില്‍ അന്യഗ്രഹജീവികള്‍ക്കായി ഒരു സങ്കേതമുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? അമേരിക്കയിലെ ഏരിയ 51 ആണിത്. അമേരിക്കയിലെ കസീനോകളുടെ നാടായ നെവാഡ മരുഭൂമിയിലുള്ള അമേരിക്കന്‍ വ്യോമസേനയുടെ താവളമാണിത്. ഇതിനകത്ത് നടക്കുന്ന ഓരോ കാര്യവും അതീവ രഹസ്യമാണ്. ഇക്കാരണം കൊണ്ടാണ് ഇതില്‍ അന്യഗ്രഹ ജീവികളുണ്ടെന്നും അവയുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങളും മറ്റും നടക്കുന്നുണ്ടെന്ന വിശ്വാസം അമേരിക്കന്‍ ജനതയ്ക്കിടയില്‍ ബലപ്പെട്ടത്. ‘ഏരിയ 51’ വിഷയമാക്കി നിരവധി ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. അതും ഈ വിശ്വാസം ബലപ്പെടാന്‍ കാരണമായി. ഈ സങ്കേതത്തിനുള്ളില്‍ എന്താണ് നടക്കുന്നതെന്നും, അതിന് പിന്നിലെ സത്യം കണ്ടെത്താനും നിരവധി പേര്‍ ഏറെ നാളുകളായി ശ്രമിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങി യൂട്യൂബേര്‍സ്‌ വരെയുണ്ട്. എന്നാല്‍ ശക്തമായ സുരക്ഷാ കാരണം ഇവര്‍ക്കാര്‍ക്കും ‘ഏരിയ 51’ന്റെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. തടസങ്ങള്‍ നിരവധി ഉണ്ടായിട്ടും ഈ വ്യോമത്താവളത്തിലെ ‘സത്യങ്ങള്‍’ ജനങ്ങള്‍ക്ക് മുന്പിലെത്തിക്കാന്‍ ഇവര്‍ ഇപ്പോഴും പരിശ്രമിക്കുകയാണ്.

എന്നാല്‍ ഇത്തരത്തില്‍ അന്യഗ്രഹ ജീവികളൊന്നും ‘ഏരിയ 51’ ഫെസിലിറ്റിക്കുള്ളില്‍ ഇല്ലെന്നും വിമാനങ്ങളുടെയും ആയുധങ്ങളുടെയും പരീക്ഷണത്തിനാണ് ഈ താവളം സേന ഉപയോഗപ്പെടുത്തുന്നതെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ രഹസ്യം അറിയുന്നതിന് വേണ്ടിയാണ് ‘സ്റ്റോ ഏരിയ 51, നമ്മള്‍ എല്ലാവരെയും അവര്‍ക്ക് തടയാനാകില്ല’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ക്യാമ്ബയിന്‍ ആരംഭിക്കുന്നത്. ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് ‘ഏരിയ 51’ പിടിച്ചടക്കുക എന്നതായിരുന്നു പദ്ധതി. സംഗതി വെറും തമാശയായിരുന്നു. എന്നാല്‍ യു.എസ് സൈനിക വിഭാഗത്തിന് ഈ തമാശ അത്ര രസിച്ചിട്ടില്ല. ഈ വ്യോമതാവളം റെയ്ഡ് ചെയ്യാനുള്ള എല്ലാ നീക്കത്തെയും സേന ശക്തമായി നിരുത്സാഹപ്പെടുത്തുന്നു എന്ന് സേന ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചുരുക്കത്തില്‍, ഇതിന് ശ്രമിക്കുന്നവരെ അങ്ങനെ ചുമ്മാ വിടില്ല എന്നര്‍ത്ഥം. ഇതോടെ സംഗതി തമാശയാണ് വിശദീകരിച്ചുക്കൊണ്ട് ഏരിയ 51 ‘പിടിച്ചടക്കാന്‍’ വന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. അങ്ങനെ പതുക്കെ സംഭവം കെട്ടടങ്ങുന്ന മട്ടാണ് കാണുന്നത്. എങ്കിലും സംശയങ്ങള്‍ അവസാനിക്കുന്നില്ല. എന്താണ് ഏരിയ 51? അതിനുള്ളില്‍ സത്യത്തില്‍ എന്താണ്? അന്യഗ്രഹജീവികള്‍ ഭൂമിയില്‍ തന്നെ ഉണ്ടോ? എന്താണ് ഭരണകൂടങ്ങള്‍ നമ്മില്‍ നിന്നും ഒളിക്കുന്നത്? ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങള്‍ ഇവയാണ്.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)