ശസ്ത്രക്രിയയ്ക്കുള്ള കുത്തിവയ്പിനെ തുടര്‍ന്നു യുവതി മരിച്ചു; ചികിത്സാപിഴവ്?
കൊച്ചി: ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്നു യുവതി മരിച്ചതായി ആക്ഷേപം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവിന്റെ മരണത്തിലാണു ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്. ചികിത്സാപിഴവാണു മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു.
പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായാണു സിന്ധു ഞായറാഴ്ച ആശുപത്രിയില്‍ എത്തുന്നത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഓപ്പറേഷന് തിയേറ്ററിലേക്കു കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിന്ധു ഗുരുതരാവസ്ഥയിലായ വിവരമാണു ബന്ധുക്കള്‍ക്കു ലഭിക്കുന്നത്. പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചിരുന്നു.
തിയേറ്ററിലേക്കു കൊണ്ടുപോകും മുന്‍പു തനിക്കു നല്കിയ മരുന്ന് മാറിയോയെന്നു സംശയമുണ്ടെന്നു നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായി അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു. വിദേശത്തായിരുന്ന സിന്ധു അടുത്തിടെയാണു നാട്ടില്‍ എത്തിയത്. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Get the latest.