സീറോ-മലബാര്‍ സഭയുടെ ഭരണം മാര്‍ പാപ്പ നേരിട്ട് നടത്താന്‍ സാധ്യത.

Please follow and like us:
190k

സീറോ-മലബാര്‍ സഭയുടെ ഭരണം മാര്‍ പാപ്പ നേരിട്ട് നടത്താന്‍ സാധ്യത.


തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല സിനഡ് റോമിന് വിട്ടേക്കും.


എറണാകുളം : കത്തോലിക്ക സഭയിലെ വിമതര്‍ക്കെതിരെയുള്ള നടപടികളും പുറത്താക്കപ്പെട്ട സഹായ മെത്രാന്മാരുടെ പുതിയ നിയമനങ്ങളും ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ സഭാ സിനഡ് റോമിനെ എല്‍പ്പിക്കുവാന്‍ സാധ്യത. വിമത വൈദീകരുടെ നേതൃത്വത്തിലുള്ള സമ്മര്‍ദ്ദതന്ത്രം ഏറുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സിനഡിനെ നയിക്കുന്നത്. സീറോമലബാര്‍ സഭയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു ഏതാണ്ട് രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നോളം സിനഡ് യോഗങ്ങള്‍ ഉണ്ടായെങ്കിലും ഫലപ്രദമായ നടപടികള്‍ എടുക്കുവാനോ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനോ ബിഷപ്പുന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല.
എറണാകുളം-അംഗമാലി അതിരൂപതയുടെ അഡ്മിനിസ്റ്റേറ്റര്‍ നിയമനവും നേരത്തെ തന്നെ സിനഡ് ബിഷപ്പുമാര്‍ റോമിന് കൈമാറിയിരുന്നു. കൂടാതെ രൂപതയിലെ വിഷയങ്ങളില്‍ അന്വേഷണം നടത്തിയതും നടപടി ഉണ്ടായതും റോമില്‍ നിന്നുമാണ്. എന്നാല്‍ മാര്‍ പാപ്പ നേരിട്ട് എടുത്ത തീരുമാനങ്ങള്‍ പോലും വിമത വിഭാഗം മുഖവിലയ്ക്കെടുക്കാത്ത സാഹചര്യത്തില്‍ സീറോമലബാര്‍ സഭയുടെ ബിഷപ്പുമാര്‍ക്ക് മുകളില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉള്ളത്. സിനഡ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഭാ തലവനായ കര്‍ദിനാള്‍ ആലഞ്ചേരിക്കും മറ്റു ബിഷപ്പുമാര്‍ക്കും എതിരെ വധഭീഷണി ഉണ്ടെന്ന വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അശാന്തമായ സാഹചര്യത്തില്‍ സഭയുടെ സിനഡ് താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യുവാനും സീറോമലബാര്‍ സഭയുടെ അധികാരം ഒരു അപ്പോസ്തോലിക് വികാരി മുഖേന മാര്‍ പാപ്പ നേരിട്ട് നടത്തുവാനും സാധ്യതയുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഈ കാര്യത്തില്‍ റോമിലുള്ള സീറോമലബാര്‍ വൈദീകരും തങ്ങളുടേതായ ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
പൌരസ്ത്യ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലിയര്‍ണാദോ സാന്ദ്രി പൌരസ്ത്യ കത്തോലിക്ക സഭകള്‍ക്ക് വേണ്ടിയുള്ള ഒറിയന്‍റല്‍ കോണ്‍ഗ്രഗേഷന്‍ തലവനായി ഉടനെ സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ അദ്ദേഹം സീറോമലബാര്‍ സഭയുടെ അപ്പോസ്തോലിക് വികാരിയാകുവാനാണ് സാധ്യത. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായുള്ള സൌഹൃദവും വിമതര്‍ക്കെതിരായുള്ള കര്‍ദിനാള്‍ സാന്ദ്രിയുടെ നിലപാടുകളും സീറോമലബാര്‍ ബിഷപ്പുമാര്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കും. നേരത്തെ വിമത വിഭാഗത്തെകുറിച്ചു അന്വേഷണം നടത്തി മാര്‍പാപ്പയ്ക്കു മുന്‍പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കര്‍ദിനാള്‍ സാന്ദ്രിയുടെ നേതൃത്വത്തിലായിരുന്നു.
അപ്പോസ്തോലിക് വികാരിയെ നിയമിക്കുകയാണങ്കില്‍ മെത്രന്മാര്‍ അതാത് രൂപതകളിലെ ആത്മീയ അദ്ധ്യക്ഷന്‍മാരായി മാത്രം തുടരും. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സഭയുടെ മുഴുവന്‍ ആത്മീയ അദ്ധ്യക്ഷനായി മാത്രം തുടരുകയോ അല്ലങ്കില്‍ പുതിയ പൌരസ്ത്യ തിരുസംഘം തലവനായി റോമിലേക്ക് പോവുകയോ ചെയ്യാം.
സ്വന്തം സഭാതലവന് പകരം അപ്പോസ്തോലിക് വികാരി മുഖേനയുള്ള മാര്‍പാപ്പയുടെ ഭരണം കല്‍ദായ ആഭിമുഖ്യമുള്ള തെക്കന്‍ മേഖലയിലെ വിശ്വാസികളും വൈദീകരും എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക പലഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്തായാലും അപ്പോസ്തോലിക് വികാരി ഫലത്തില്‍ പാത്രിയാര്‍ക്കല്‍ അധികാരങ്ങളോടു കൂടിയ ഒരു ഭാരണാധികാരി ആയിരിക്കുമെന്നും മാര്‍പാപ്പയുടെ ഭരണം ശാശ്വതമായ പരിഹാരത്തിലേക്കാകും സീറോമലബാര്‍ സഭയെ നയിക്കുകയെന്നും പല വൈദീകരും പ്രതീക്ഷിക്കുന്നു.

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)