ഐ എന്‍ എക്സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിനു തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല; അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ്

Please follow and like us:
190k

ന്യൂഡെല്‍ഹി:  ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിനു തിരിച്ചടി. അറസ്റ്റ് തടയണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ബുധനാഴ്ച 10.30 മണിവരെ അറസ്റ്റ് ചെയ്യരുതെന്ന് കാട്ടി ചിദംബരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

എന്നാല്‍ ഉടന്‍ ഉത്തരവിറക്കാനാവില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിച്ചത്. തുടര്‍ന്ന് ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിച്ചേക്കും. ഇതേത്തുടര്‍ന്നു കോണ്‍ഗ്രസ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഡെല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. അതിനിടെ ചിദംബരത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച്‌ നില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. നിലവിലെ നീക്കങ്ങളെല്ലാം രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ഡെല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണു ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കം സിബിഐ തുടങ്ങിയിരുന്നു. ഇതിനിടെ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മൂന്നു തവണ ചിദംബരത്തെ തേടി സിബിഐയുടെയും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ചിദംബരത്തിന്റെ വസതിയിലെത്തി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വസതിക്കു മുന്നിലെത്തിയ സംഘം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകുന്നതും കാത്ത് അവിടെ തന്നെ തുടരുകയാണ്.

അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതിനാല്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ മുന്‍പാകെയാകും സിബിഐയുടെയും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ അറസ്റ്റ് ചെയ്യാനുള്ള ആവശ്യം ഉന്നയിക്കുക. ചിദംബരത്തിന്റെ ആവശ്യത്തെ സുപ്രീം കോടതിയിലും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും എതിര്‍ക്കും.

ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സംഘങ്ങള്‍ ജോര്‍ബാഗിലെ വസതിയിലെത്തിയെങ്കിലും ചിദംബരം ഇല്ലാത്തതിനാല്‍ മടങ്ങി. രാത്രി 12 മണിയോടെ വീണ്ടും ചിദംബരത്തിന്റെ വസതിയിലെത്തിയ സിബിഐ സംഘം രണ്ടു മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച്‌ വസതിക്ക് പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു. 

ഇതോടെ ഏതു നിയമ പ്രകാരമാണ് രണ്ടു മണിക്കൂറിനുള്ളില്‍ ഹാജരാകണമെന്ന് കാട്ടി ചിദംബരത്തിന്റെ വസതിക്കു മുന്നില്‍ നോട്ടീസ് പതിച്ചതെന്ന് ചോദിച്ച്‌ ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദിപ് സിങ് ഖുറാന രംഗത്തെത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നതു വരെ ഇത്തരം നീക്കങ്ങള്‍ പാടില്ലെന്ന നിലപാട് സിബിഐയെ അറിയിച്ചതായും ഖുറാന മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

കോടതിയുടെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കില്‍ ഏജന്‍സികള്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. മുന്‍കൂര്‍ ജാമ്യം ഇല്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണമെങ്കിലും നീട്ടണമെന്ന ആവശ്യവും കോടതിയുടെ മുമ്ബാകെ ചിദംബരം ഉന്നയിച്ചേക്കും.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)