ജോസഫ് ഗ്രൂപ്പിൽ പ്രതിസന്ധി മൂർഛിക്കുന്നു

Please follow and like us:
190k

നേതാക്കന്മാരുടെ അതിപ്രസരം മൂലം കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പ്രതിസന്ധി മൂർഛിക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

ചെയർമാൻ സ്ഥാനം കീറാമുട്ടി

സി.എഫ് .തോമസിന് ചെയർമാൻ സ്ഥാനം നൽകാം എന്ന വാഗ്ദാനം നൽകിയാണ് പിജെ ജോസഫും മോൻസ് ജോസഫും അദ്ദേഹത്തേ മാണിഗ്രൂപ്പിൽ നിന്ന് അടർത്തിയെടുത്തത് .കൂടാതെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് ഇഷ്ടുമുളളയാൾക്ക് ചങ്ങനാശേരി സീറ്റും .


ഇതിൽ സി.എഫിനെ ചെയർമാൻ ആക്കും എന്ന് പിജെ ജോസഫ് പരസ്യമായി വ്യക്തമാക്കിയതും ആണ് .എന്നാൽ ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ ഒരുറപ്പു നൽകാത്തത് സിഎഫ് തോമസിനെ നിരാശനാക്കുന്നു . ജോസഫിന്റെ മനസിൽ തന്റെ വിശ്വസ്ഥൻ വി.ജെ . ലാലിയാണ് . അത് ജോസഫ് പരസ്യമായി പറയുന്നില്ലായെങ്കിലും ജോസഫിന്റെ മനസിലിരുപ്പ് സിഎഫ് അറിഞ്ഞിട്ടുണ്ട് .മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ജോബ് മൈക്കിൾ ചങ്ങനാശേരി സീറ്റിന് സമ്മർദ്ദം ചെലുത്തിയപ്പോൾ അടുത്ത തവണ കൊടുക്കാമെന്ന് പെരുന്തോട്ടം പിതാവിനോട് സിഎഫ് തന്നെ പറഞ്ഞിട്ടുളളതുമാണ് . തനിക്ക് വാഗ്ദാനം ചെയ്ത ചെയർമാൻ സ്ഥാനം നീട്ടിക്കൊണ്ടു പോകുന്നതിൽ അദ്ദേഹം അസ്വസ്ഥനാണ് . കേസുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടുകളും അനുകൂലമായിട്ടും പുതിയ ചെയർമാനെ തിരഞ്ഞെടുക്കാത്തതിൽ സിഎഫ് അനുകൂലികൾ പ്രതിഷേധത്തിലാണ് . ജോസഫ് തന്നെ അവസാനം ചെയർമാനാകും എന്ന് അവർ സംശയിക്കുന്നു . പഴയ മാണിഗ്രൂപ്പിലെ ചങ്ങനാശേരിയിൽ നിന്നുളള ചിലരല്ലാതെ ആരും തനിക്ക് ഇക്കാര്യത്തിൽ സപ്പോർട്ട് തരാത്തതിലും സിഎഫിന് വിഷമമുണ്ട് .സിഎഫിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നത് ജോസഫ് ഗ്രൂപ്പിലെ ചിലർ കാത്തിരിക്കുന്നു എന്നും ജോസ് കെ മാണിയെ വെട്ടാൻ തന്നെ കരുവാക്കുകയായിരുന്നുവെന്നും സിഎഫിനോടടുപ്പമുളളവർ കരുതുന്നു .

എവിടുന്ന് കൊടുക്കും സീറ്റുകൾ?

മാണി ഗ്രൂപ്പിൽ നിന്ന് പ്രമുഖ നേതാക്കൾ ജോസഫിലേക്ക് കാല്മാറി പോയത് നിയമ സഭാ സീറ്റ് എന്ന ഒറ്റ ലക്ഷ്യത്താലാണ് തോമസ് ഉണ്ണിയാടൻ , വിക്ടർ ടി തോമസ് , സജി മഞ്ഞക്കടമ്പൻ എന്നിവരാണ് അവർ. സജി പൂഞ്ഞാറോ ഏറ്റുമാനൂരോ വേണമെന്ന് പറയുമ്പോൾ വിക്ടറിന് തിരുവല്ലയും ഉണ്ണിയാടന് ഇരിങ്ങാലക്കുടയും വേണം .മാണിഗ്രൂപ്പിൽ നിന്ന് കാല് മാറിയ ജോയി അബ്രാഹമിന് തന്റെ ജനപിന്തുണയുടെ കാര്യത്തിൽ ഉത്തമ ബോദ്ധ്യം ഉളളതിനാൽ നിയമ സഭാ സീറ്റ് വേണ്ട പകരം രാജ്യ സഭാ സീറ്റ് മതി .മാണിഗ്രൂപ്പിലായിരുന്നപ്പോൾ വീണ്ടും രാജ്യസഭാ സീറ്റ് അദ്ദേഹം മോഹിച്ചിരുന്നു എന്ന് പരസ്യമായി വ്യക്തമാക്കിയതുമാണ് .
പക്ഷേ പിജെ ജോസഫ് ഇവർക്കാർക്കും സീറ്റിന്റെ കാര്യത്തിൽ ഒരു വാഗ്ദാനവും കൊടുത്തിട്ടില്ല . ജോസഫ് M പുതുശേരി മാണിഗ്രൂപ്പിൽ നിൽക്കുന്നതിനാൽ മാത്രം ജോസഫിൽ ചേർന്ന വിക്ടറിൽ മോൻസ് അടക്കമുളളവർക്ക് സംശയമുണ്ട് . വിക്ടറിനെ പല രഹസ്യ മീറ്റിംഗുകളിലും വിളിക്കാറുമില്ല . കഴിഞ്ഞ തവണ തിരുവല്ലായിൽ പുതുശേരിയാണ് മത്സരിച്ചത് അത് ഇത്തവണയും തിരുവല്ല പുതുശേരി കൊണ്ട് പോകും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് അറിവ് . അതിൽ വിക്ടർ തീർത്തും നിരാശനാണ് .
ഇരിങ്ങാലക്കുട സീറ്റ് ഒരു പ്രശ്നവുമില്ലാതെ കിട്ടുമെന്നാണ് തോമസ് ഉണ്ണിയാടൻ വിചാരിക്കുന്നത് .എന്നാൽ ജോസഫിന്റെ മനസിലിരുപ്പ് ഫ്രാൻസിസ് ജോർജിനെ ജോസഫ് ഗ്രൂപ്പിലേക്ക് കൊണ്ട് വന്ന് അവിടെ മത്സരിപ്പിക്കാനാണ് .


പൂഞ്ഞാറോ ഏറ്റുമാനൂരോ ജോസ് കെ മാണി ഉറപ്പു കൊടുക്കാത്തതിൽ ജോസഫ് ഗ്രൂപ്പിൽ ചേർന്ന സജി കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കൊണ്ട് തൃപ്തനാകേണ്ടിവരും . രണ്ടു സീറ്റും തങ്ങൾക്ക് മത്സരിക്കാൻ കിട്ടില്ല എന്ന് ജോസഫിനും ബോദ്ധ്യമുണ്ട് . കൂടാതെ യുഡിഎഫിൽ നിന്ന് ഏതെങ്കിലും പുതിയ സീറ്റുകൾ ജോസഫ് വാങ്ങിച്ചെടുക്കും എന്ന് ഒരു ജോസഫ് അനുകൂലി പോലും കരുതുന്നില്ല . മാണിസാറിന്റെ കാലത്ത് അദ്ദേഹം യുഡിഎഫിൽ സമ്മർദ്ദം ചെലുത്തി മേടിച്ചു കൊടുത്ത സീറ്റുകളല്ലാതെ പിജെ ജോസഫ് സ്വന്തം നിലയിൽ ഒരു സീറ്റ് പോലും സ്വന്തം അനുയായികൾക്ക് വാങ്ങി കൊടുത്തിട്ടില്ല .

പാഴായിപ്പോയ ലയന നീക്കം

ഇടതുമുന്നണിയിൽ നിന്ന് ജനാധിപത്യ കേരളാ കോൺഗ്രസിനെ ജോസഫ് ലയിപ്പിക്കാനുളള നീക്കം നടത്തിയെങ്കിലും ജനാധിപത്യ കേരളാ കോൺഗ്രസിലും മോൻസിന്റെ നേതൃത്വത്തിലും നടന്ന എതിർപ്പിനെ തുടർന്ന് ആ നീക്കം നടക്കാതെ പോയി . ഫ്രാൻസിസ് ജോർജ് തിരികെ ജോസഫിലേക്ക് വരുന്നത് ജോസഫിന് ശേഷം നേതൃസ്ഥാനം മോഹിക്കുന്ന മോൻസിന് സുഖിക്കുന്ന പണിയല്ല,
അതുപോലെ ജനാധിപത്യ കേരളാ കോൺഗ്രസിലെ പിസി ജോസഫ് ഒഴികെയുളളവർക്ക് ജോസഫിൽ ലയിക്കുന്നതിനോട് ഒരു താൽപര്യവുമില്ല . മാത്രവുമല്ല അടിക്കടിയുളള മുന്നണിമാറ്റം തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അവർ കരുതുന്നു . കൂടാതെ തങ്ങളെല്ലാം ജോസഫിലേക്ക് വന്നാൽ എവിടുന്ന് മത്സരിക്കാൻ സീറ്റുകൾ ? പാർട്ടിയിലെ സ്ഥാനങ്ങൾ എങ്ങനെ വിഭജിക്കും ഇക്കാര്യത്തിലൊന്നും ജോസഫിന് വ്യക്തമായ ഉത്തരവും ഇല്ലായിരുന്നു . യുഡിഎഫിലായിരുന്നപ്പോൾ ഫ്രാൻസിസ് ജോർജിന് ഇടുക്കി പാർലമെന്റ് സീറ്റോ പിന്നീട് നടന്ന നിയമസഭയിൽ സീറ്റുകളോ വാങ്ങിത്തരാൻ മെനക്കടാതിരുന്ന ജോസഫ് സ്വന്തം കാര്യത്തിന് വേണ്ടി കോട്ടയം പാർലമെന്റ് സീറ്റിലും തീരെ അർഹതയില്ലാത്ത പാലാ സീറ്റിലും ചെലുത്തിയ സമ്മർദ്ദം ഫ്രാൻസിസ് ജോർജിനേയും കൂട്ടരെയും ഞെട്ടിച്ചിട്ടുണ്ട് . ജോസഫ് ഇപ്പോൾ നടത്തിയ ശ്രമങ്ങളുടെ പത്തിലൊന്ന് നടത്തിയിരുന്നേൽ തങ്ങൾക്ക് യുഡിഎഫ് വിടേണ്ടി വരുമായിരുന്നില്ല എന്ന് ചോദ്യത്തിന് പി.ജെ. ജോസഫിന് ഉത്തരമില്ല . തന്നോട് വലിയ വിരോധം ഇല്ലാത്ത ഫ്രാൻസിസ് ജോർജിനെ മാത്രമായി ജോസഫ് ഗ്രൂപ്പിൽ കൊണ്ടു വരാൻ ജോസഫ് നടത്തിയ ശ്രമവും പാളി .തന്നോടൊപ്പം നിൽക്കുന്നവരെ തളളിപ്പറയാൻ ഇല്ല എന്നാണ് ഫ്രാൻസിസ് ജോർജിന്റെ നിലപാട് .

ഇനിയെന്ത് ?

ചെയർമാൻ തിരഞ്ഞെടുപ്പ് പരമാവധി നീട്ടി കൊണ്ട് പോവുക .അനുകൂല സാഹചര്യം വരുമ്പോൾ ചെയർമാനാകുക എന്നാണ് ജോസഫിന്റെ മനസിലിരുപ്പ് . ജോസഫിന് ശേഷം ചെയർമാൻ സ്ഥാനം മോഹിക്കുന്ന മോൻസിനും അതാണ് താൽപര്യം . ജോസഫ് പരമാവധി ഒരു ടേമേ ആക്ടീവ് പൊളിറ്റിക്സിൽ ഉണ്ടാവൂ എന്ന് മോൻസിന് അറിയാം .സിഎഫ് ചെയർമാനായിൽ നിർണായക സ്ഥാനങ്ങളിൽ ഉണ്ണിയാടനെയോ വിക്ടറിനെയോ പ്രതിഷ്ടിക്കും എന്ന് മോൻസിന് ഭയമുണ്ട് .അതിനാൽ മോൻസാണ് ചെയർമാൻ തിരഞ്ഞെടുപ്പ് പരമാവധി നീട്ടാൻ പിജെയെ ഉപദേശിക്കുന്നത് . കൂടാതെ പിജെയുടെ മകൻ അപു രാഷ്ട്രീയത്തിൽ ഇറങ്ങരുത് എന്നും മോൻസിന് നിർബന്ധമുണ്ട് . തൊടുപുഴയിൽ നിന്നുളള ജോസഫ് പ്രമുഖർക്ക് സീറ്റ് മോഹം നൽകി അപുവെനെ മുളയിലെ നുളളാനും ശ്രമങ്ങൾ നടക്കുന്നു .

വെല്ലുവിളികൾ

ജോസഫ് ഗ്രൂപ്പിന്റെ ഇപ്പോളത്തെ മുഖമുദ്ര ജോസ് കെ മാണി വിരോധം മാത്രമാണ് . ജോസ് കെ മാണിയോട് വിരോധമുളളവരുടെ ഒരു പ്ലാറ്റ്ഫോം . ഈ നിലയിൽ എങ്ങനെ മുന്നോട്ട് പോകും എന്ന് ജോസഫ് ഗ്രൂപ്പിലെ ചില നേതാക്കൾക്ക് സംശയമുണ്ട് . മാണി വിരോധം മാത്രം മുഖമുദ്രയാക്കിയ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ ഇപ്പോളത്തെ അവസ്ഥ അവർ ചൂണ്ടിക്കാണിക്കുന്നു . ജോസഫിനും ഗ്രൂപ്പ് നേതാക്കൾക്കും പത്ര സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും പറയാനുളളത് ജോസ് കെ മാണി വിരോധം മാത്രമാണ് . അങ്ങനെ ഏകലക്ഷ്യ പാർട്ടിയായി മുന്നോട്ട് പോയാൽ പാർട്ടി നശിക്കും എന്ന് അവർ ജോസഫിന് മുന്നറിയിപ്പ് കൊടുക്കുന്നു .

Facebook Comments
Please follow and like us:
190k

 

Did you enjoy the blog?
Like me!

Get the latest.

Enjoy this news portal? Please spread the word :)